ഋഷഭ് പന്തിന് സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 212 റൺസ് വിജയലക്ഷ്യം

കേപ്ടൗണ്‍ ടെസ്റ്റില്‍ ‍ഋഷഭ് പന്തിന്റെ സെഞ്ചുറി മികവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍  212 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ. കരിയറിലെ നാലാം ടെസ്റ്റ് സെഞ്ചുറി നേടിയ ഋഷഭ് 100 റണ്‍സുമായി പുറത്താകാെത നിന്നു. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 198 റണ്‍സിന് പുറത്തായി. പന്തൊഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ല. കോലി 29 റണ്‍സും രാഹുല്‍ 10 റണ്‍സുമെടുത്ത് പുറത്തായി. മറ്റാരും രണ്ടക്കം കടന്നില്ല. 

ദക്ഷിണാഫ്രിക്കയ്‍ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും പരിചയസമ്പന്നരും മുൻനിര ബാറ്റ്സ്മാൻമാരുമെല്ലാം ഒരുപോലെ നിരാശപ്പെടുത്തിയപ്പോ‌ൾ, ഇന്ത്യയുടെ കാവലാളായി പന്തിന്റെ ‌ഉദയം. ടെസ്റ്റ് കരിയറിലെ നാലാം സെ‌ഞ്ചുറിയുമായി പന്ത് പടനയിച്ചതോടെ കേപ് ടൗ‌ൺ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ ഇന്ത്യ ഉയർത്തിയത് 212 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 67.3 ഓവറിൽ 198 റൺസിന് പുറത്തായതോടെയാണ് 13 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് കൂടി ചേർത്ത് ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ 212 റൺസ് വിജയലക്ഷ്യം ഉയർന്നത്.‌‌ പരമ്പരയിലെ ‌ആദ്യ രണ്ടു ടെസ്റ്റുകളിൽ ഇരു ടീമുകളും ഓരോ വിജയം നേടിയതിനാൽ മൂന്നാം ടെസ്റ്റ് ജയിക്കുന്നവർക്ക് പരമ്പര നേടാം.

ഋഷഭ് പന്ത് 139 പന്തിൽ ആറു ഫോ‌റും നാലു സിക്സും സഹിതം 100 റൺസുമായി പുറത്താകാതെ നിന്നു. ഒരുവശത്ത് വിക്കറ്റുകൾ യഥേഷ്ടം കൊഴിയുമ്പോ‌ഴാണ് മറുവശത്ത് തകർപ്പൻ ഇന്നിങ്സുമായി പന്ത് ഇന്ത്യയെ കാത്തത്. ഏകദിന ശൈലിയിൽ തകർത്തടിച്ച പന്ത് 133 പന്തിലാണ് ടെസ്റ്റിലെ നാലാം സെ‌ഞ്ചുറി കുറിച്ചത്. ആറു ഫോ‌റും നാലു സിക്സും ഉൾപ്പെടുന്നതാണ് പന്തിന്റെ സെ‌‍ഞ്ചുറി. നേരത്തെ, നാലിന് 58 റണ്‍സെന്ന നിലയിൽ തകർന്ന ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ വിരാട് കോലിക്കൊപ്പം പന്ത് പടുത്തുയർത്തിയ 94 റൺസിന്റെ കൂട്ടുകെട്ടാണ് കരുത്തായത്. കോലി 143 പന്തിൽ നാലു ഫോ‌റുകൾ സഹിതം 29 റൺസെടുത്ത് പുറത്തായി.‌‌

