'ജഡേജ ഹീറോയാടാ ഹീറോ'; തട്ടിക്കൂട്ട് താരമെന്ന് വിളിച്ച മഞ്ജരേക്കറിന് ട്രോൾ

ന്യൂസിലാൻഡിനെതിരെ സെമിയിയിൽ തോറ്റ് ഇന്ത്യ പുറത്തായതിന്റെ നിരാശയിലാണ് ക്രിക്കറ്റ് ആരാധകർ. രവീന്ദ്ര ജഡേജയുടെ പ്രകടനം മാത്രമാണ് ഇന്ത്യൻ ടീമിനും ആരാധകർക്കും ആശ്വസിക്കാനുള്ള ഏക കാര്യം. 59 പന്തിൽ 77 റൺസ് ആണ് ജഡേജ നേടിയത്. അതിനിടെ ജഡേജയെ 'തട്ടിക്കൂട്ട് താരം' എന്ന വിശേഷിപ്പിച്ച കമന്റേറ്റർ സഞ്ജയ് മഞ്ജരേക്കറെ ട്രോളുകയാണ് ആരാധകർ. 

ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ–ഇംഗ്ലണ്ട് മത്സരം നടക്കുമ്പോഴാണ് കമന്ററി ബോക്സിലിരുന്ന് മഞ്ജരേക്കറുടെ 'തട്ടിക്കൂട്ട് താരം' പരാമർശം. ഇതിന് പിന്നാലെയാണ് സെമിയിലെ ജഡേജയുടെ പ്രകടനം. ഇതിന് പിന്നാലെ ജഡേജ നന്നായി കളിച്ചുവെന്ന് മഞ്ജരേക്കർ ട്വീറ്റ് ചെയ്തിരുന്നു. 

ജഡേജ ഓൾറൗണ്ടർ മാത്രമല്ല, ഹീറോയാണെന്ന് ട്രോളന്മാർ പറയുന്നു. ഇനിയും ജഡേജയെ തട്ടിക്കൂട്ട് താരമെന്ന് വിളിക്കാൻ തോന്നുന്നുണ്ടോയെന്നും കമന്ററി നിർത്തി വീട്ടിലിരുന്നുകൂടെ എന്നും മഞ്ജരേക്കറിനോട് ട്രോളുകളിലൂടെ ആരാധകർ ചോദിക്കുന്നു.