പന്തിന് സെ‍ഞ്ചുറി; ഹാർദിക്കും കസറി; ഇന്ത്യക്ക് ജയം; പരമ്പര

ഋഷഭ് പന്തിന്റെ സെ‍ഞ്ചുറി കരുത്തില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ടീം ഇന്ത്യയ്ക്ക്. ഓള്‍ഡ് ട്രാഫോഡ് ഏകദിനത്തില്‍ അഞ്ചുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ മിന്നും ജയം. 260 റണ്‍സ്  പിന്തുടര്‍ന്ന ഇന്ത്യ നാല്‍പത്തിമൂന്നാം ഓവറില്‍ ലക്ഷ്യം മറികടന്നു. 72 റണ്‍സെടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായി ടീമിനെ പന്തും പാണ്ഡ്യയുടെ ചേര്‍ന്നാണ് കരകയറ്റിയത്. പന്ത് 125 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കരിയറിലെ ആദ്യ ഏകദിന സെഞ്ചുറിയാണ് പന്ത് നേടിയത്. പാണ്ഡ്യ 71 റണ്‍സെടുത്ത് പുറത്തായി. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിനായി ബട്‍ലറും ജേസണ്‍ റോയിയും തിളങ്ങി. ഇന്ത്യയ്ക്കായി പാണ്ഡ്യ നാലുവിക്കറ്റും ചഹല്‍ മൂന്നുവിക്കറ്റും നേടി. ഉജ്വല ജയത്തോടെ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ (2–1). സ്കോർ– ഇംഗ്ലണ്ട്: 45.5 ഓവറിൽ‍ 259; ഇന്ത്യ 42.1 ഓവറിൽ 5 വിക്കറ്റിന് 261. ടെസ്റ്റ് പരമ്പരയിലെ അവശേഷിച്ച ഒരേയൊരു മത്സരത്തിനു ശേഷം നടന്ന ട്വന്റി20 പരമ്പരയും ഇന്ത്യ (2–1) നേരത്തെ സ്വന്തമാക്കിയിരുന്നു. 

7 ഓവറിൽ 24 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തുകയും, പിന്നാലെ 55 പന്തിൽ 10 ഫോർ അടക്കം 71 റൺസടിക്കുകയും ചെയ്ത ഹാർദിക് പാണ്ഡ്യ, ഏകദിനത്തിലെ ആദ്യ സെഞ്ചറി കുറിച്ച ഋഷഭ് പന്ത് (113 പന്തിൽ 16 ഫോറും 2 സിക്സും അടക്കം 125 നോട്ടൗട്ട്) എന്നിവരാണ് ഇന്ത്യയുടെ വിജയശിൽപികൾ. ശിഖർ ധവാൻ (3 പന്തിൽ 1), രോഹിത് ശർമ (17 പന്തിൽ 4 ഫോർ അടക്കം 17), വിരാട് കോലി (22 പന്തിൽ 3 ഫോർ അടക്കം 17) എന്നിവരെ റീസ് ടോപ്ലെ വീഴ്ത്തിയതോടെ ആദ്യം 38–3 എന്ന സ്കോറിലേക്കും പിന്നാലെ സൂര്യകുമാർ യാദവിനെ ക്രെയ്ഗ് ഓവർട്ടൻ പുറത്താക്കിയതോടെ ഇന്ത്യ 72–4 എന്ന നിലയിലേക്കും തകർന്നിരുന്നു. വിക്കറ്റുകൾ കൂട്ടത്തോടെ വീണ സമയത്തും സമ്മർദം ഇല്ലാതെ കളിച്ച പാണ്ഡ്യയും പന്തുമാണു ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്. 

5–ാം വിക്കറ്റിൽ വെറും 115 പന്തിൽ 131 റൺസാണു സഖ്യം ചേർത്തത്. ഇതിൽ 71 റൺസും ഹാർദിക്കിന്റെ വകയായിരുന്നു. ഒടുവിൽ ബ്രൈഡൻ കാർസെയുടെ പന്തിൽ ഉജ്വല ക്യാച്ചിലൂടെ ബെൻ സ്റ്റോക്സ് ഹാർദിക്കിനെ മടക്കിയെങ്കിലും അതിനകം മത്സരം പൂർണമായും ഇന്ത്യയുടെ വരുതിയിലായിരുന്നു.  രവീന്ദ്ര ജഡേജയ്ക്കൊപ്പം അടുത്ത അർധ സെഞ്ചറി കൂട്ടുകെട്ടും പന്ത് തീർത്തു. 56 റൺസ് കൂട്ടുകെട്ടിൽ ജഡേജയുടെ സംഭാവന 7 റൺസ് മാത്രം! ഡേവിഡ് വില്ലി എറിഞ്ഞ 42–ാം ഓവറിൽ തുടർച്ചയായി 5 ഫോറടിച്ച പന്ത് തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ ജോ റൂട്ടിനെ ഫോറടിച്ച് പന്ത് ഇന്ത്യയെ വിജയത്തിലെത്തിക്കുമ്പോൾ 47 ബോളുകൾ ബാക്കിയായിരുന്നു. 7 ഓവറിൽ 35 റൺസ് വഴങ്ങിയാണു ടോപ്ലെ 3 വിക്കറ്റുകൾ വീഴ്ത്തിയത്. കാർസെയും ക്രെയ്ഗ് ഓവർട്ടനും ഓരോ വിക്കറ്റെടുത്തു.  നേരത്തെ, ഏകദിന കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഹാർദിക് പാണ്ഡ്യയാണ് (7–3–24–4) ഇന്ത്യയ്ക്കായി ബോളിങ്ങിൽ തിളങ്ങിയത്. 9.5 ഓവറിൽ 50 റൺസിനു 3 വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചെഹലും മികച്ചുനിന്നു. 