ചേതേ‌ശ്വർ പൂജാര (15 പന്തിൽ ഏഴ്), അജിൻക്യ രഹാനെ (ഒൻപത് പന്തിൽ ഒന്ന്), രവിചന്ദ്രൻ അശ്വിൻ (15 പന്തിൽ ഏഴ്), ഷാർദുൽ ഠാക്കൂർ (13 പന്തിൽ അഞ്ച്), ഉമേഷ് യാദവ് (0), മുഹമ്മദ് ഷമി (0), ജസ്പ്രീത് ബുമ്ര (2) എന്നിവരാണ് ഇന്ന് പുറത്തായ മറ്റുള്ളവർ. ഓപ്പണർമാരായ കെ.എൽ. രാഹുൽ (22 പന്തിൽ 10), മയാങ്ക് അഗർവാൾ (15 പന്തിൽ ഏഴ്) എന്നിവർ രണ്ടാം ദിനം അവസാന സെ‌ഷനിൽ പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ ജാൻസൻ നാലും ലുങ്കി എൻഗിഡി, കഗീസോ റബാദ എന്നിവർ മൂന്നു വിക്കറ്റ് വീതവും വീഴ്ത്തി. രണ്ട് ഇന്നിങ്സിലും ഇന്ത്യയുടെ മുഴുവൻ ‍ബാറ്റർമാരും ക്യാച്ച് നൽകിയാണ് പുറത്തായതെന്ന പ്രത്യേകതയുമുണ്ട്. ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലുമായി ഒരു ടീമിന്റെ 20 വിക്കറ്റുകളും ക്യാച്ചിലൂടെ നഷ്ടമാകുന്ന ആദ്യ സം‌ഭവം കൂടിയാണിത്.

ഇതിനിടെ, വ്യക്തിഗത സ്കോർ 91ൽ എത്തിയപ്പോ‌ൾ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റിൽ ഏഷ്യക്കാരായ സ്ഥിരം വിക്കറ്റ് കീപ്പർമാരുടെ ഉയർന്ന സ്കോ‌റും പന്തിന്റെ പേരിലായി. 2010–11ൽ സെ‌‍ഞ്ചൂറിയനിൽ 90 റൺസടിച്ച മഹേന്ദ്രസിങ് ധോണിയുടെ റെക്കോർഡ് പിന്നിലായി. കുമാർ സംഗക്കാര (89, സെ‌‍ഞ്ചൂറിയൻ), ലിട്ടൺ ദാസ് (ബ്ലൂംഫൊണ്ടെയ്ൻ) എന്നിവരും പിന്നിലായി.

രണ്ടു വിക്കറ്റ് നഷ്ടത്തിൽ 57 റൺസുമായി മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക്, ഇന്ന് ആദ്യ ഓവറിൽ ചേതേശ്വർ പൂജാരയുടെയും രണ്ടാം ഓവറിൽ അജിൻക്യ രഹാനെയുടെയും വിക്കറ്റ് നഷ്ടമായി. സ്കോർ ബോർഡിൽ ഇന്ന് ഒരു റൺ കൂട്ടിച്ചേർക്കുന്നതിനിടെയാണ് ഇരുവരും പുറത്തായത്. പൂജാര ഒൻപതു റൺസെടുത്തും രഹാനെ ഒരു റണ്ണെടുത്തുമാണ് കീഴടങ്ങിയത്.

33 പന്തിൽ രണ്ടു ഫോറുകളോടെ ഒൻപതു റൺസെടുത്ത പൂജാരയെ, മൂന്നാം ദിനത്തിലെ ആദ്യ ഓവറിൽത്തന്നെ മാർക്കോ ജാൻസൻ പുറത്താക്കി. ഇന്നു നേരി‍ട്ട രണ്ടാം പന്തിൽത്തന്നെ ജാൻസന്റെ പന്തിൽ കീഗൻ പീറ്റേഴ്സന്റെ ഉജ്വല ക്യാച്ചിലാണ് പൂജാര മടങ്ങിയത്. പിന്നാലെ അജിൻക്യ രഹാനെ കഗീസോ റബാദയ്ക്കും വിക്കറ്റ് സമ്മാനിച്ച് പുറത്തായി. ഒൻപതു പന്തിൽ ഒരേയൊരു റണ്ണുമായി ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗാറിനു ക്യാച്ച് സമ്മാനിച്ചാണ് രഹാനെ മടങ്ങിയത്. ഇതോടെ, തലേന്നത്തെ സ്കോറിനോട് ഒരു റൺ കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ഇന്ത്യയ്ക്ക് നഷ്ടമായത് രണ്ടു നിർണായക വിക്കറ്റുകൾ.

