ആരാവും യൂറോപ്പിലെ പുതിയ രാജാക്കന്മാർ? ഒന്നും പറയാൻ പറ്റാത്ത അവസ്ഥ; ചിത്രം ഇങ്ങനെ

ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന് അരങ്ങുണരാനിരിക്കെ ഫുട്ബോൾ ലോകം ആകാംക്ഷയിലാണ്.  ആരായിരിക്കും ഇത്തവണ യൂറോപ്യൻ കിരീടമുയർത്തുക എന്നതിനുമപ്പുറത്താണ് ഫുട്ബോൾ ആരാധകരുടെ ചിന്തകൾ. കടുത്ത പ്രതിയോഗികളെ നിഷ്പ്രഭരാക്കി സെമിയിലെത്തിയ ടീമുകൾ തന്നെയാണ് ആരാധകരെ ചിന്തയിലാഴ്ത്തുന്നത്.

ഹാട്രിക്ക് കിരീട നേട്ടത്തിന്റെ പ്രഭയിലെത്തിയ റയൽ മാഡ്രിഡ് പ്രീ ക്വാർട്ടറിൽ വീണു. ഗൾഫ് പണമൊഴുക്കി താരങ്ങളെയിറക്കിയ പിഎസ്ജിയും എങ്ങുമെത്തിയില്ല. ക്രിസ്റ്റ്യാനോയുടെ ചിറകിലേറിയുള്ള യുവന്റസിന്റെ പ്രയാണവും ക്വാർട്ടറിലവസാനിച്ചു. കിരീടം തേടിയുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പും വെറുതേയായി.

എന്നാൽ ബാഴ്സലോണയും, ലിവർപൂളും ആരാധകരെ നിരാശരാക്കിയില്ല. ഇവരോടൊപ്പം അയാക്സ് ആംസ്റ്റർഡാമും, ടോട്ടനം ഹോസ്പുറും  കൂടി ചേരുമ്പോൾ പ്രവചനാതീതമാണ് ഇത്തവണത്തെ പോരാട്ടങ്ങൾ.  ബാഴ്സലോണ - ലിവർപൂൾ, അയാക്‌സ് -ടോട്ടനം എന്നിങ്ങനെയാണ് സെമി പോരാട്ടങ്ങൾ.  ഇതുവരെയുള്ള മത്സരങ്ങളുടെ ഗതി നോക്കിയാൽ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ.

ബാഴ്സലോണ

മൂന്ന് റൗണ്ട് മത്സരങ്ങൾ ശേഷിക്കേ സ്പാനിഷ് ലീഗ് കിരീടം നിലനിർത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിനൊരുങ്ങുന്നത്. എതിരാളികളെ തീർത്തും നിഷ്പ്രഭരാക്കിയായിരുന്നു ഇത്തവണ ചാമ്പ്യൻസ് ലീഗിൽ ബാഴ്സയുടെ കുതിപ്പ്. ഗ്രൂപ്പ് പോരാട്ടങ്ങളിൽ തോൽവിയറിയാതെ ഒന്നാം സ്ഥാനത്തെത്തിയ ബാഴ്സ, പ്രീ ക്വാർട്ടറിൽ ഒളിമ്പിക് ലിയോണിനെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് തകർത്തുവിട്ടത്.  സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇരുപാദങ്ങളിലും തോൽപ്പിച്ച് ആധികാരികമായി തന്നെ സെമിയിലെത്തി.

തകർപ്പൻ ഫോമിലുള്ള സൂപ്പർ താരം ലയണൽ മെസി നയിക്കുന്ന മുന്നേറ്റനിരയാണ് ബാഴ്സയുടെ കരുത്ത്. ഇത്തവണ ചാമ്പ്യൻസ് ലീഗിൽ പത്ത് മത്സരങ്ങളിലായി ഇരുപത്തിമൂന്ന് ഗോളുകളാണ് ബാഴ്സ അടിച്ചുകൂട്ടിയത്. ഇതിൽ പത്തും മെസിയുടെ വക. ഭാവനാസമ്പന്നമായ മധ്യനിരയും, ശക്തമായ പ്രതിരോധവും, ക്രോസ് ബാറിന് കീഴിൽ ആന്ദ്രേ ടെർസ്റ്റെയ്ഗന്റെ മിന്നുന്ന പ്രകടനവും കൂടി ചേരുമ്പോൾ ബാഴ്സലോണയെ ഏത് ടീമും ഭയപ്പെടണം. 

ലിവർപൂൾ

പ്രതാപകാലത്തിലേക്ക് മടങ്ങിയെത്തിവരാണ് ലിവർപൂൾ. 5 തവണ യൂറോപ്യൻ ചാമ്പ്യൻമാരായവർ. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകൾ.  2005 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മിലാനെതിരെ മൂന്ന് ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് ചാമ്പ്യൻമാരായവർ. 