ജോണി ബെയർസ്റ്റോ (3 പന്തിൽ 0), ജോ റൂട്ട് (3 പന്തിൽ 0) എന്നിവരെ പുറത്താക്കി 2–ാം ഓവറിൽ മുഹമ്മദ് സിറാജ് ഏൽപിച്ച കടുത്ത ആഘാതം അതിജീവിച്ചാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലെത്തിയത്. ‌സിറാജിനെ ബൗണ്ടറിയടിക്കാനുള്ള ശ്രമത്തിനിടെ പകരക്കാരൻ ഫീൽഡർ ശ്രേയസ് അയ്യർക്കു ക്യാച്ച് നൽകിയായിരുന്നു ബെയർസ്റ്റോയുടെ പുറത്താകൽ. അവസാന പന്തിൽ ഷോട്ട് പിഴച്ച റൂട്ട് 2–ാം സ്ലിപ്പിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ കൈകളിൽ അവസാനിച്ചു. ജെയ്സൻ റോയിക്കൊപ്പം (31 പന്തിൽ 7 ഫോർ അടക്കം 41) ബെൻ സ്റ്റോക്സ് (29 പന്തിൽ 4 ഫോർ അടക്കം 27) ചേർന്നതോടെ 3–ാം വിക്കറ്റിൽ ഇംഗ്ലണ്ട് 54 റൺസ് കൂടി എടുത്തെങ്കിലും, 8 റൺസിനിടെ ഇരുവരെയും മടക്കി ഹാർദിക് കളി ഇന്ത്യയുടെ വരുതിയിലാക്കി. എന്നാൽ ക്യാപ്റ്റൻ ജോസ് ബട്‌ലർക്കൊപ്പം മോയീൻ അലി കൂടി ചേർന്നതോടെ ഇംഗ്ലണ്ട് വീണ്ടും പിടിച്ചു കയറി. 75 റൺസ് ചേർത്ത സഖ്യം സ്കോറിങ് ഉയർത്താന്‍ ശ്രമിക്കുന്നതിനിടെ മൊയീൻ അലിയെ (44 പന്തിൽ 2 വീതം ഫോറും സിക്സും അടക്കം 34) ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച രവീന്ദ്ര ജഡേജ കൂട്ടുകെട്ടു പൊളിച്ചു.

ലിയാം ലിവിങ്സ്റ്റനെ (31 പന്തിൽ 2 വീതം ഫോറും സിക്സും അടക്കം 27) കൂട്ടുപിടിച്ച് ബട്‌ലർ പ്രത്യാക്രമണം തുടങ്ങിയപ്പോൾ ഹാർദിക് വീണ്ടും അവതരിച്ചു. 4 പന്തുകൾക്കിടെ ഇരുവരും പുറത്ത്. സ്ക്വയർ ലെഗ് ബൗണ്ടറിയിൽ ഇരുവരെയും രവീന്ദ്ര ജഡേജയാണു ക്യാച്ച് ചെയ്തത്. പിന്നാലെ ഡേവിഡ് വില്ലി (18 പന്തിൽ ഒന്നു വീതം ഫോറും സിക്സും അടക്കം 11), ക്രെയ്ഗ് ഓവർട്ടൻ (33 പന്തിൽ ഒന്നു വീതം ഫോറും സിക്സും അടക്കം 31), റീസ് ടോ‌പ്ലെ (ഒരു പന്തിൽ 0) എന്നിവരെ പുറത്താക്കിയ യുസ്‌വേന്ദ്ര ചെഹൽ ഇംഗ്ലണ്ട് ഇന്നിങ്സിന്റെ ഷട്ടറിട്ടു. മുഹമ്മദ് സിറാജ് 9 ഓവറിൽ 66 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തപ്പോൾ രവീന്ദ്ര ജഡേജ 4 ഓവറിൽ 21 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്.