2011ൽ ഒൻപത്, 2015ല്‍ 1; തുടർച്ചയായ മൂന്നാം സെമിയിലും കാലിടറി കോലി; '911' ചർച്ച

ആദ്യ ഓവറുകളിലെ ബാറ്റിങ് തകർച്ചയാണ് സെമിയിൽ ഇന്ത്യയെ പുറത്താക്കിയത്. ആറ് റൺസെടുക്കുന്നതിനിടെ ഓപ്പണർ രോഹിത് ശർമ, ലോകേഷ് രാഹുൽ, ക്യാപ്റ്റൻ വിരാട് കോലി എന്നിവരുടെ നിർണായക വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. മൂവരും പുറത്തായത് ഒരു റൺ മാത്രമെടുത്ത്. ഇതാദ്യമായല്ല കോലിക്ക് ലോകകപ്പ് സെമിയിൽ കാലിടറുന്നത്. 2011, 2015 ലോകകപ്പ് സെമികളിലും കോലി ഫോം കണ്ടെത്താനാകാതെ കുഴങ്ങി.

2011 ലോകകപ്പ്. പാക്കിസ്ഥാനെതിരായ രണ്ടാം സെമിയിൽ കോലിയെടുത്തത് ഒൻപത് റൺസ് മാത്രം. 21 പന്തിൽ നിന്നാണ് കോലി ഒൻപത് റൺസെടുത്തത്. 29 റൺസിനായിരുന്നു അന്ന് ഇന്ത്യയുടെ ജയം. ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ ലോകകപ്പ് സ്വന്തമാക്കി. 

2015 ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ ഓസ്ട്രേലിയ. അന്ന് കോലി നേടിയത് ഒരു റൺ മാത്രം. പതിമൂന്ന് പന്തിൽ ഒരു റൺ എടുത്ത കോലിയെ പുറത്താക്കിയത് മിച്ചൽ ജോൺസൺ. 95 റൺസിന് തോറ്റ ഇന്ത്യ സെമിയിൽ വീണു. 

ഇന്ന് മാഞ്ചസ്റ്ററിൽ ആറ് പന്തില്‍ ഒരു റണ്ണെടുത്താണ് കോലി മടങ്ങിയത്. ഇതോടെ ട്വിറ്ററിലും ഇത് ചർച്ചയായി. 'കോലി 911' എന്ന തരത്തിൽ ട്വിറ്ററിൽ സജീവ ചർച്ച നടക്കുകയാണ്.