മത്സരം കണ്ടത് ഫോണിൽ; ധോണി ഔട്ടായതുകണ്ട് കുഴഞ്ഞുവീണു; ആരാധകൻ മരിച്ചു

ലോകകപ്പ് ക്രിക്കറ്റ് സെമിയിൽ ന്യൂസിലാൻഡിനെതിരെ മഹേന്ദ്രസിങ് ധോണി റണ്ണൗട്ടാകുന്നത് കണ്ട് ആരാധകൻ കുഴഞ്ഞുവീണ് മരിച്ചു. കൊൽക്കത്തയിലെ സൈക്കിൾ ഉടമയായ ശ്രീകാന്ത് മെയ്റ്റി (33) ആണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഫോണിൽ ലൈവായി മത്സരം കാണുകയായിരുന്നു ശ്രീകാന്ത്. ധോണി ഔട്ടാകുന്നത് കണ്ട ശ്രീകാന്ത് ഞെട്ടിപ്പോയി. അലറിവിളിച്ച ശ്രീകാന്ത് പിന്നാലെ കുഴഞ്ഞുവീണു. ബോധരഹിതനായി നിലത്തുവീണ ശ്രീകാന്തിനെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‌

ഇന്ത്യയുടെ പ്രതീക്ഷകൾ തകിടം മറിച്ചാണ് മുൻനിരവിക്കറ്റുകൾ തുടരെ നഷ്ടമായത്. ധോണിയെത്തിയതോടെ നേരിയ പ്രതീക്ഷ. എന്നാൽ അപ്രതീക്ഷിതമായി ധോണി റണ്ണൗട്ടായി. പതിനെട്ട് റൺസിന് ജയിച്ച ന്യൂസിലാന്‍ഡ് ഫൈനലിലെത്തി.