കോവിഡ് കൂടുന്നു; തുടർച്ചയായ അഞ്ചു ദിവസവും ആയിരത്തിലേറെ രോഗികള്‍

സംസ്ഥാനത്ത് കോവിഡ് കണക്കുകൾ വീണ്ടും കുതിച്ചുയരുന്നു. തുടർച്ചയായ അഞ്ചു ദിനങ്ങളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. 10 ദിവസത്തിനുളളിൽ 135 മരണം സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ എഴുപതിനായിരത്തിനടുത്തെത്തി.   

പത്തു ദിവസത്തിനുള്ളിൽ രോഗ സ്ഥിരീകരണ നിരക്ക് ഇരട്ടിയായി. ഏപ്രിൽ രണ്ടാം വാരം 200 നു താഴെയെത്തിയ പ്രതിദിന രോഗബാധിതരുടെ എണ്ണം ഇന്നലെ 1544ലെത്തി. 11.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതു വരെ 65 ലക്ഷത്തിലേറെ പേർ രോഗബാധിതരായി. നിലവിൽ 7972 പേരാണ് ചികിത്സയിലുള്ളത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് രോഗബാധിതരുടെ എണ്ണമുയരുന്നത്. പരിശോധനകളുടെ എണ്ണം പതിനയ്യായിരത്തിൽ താഴെയാണ്. 

മേയ് 26 മുതൽ ഇന്നലെ വരെ 135 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കിൽ ഇതുവരെ 69790 പേരാണ് കോവിഡിന് കീഴടങ്ങിയത്. കോവിഡിനെതിരെ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകി. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും രേഖപ്പെടുത്തുന്ന കേരളത്തിന്  കേന്ദ്ര ആരോഗ്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.