പോസ്റ്റുകള്‍ അപ്രത്യക്ഷം; ആശങ്ക പങ്കുവെച്ച് കോലിയും താരങ്ങളും; ആർസിബിക്ക് എന്തുപറ്റി?

ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ചിത്രങ്ങൾ അപ്രത്യക്ഷമായതിൽ ആശ്ചര്യം പ്രകടിപ്പിച്ച് താരങ്ങൾ. ക്യാപ്റ്റൻ വിരാട് കോലിയും എബി ഡി വില്ലിയേഴ്സും അടക്കമുള്ള താരങ്ങൾ പേജിനെന്ത് പറ്റിയെന്ന ചോദിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ സീസണിന് മുന്നോടിയായി ടീം വലിയ മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയാണിത്. 

''എല്ലാ പോസ്റ്റുകളും നീക്കം ചെയ്യപ്പെട്ടു. എന്നാൽ ക്യാപ്റ്റനെ അറിയിച്ചിട്ടില്ല. എന്തെങ്കിലും സഹായം വേണമെങ്കിൽ അറിയിക്കുക'' - റോയൽ ചലഞ്ചേഴ്സ് ടീമിനെ ടാഗ് ചെയ്ത് കോലി കുറിച്ചു. ടീമിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലെ പ്രൊഫൈൽ ചിത്രങ്ങളടക്കം കാണാനില്ല. 

ഇൻസ്റ്റഗ്രാമിൽ നിന്നുൾപ്പെടെ പോസ്റ്റുകൾ അപ്രത്യക്ഷമായതിന്റെ ആശങ്കയാണ് യുസ്‌വേന്ദ്ര ചഹൽ പങ്കിട്ടത്. നമ്മുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് എന്തുപറ്റിയെന്നായിരുന്നു എബി ഡി വില്ലിയേഴ്സിന്റെ ചോദ്യം. നയപരമായ ഇടവേളയെന്ന് കരുതുന്നു എന്നും താരം കുറിച്ചു. 

താരങ്ങൾക്കൊപ്പം ഐപിഎല്ലിലെ മറ്റ് ടീമംഗങ്ങളും ആർസിബിയെക്കുറിച്ച് തിരക്കി ട്വീറ്റ് ചെയ്തിട്ടുണ്ട്. റീബ്രാൻഡിങ്ങിന് തയ്യാറെടുക്കുകയാണെങ്കിൽ സഹായിക്കാമെന്ന് ഡൽഹി ക്യാപിറ്റൽസ് കുറിച്ചു. സൺറൈസേഴ്സ് ഹൈദരാബാദും കാര്യം തിരക്കിയിട്ടുണ്ട്. 

2020 സീസണിന് മുന്നോടിയായി ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് മുത്തൂറ്റ് ഫിൻകോർപ് ആർസിബിയുടെ ടൈറ്റിൽ സ്പോസർമാരായി കരാർ ഒപ്പിട്ടത്. മൂന്ന് വർഷത്തെ കരാർ ആണിത്. ഐപിഎല്ലിൽ ഏറെ ആരാധകരുള്ള ടീമാണ് ആർസിബി.