അന്ന് തകർത്തടിക്കാനായില്ല; നിരാശനായി; രോഹിത്തിനോട് തുറന്നു പറഞ്ഞ് പന്ത്

വിചാരിച്ചത് പോലെ ടീമിനായി സ്കോർ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ നിരാശനാകാറുണ്ടെന്ന് റിഷഭ് പന്ത്.വല്ലാത്ത അസ്വസ്ഥത ഉണ്ടാകുമെങ്കിലും ഇതെല്ലാം കളിയുടെ ഭാഗമാണെന്ന് കരുതി അടുത്ത മത്സരത്തിൽ നന്നായി കളിക്കാൻ ശ്രമിക്കാറുണ്ടെന്നും പന്ത് പറഞ്ഞു. ബിസിസിഐ ടിവിക്ക് വേണ്ടി വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയോട് സംസാരിക്കവേയാണ് പന്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. 

വിൻഡീസിനെതിരായ ആദ്യ രണ്ട് ട്വന്റി-20 കളിൽ തിളങ്ങാൻ പന്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ അതിന്റെ കൂടെ കുറവ് തീർത്താണ് നാല് ഫോറും നാല് സിക്സുമടക്കം 42 ബോളിൽ നിന്ന് 65 റൺസ് നേടി മൂന്നാം മത്സരത്തിൽ വിജയശിൽപ്പിയായത്. 

ക്യാപ്റ്റൻ കോലിയുമായി ചേർന്ന് പടുത്തുയർത്തിയ 106 റൺസ് കൃത്യമായ പ്ലാനിങിന്റെ ഫലമായിരുന്നുവെന്നും പന്ത് വെളിപ്പെടുത്തി. അവസാന ഏഴെട്ട് ഓവറുകൾ അടിച്ച് കളിക്കാനായിരുന്നു കോലിയുടെ നിർദ്ദേശമെന്നും പന്ത് പറയുന്നു.

മോശം പ്രകടനങ്ങൾ ഉണ്ടാകുമ്പോഴും മനസ് പറയുന്നത് കേട്ട് മുന്നോട്ട് പോവുകയാണ് ചെയ്യാറുള്ളത്. ചിലപ്പോൾ സമ്മർദ്ദത്തിലായി പോകാറുണ്ട്. മറ്റ് ചിലപ്പോൾ എളുപ്പത്തിൽ അത്തരം സന്ദർഭങ്ങളെ മറികടക്കും. ടീമംഗങ്ങൾ തരുന്ന പിന്തുണയും ആത്മവിശ്വാസവും വളരെ വലിയതാണെന്നും പന്ത് കൂട്ടിച്ചേർത്തു.