സ്റ്റീവ് സ്മിത്ത്: വില്ലൻ വീണ്ടും നായകനാകുന്നു

തിരിച്ചുവരവെന്നാൽ ഇങ്ങനെ വേണം. ആഷസിലെ ആദ്യ മത്സരത്തിൽ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെ പ്രകടനത്തെക്കുറിച്ച് ഇതിൽ കുറഞ്ഞൊന്നും പറയാനില്ല. പതിനാറ് മാസത്തിന് ശേഷം തന്റെ ഇഷ്ട ഫോർമാറ്റിൽ കളിക്കാനിറങ്ങിയ സ്മിത്ത് ആഘോഷമായി തന്നെയാണ് തുടങ്ങിയത്

2018 മാർച്ച് 24 . കേപ്ടൗണിൽ ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം. ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ തല കുനിഞ്ഞ ദിനമായിരുന്നു അത്. മത്സരത്തിനിടെ പന്ത് ചുരണ്ടിയ  യുവതാരം കാമറൂൺ ബാൻക്രോഫ്റ്റ് ക്യാമറാക്കണ്ണുകളിൽ പിടിക്കപ്പെട്ടു. അന്ന് വൈകീട്ട് നടന്ന വാർത്താ സമ്മേളനത്തിൽ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത്, തങ്ങൾ തെറ്റ് ചെയ്തതായി സമ്മതിച്ചു.

കളിക്കളത്തിൽ തീരുമാനങ്ങളെടുക്കുന്ന മുതിർന്ന സംഘത്തിന് വിഷയം അറിയാമായിരുന്നുവെന്നാണ് സ്മിത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. രാജ്യത്തെ നാണം കെടുത്തിയ സംഭവത്തിൽ ഓസ്ട്രേലിയൻ സർക്കാരടക്കം ഇടപെട്ടു. അന്വേഷണം നടത്തിയ ക്രിക്കറ്റ് ഓസ്ട്രേലിയ, നായകൻ സ്റ്റീവ് സ്മിത്തിനും ഉപനായകൻ ഡേവിഡ് വാർണർക്കും ഒരു വർഷത്തെ വിലക്കേർപ്പെടുത്തി. കാമറൂൺ ബാൻക്രോഫ്റ്റിന് ഒൻപത് മാസത്തെ വിലക്കാണ് ലഭിച്ചത്. ആരാധകർക്ക് നായകനിൽ നിന്നും സ്മിത്ത് വില്ലനായി മാറി.

എങ്ങനെയും ജയിക്കുക എന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് അധികൃതരുടെ നിലപാടിന്റെ ഇരയായിരുന്നു സ്മിത്ത്. തുടർ തോൽവികളിൽ മനംനൊന്ത നായകന്റെ അറ്റകൈ പ്രയോഗം. പക്ഷെ, കഥ മാറി. ആരാധകർക്ക് വെറുക്കപ്പെട്ടവനായി മാറി ടെസ്റ്റ് ക്രിക്കറ്റിലെ അന്നത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിലൊരാളായ സ്മിത്ത്.

വിലക്ക് മാറിയതിന് ശേഷം ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ശരാശരി പ്രകടനം മാത്രമാണ് സ്മിത്ത് കാഴ്ച്ചവെച്ചത്. എങ്കിലും ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ അഭിമാനപോരാട്ടമായ ആഷസ് ടീമിലേക്ക് സ്മിത്തിന് വിളിയെത്തി. 

ആഷസിന്റെ ആദ്യ ദിനം. ഓപ്പണറായി ഇറങ്ങിയ ഡേവിഡ് വാർണറെ അത്ര നല്ല രീതിയിലായിരുന്നില്ല സ്വതവേ മാന്യന്മാരായ ഇംഗ്ലണ്ടിലെ കാണികൾ സ്വീകരിച്ചത്. അതിന്റെ സമ്മർദ്ധം വാർണറിലും പ്രകടമായിരുന്നു. എൽബിഡബ്ല്യൂ തീരുമാനത്തിനെതിരെ റിവ്യൂ പോലും നൽകാതെ വാർണർ മടങ്ങി. മഞ്ഞ നിറമുള്ള സാന്റ് പേപ്പർ ഉയർത്തിക്കാട്ടി അവഹേളിച്ചാണ് മൈതാനത്ത് നിന്നും വാർണറെ കാണികൾ മടക്കിയത്.

ഈ സാഹചര്യത്തിലാണ് സ്മിത്ത് ബാറ്റിംഗിനിറങ്ങുന്നത്.  എട്ടു വിക്കറ്റ് നഷ്ടത്തിൽ 122 എന്ന നിലയിൽ തകർന്ന ഓസ്ട്രേലിയയെ, വാലറ്റത്തെ കൂട്ടുപിടിച്ച് സ്മിത്ത് മുന്നോട് നയിച്ചു.  144 റൺസെടുത്ത സ്മിത്തിന്റെ മികവിലാണ് 284 എന്ന മാന്യമായ സ്കോറിലേക്ക് ഓസീസ് എത്തിയത്.

രണ്ടാമിന്നിംഗ്സിലും സ്മിത്ത് തന്റെ വിശ്വരൂപം പുറത്തെടുത്തു. 142 റൺസെടുത്ത സ്മിത്ത് ഒരിക്കൽ കൂടി ലോകത്തോട് വിളിച്ചു പറഞ്ഞു. താൻ ഹീറോയാണെന്ന്. ഓസീസ് വിജയത്തിൽ നിർണ്ണായകമായ പ്രകടനം പുറത്തെടുത്ത സ്മിത്ത് തന്നെ മത്സരത്തിലെ താരവുമായി. പതിനാറ് മാസത്തിന് ശേഷമിറങ്ങിയ ആദ്യ മത്സരത്തിൽ രണ്ട് സെഞ്ചുറിയും, മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരവും.

സ്പിന്നറായി ടീമിലെത്തിയ കളിക്കാരനാണ് സ്മിത്ത്. എന്നാൽ ശരാശരിക്കും താഴെയായിരുന്നു ബൗളറെന്ന നിലയിൽ സ്മിത്തിന്റെ പ്രകടനം. ടീമിൽ നിന്നും പുറത്തായ സ്മിത്തിന്റെ രണ്ടാം വരവ് ബാറ്റ്സ്മാനായിട്ടായിരന്നു. തുടർന്ന് ലോകം കണ്ടത് സമകാലിക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളെ.

സമ്മർദ്ധത്തിനടിമപ്പെടാതെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവാണ് സ്മിത്തിനെ വ്യത്യസ്ഥനാക്കുന്നത്. ക്ഷമാപൂർവ്വം നിലയുറപ്പിച്ച് കളിയാരംഭിക്കുന്ന ശൈലിയാണ് സ്മിത്തിന്റേത്. ബ്രാഡ്മാന് ശേഷം ഓസീസ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ചവനെന്ന് നിസ്സംശയം പറയാവുന്ന താരം.

മാന്യന്മാരുടെ കളിയിൽ സ്മിത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചതി ഒരു നിലയ്ക്കും പൊറുക്കാനാകുന്നതല്ല. എന്നാൽ കളിക്കാരനെന്ന നിലയിൽ മാറ്റിനിർത്താനാവാത്ത താരം തന്നെയാണ് സ്മിത്ത്. അഭിമാനപോരാട്ടത്തിൽ ടീമിനെ വിജയത്തിലെത്തിച്ചതോടെ സ്മിത്ത്  വില്ലനിൽ നിന്നും വീണ്ടും നായകനാവുകയാണ്.