എന്നാൽ അഞ്ചാം വിക്കറ്റിൽ വിരാട് കോലിക്കൊപ്പം ഋഷഭ് പന്ത് ചേർന്നതോടെയാണ് ഇന്ത്യ ശ്വാസം വിട്ടത്. തുടക്കം മുതലേ ആക്രമണത്തിനുള്ള മൂഡിലായിരുന്നു പന്ത്. ഒരുവശത്ത് കോലി വിക്കറ്റ് കാത്ത് ഉറച്ചുനിന്നതോടെ പന്ത് ആക്രമണം തുടർന്നു. 58 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ അർധസെഞ്ചുറിയും പന്ത് കുറിച്ചു.

എന്നാൽ സെ‌‍ഞ്ചുറി കൂട്ടുകെട്ട് തികയ്ക്കും മുൻപേ എൻഗിഡി ഇന്ത്യയ്ക്ക് തിരിച്ചടി സമ്മാനിച്ചു. 143 പന്തിൽ നാലു ഫോ‌റുകൾ സഹിതം 29 റൺസെടുത്ത കോലിയെ ‌എയ്ഡൻ മർക്രത്തിന്റെ കൈകളിലെത്തിച്ച എൻഗിഡി, പിന്നാലെ രവിചന്ദ്രൻ അശ്വിനെയും പുറത്താക്കി. 15 പന്തിൽ ഒരു ഫോർ സഹിതം ഏഴു റൺസെടുത്ത അശ്വിനെ മാർക്കോ ജാൻസനും പിടികൂടി. ഇതോടെ ‌ആറിന് 162 റൺസ് എന്ന നിലയിലായി ഇന്ത്യ.

രണ്ടു വർഷത്തിനിടെ ‌ഇതാദ്യമായാണ് കോലി ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും 100ലധികം പന്തുകൾ വീതം നേരിടുന്നത്. അഞ്ചാം വിക്കറ്റിൽ ഋഷഭ് പന്തിനൊപ്പം 94 റൺസ് കൂട്ടുകെട്ടു തീർത്ത ശേഷമാണ് കോലി പുറത്തായത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ അഞ്ചാം വിക്കറ്റിൽ ഇന്ത്യയുടെ ‌ഉയർന്ന രണ്ടാമത്തെ ‌അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 2001–02 കാലത്ത് ബ്ലുംഫൊണ്ടെയ്നിൽ സച്ചിൻ തെൻഡുൽക്കറും വീരേന്ദർ സേവാഗും ചേർന്നു നേടിയ 220 റണ്‍സ് കൂട്ടുകെട്ടാണ് മുന്നിൽ. 1992–93 കാലത്ത് ഡർബനിൽ മുഹമ്മദ് അസ്ഹറുദ്ദീനും പ്രവീണ്‍ ആംറെയും ചേർന്നെടുത്ത 87 റൺസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സ്കോർ ബോർഡിൽ 180 റൺസ് എത്തുമ്പോ‌ഴേയ്ക്കും ഷാർദുൽ ഠാക്കൂർ, ഉമേഷ് യാദവ് എന്നിവരും കൂടാരം കയറി. 13 പന്തിൽ ഒരു ഫോർ സഹിതം അഞ്ച് റൺസെടുത്ത ഠാക്കൂറിനെ ലുങ്കി എൻഗിഡിയും 10 പന്തും നേരിട്ടിട്ടും ‌അക്കൗണ്ട് തുറക്കാൻ കഴിയാതെ പോയ ഉമേഷ് യാദവിനെ കഗീസോ റബാദയും പുറത്താക്കി. മുഹമ്മദ് ഷമിയെ സംപൂജ്യനാക്കി മാർക്കോ ജാൻസൻ പന്തിന്റെ സെ‌ഞ്ചുറിക്ക് ഭീഷണി സൃഷ്ടിച്ചെ‌ങ്കിലും പതിനൊന്നാമനായ ജസ്പ്രീത് ബുമ്രയെ കൂട്ടുപിടിച്ച് പന്ത് സെ‌‍ഞ്ചുറി പൂർത്തിയാക്കി. പിന്നാലെ അഞ്ച് പന്തിൽ രണ്ടു റൺസെടുത്ത ബുമ്രയെയും ജാൻസൻ തന്നെ പുറത്താക്കിയതോടെ ഇന്ത്യ 198 റൺസിന് പുറത്ത്.