ധോണി ഒരു 'ധബാങ് സ്റ്റാർ'; ഇഷ്ടതാരമെന്ന് സൽമാൻ ഖാൻ

എംഎസ് ധോണി തന്നെയാണ് തന്റെ പ്രിയ ക്രിക്കറ്റ്താരമെന്ന് ബോളിവുഡിന്റെ സ്വന്തം സല്ലുഭായ്. ധബാങ്–3 യുടെ പ്രമോഷനിടയിലാണ് ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ധോണിയാണെന്ന് സൽമാൻ വെളിപ്പെടുത്തിയത്. അദ്ദേഹം ഒരു ധബാങ് പ്ലേയറാണ് (ധീരനായ കളിക്കാരൻ) എന്നായിരുന്നു ഇഷ്ടത്തിന് കാരണമായി താരം ചൂണ്ടിക്കാട്ടിയത്. കേദാർ ജാദവുമായും തനിക്ക് അടുത്ത സൗഹൃദമുണ്ടെന്നും സൽമാൻ വെളിപ്പെടുത്തി. 

ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ടതോടെ ടീമിൽ നിന്ന് സ്വയം ഒഴിഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം ക്യാപ്റ്റൻ കൂൾ. വിൻഡീസിനെതിരായ പരമ്പരയിൽ ധോണി തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ട്വന്റി–20 ലോകകപ്പിൽ ധോണി കളിക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 38 കാരനായ ധോണി വിരമിക്കണമെന്ന് മുറവിളി ഉയരുന്നതിനിടയിലാണ് താരം ടീമിലേക്ക് മടങ്ങിയെന്നുമെന്ന തരത്തിൽ വാർത്തകൾ വരുന്നത്. 

ധോണിക്ക് പകരക്കാരായി കണ്ടെത്തിയ പന്ത് നിർണായക ഘട്ടങ്ങളിൽ ഫോമില്ലാതെ ഉഴലുന്നതാണ് ടീമിന് വലിയ തലവേദന സൃഷ്ടിക്കുന്നത്. പന്തിന് പ്രതീക്ഷകളുടെ അമിതഭാരം കൊണ്ടാണ് കളി പുറത്തെടുക്കാൻ സാധിക്കാത്തതെന്നും വെറുതേ വിടണമെന്നും കോലിയും കോച്ചും ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ട്വന്റി–20 ക്ക് മുമ്പ് പന്തിന് ഫോമിലേക്ക് മടങ്ങിവരാൻ കഴിയാതിരുന്നാൽ ധോണിയെ വിളിക്കുകയേ വഴിയുള്ളൂവെന്നും റിപ്പോർട്ടുകളുണ്ട്.