ടീമുകളുടെ ഉറക്കം കളഞ്ഞ് താരങ്ങളുടെ പരുക്ക്; സെലക്ടര്‍മാരുടെ നെഞ്ചില്‍ തീ

ലോകകപ്പിന് ഭീഷണിയായി പരുക്ക്. ഇന്ത്യയുടെ കേദാര്‍ ജാദവടക്കം പല താരങ്ങളും പരുക്കിന്റെ പിടിയിലാണ്. ടൂര്‍ണമെന്റിന് മുന്‍പ് താരങ്ങള്‍ കായിക ക്ഷമത വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ടീമുകള്‍.

സൂപ്പര്‍താരങ്ങളടക്കം പരുക്കിന്റെ പിടിയിലായതോടെ സെലക്ടര്‍മാരുടെ നെഞ്ചില്‍ തീയാണ്. ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ മല്‍സരത്തിനിടെയാണ് കേദാര്‍ ജാദവിന് പരുക്കേറ്റത്.

ദക്ഷിണാഫ്രിക്കയുടെ മൂന്ന് താരങ്ങളാണ് പരുക്കിന്റെ പിടിയിലുള്ളത്. റബാദ, എന്‍ഗിഡി, സ്റ്റെയ്ന്‍ എന്നിവര്‍. പരുക്ക് ഭേദമാകില്ലെന്ന് ഉറപ്പായതോടെ നോര്‍ജെയ്ക്ക് പകരക്കാരനായി ക്രിസ് മോറിസിനെ ടീമിലെടുത്തു. ഇംഗ്ലണ്ട് ടീമിലും മൂന്ന് പേര്‍ പരുക്കിന്റെ പിടിയിലാണ്.

ജേസണ്‍ റോയ്, ജോ ഡെന്‍ലി, മാര്‍ക് വുഡ് എന്നിവര്‍ക്കാണ് പരുക്ക്. റോയ്‌യേയും ഡെന്‍‌ലിയേയും പുറം വേദനയാണ് വലയ്ക്കുന്നത്. മാര്‍ക്ക് വുഡിനാകട്ടെ കണംകാല്‍ വേദനയാണ് വില്ലനായത്. 

പരുക്കിനെത്തുടര്‍ന്ന് ജെയ് റിച്ചാര്‍ഡസന് പകരം കെയ്ന്‍ റിച്ചാര്‍ഡസനെ ഓസ്ട്രേലിയന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതും അടുത്തിടെയാണ്. പരുക്ക് ബംഗ്ലദേശിന്റേയും ഉറക്കം കളയുന്നുണ്ട്. മുസ്തഫിസുര്‍ റഹ്‌മാന്‍, റൂബെല്‍ ഹൊസൈന്‍ തുടങ്ങിയവരാണ് ബംഗ്ലദേശിന്റെ ഇന്‍ജുറി ലിസ്റ്റിലുള്ളത്.