മൈതാനമില്ലെങ്കിലും കുഴപ്പമില്ല; വീട്ടിലെ മുറി മതി കളിക്കാൻ: 'മുത്താണ് വിജയൻ'

വീട്ടിലെ മുറി ൈമതാനമാക്കി ഫുട്ബോള്‍താരം ഐ.എം.വിജയന്‍. മകന്‍ ആരോമലിനോടൊപ്പം വീടിനകത്ത് ഫുട്ബോള്‍ തട്ടിയാണ് കോവിഡ് പ്രതിരോധിക്കാലം വിജയന്‍ കഴിച്ചുക്കൂട്ടുന്നത്.  

സാധാരണ ദിവസങ്ങളില്‍ തൃശൂര്‍ കോര്‍പറേഷന്‍ മൈതാനത്താണ് ഐ.എം.വിജയന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പന്തുകളിക്കാറുള്ളത്. കോവിഡ് ലോക് ഡൗണ്‍ കാരണം പുറത്തിറങ്ങാന്‍ കഴിയാത്തതിനാല്‍ മൈതാനത്തെ കളി ഉപേക്ഷിച്ചു. ദിവസവും ഫുട്ബോള്‍ കളിച്ചില്ലെങ്കില്‍ എന്തോ കുറവ് ജീവിതത്തില്‍ സംഭവിച്ചെന്ന് തോന്നും. ആ കുറവ് തീര്‍ക്കാനാണ് മകന്‍ ആരോമലിനേയും കൂട്ടി വിജയന്‍ വീടിനകത്തു പന്തു തട്ടുന്നത്. പ്രതിദിനം പലനേരം ഇങ്ങനെ കളിക്കും. അച്ഛന്റേയും മകന്റേയും വീടിനകത്തെ ഫുട്ബോള്‍ കളി വിജയന്റെ മകള്‍ അഭിരാമിയാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തതോടെ അങ്ങ് കൊല്‍ക്കത്തയിലെ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായി.  

തൃശൂര്‍ ചെമ്പൂക്കാവിലെ വീട്ടിലാണ് വിജയന്‍ കുടുംബസമേതം താമസിക്കുന്നത്. പൊലീസില്‍ ഇന്‍സ്പെക്ടര്‍ റാങ്കിലാണ് നിലവില്‍ ജോലി ചെയ്യുന്നത്. കേരള പൊലീസ് ഫുട്ബോള്‍ ടീമിനൊപ്പമാണ് ഡ്യൂട്ടി. കോവിഡ് ലോക് ഡൗണ്‍ തീര്‍ന്നിട്ടു വേണം മൈതാനത്തെ കളി പുനരാരംഭിക്കാനെന്ന് വിജയന്‍ പറയുന്നു.