ചാമ്പ്യൻസ് ലീഗിൽ ഇത്തവണത്തെ തുടക്കം അത്ര സുഖകരമായിരുന്നില്ല ലിവർപൂളിന്. ഗ്രൂപ്പ് ഘട്ടത്തിലെ ആറു കളികളിൽ മൂന്നിൽ മാത്രമാണ് ജയിക്കാനായത്. മൂന്നെണ്ണത്തിൽ തോറ്റു. ഗോൾ ശരാശരിയുടെ ബലത്തിലാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ലിവർപൂൾ ക്വാർട്ടറിൽ കടന്നത്.  എന്നാൽ പ്രീ ക്വാർട്ടറിൽ കളി മാറി. ജർമ്മൻ കരുത്തരായ ബയേൺ മ്യൂണിക്കിനെ ഇരു പാദങ്ങളിലുമായി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തായിരുന്നു ലിവർപൂളിന്റെ ക്വാർട്ടർ പ്രവേശനം. ക്വാർട്ടറിൽ പോർച്ചുഗീസ് ക്ലബ് പോർട്ടോയെ ഇരുപാദങ്ങളിലും പരാജയപ്പെടുത്തി ലിവർപൂൾ രാജകീയമായി തന്നെ സെമിയിലെത്തി.

യുർഗൻ ക്ലോപ്പിന്റെ പരിശീലന മികവും, മുൻനിരയിൽ സലാ-മനേ-ഫിർമിനോ ത്രയത്തിന്റെ ശക്തമായ ആക്രമണവുമാണ് ലിവർപൂളിന്റെ കരുത്ത്.  മധ്യനിരയിലും കാര്യമായ പ്രശ്നങ്ങളില്ല. വിർഗിൽ വാൻ ഡിക് നയിക്കുന്ന പ്രതിരോധ നിര അതിശക്തമാണ്. ഗോൾ വല കാക്കാൻ സാക്ഷാൽ അലിസണും കൂടിയാകുമ്പോൾ ലിവർപൂൾ ഫേവറിറ്റുകളാകുന്നു.

അയാക്സ് ആംസ്റ്റർഡാം

നാല് തവണ യൂറോപ്യൻ ചാമ്പ്യന്മാരായവരാണ് അയാക്സ് ആംസ്റ്റർഡാം. അവസാനമായി 95 ലാണ് അയാക്സ് ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടുന്നത്. തൊട്ടടുത്ത വർഷം ഫൈനലിലുമെത്തി. എന്നാൽ അതിനുശേഷം യൂറോപ്യൻ പോരാട്ടങ്ങളിൽ അധികമൊന്നും അയാക്സിന്റെ പേര് ഉയർന്ന് കേൾക്കാറില്ല.

ഇക്കുറി രണ്ടും കൽപിച്ചാണ് അയാക്സിന്റെ കുതിപ്പ്.  ഗ്രൂപ്പ് ഘട്ടത്തിൽ ബയേൺ മ്യൂണിക്കിന് പിറകിൽ രണ്ടാമതായിട്ടായിരുന്നു അയാക്സ് പ്രീക്വാർട്ടറിൽ കടന്നത്. എന്നാൽ, പ്രീക്വാർട്ടറിൽ അവരുടെ പ്രകടനം കണ്ട് ഫുട്ബോൾ ലോകം ഞെട്ടി. നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തായിരുന്നു അയാക്സിന്റെ ക്വാർട്ടർ പ്രവേശനം. ക്വാർട്ടറിൽ അയാക്സിന്റെ കുതിപ്പിന് മുന്നിൽ വീണത് ക്രിസ്റ്റ്യാനോയുടെ യുവന്റസ്. ക്വാർട്ടറിലെ ആദ്യ മത്സരം സമനിലയിലായപ്പോൾ യുവന്റസിനെ അവരുടെ മൈതാനത്ത് വീഴ്ത്തിയായിരുന്നു അയാക്സിന്റെ സെമിയിലേക്കുള്ള വരവ്.

എറിക് ടെൻ ഹാഗിന്റെ കീഴിൽ അയാക്സ് അപകടകാരികളായ സംഘമാണ്. വാൻ ബീക്ക‌്, ഡി ലിറ്റ‌്, ഹക്കിം സിയെച്ച‌്, ഡേവിഡ‌് നെറെസ‌്, ഫ്രെങ്കി ഡി യോങ് എന്നിവർ ഒരൊറ്റ മനസ്സോടെ പൊരുതാനിറങ്ങുമ്പോൾ ഇത്തവണത്തെ യൂറോപ്യൻ കിരീടം അയാക്സിന് ധൈര്യമായി സ്വപ്നം കാണാം.

ടോട്ടനം ഹോട്സ്പർ

1961-62  സീസണിലാണ് ടോട്ടനം അവസാനമായി യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തിയത്. യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ചാമ്പ്യൻസ് ലീഗ് ആയി മാറിയതിനുശേഷം ഇതാദ്യമായാണ് ടോട്ടനം സെമിയിലെത്തുന്നത്.  

ഗ്രൂപ്പ് ഘട്ടത്തിൽ ബാഴ്സലോണക്ക് പിറകിൽ രണ്ടാമതായി കഷ്ടിച്ചാണ് ടോട്ടനം നോക്കൗട്ടിലെത്തിയത്. എന്നാൽ പ്രീക്വാർട്ടറിൽ ജർമൻ ടീം ആയ ബൊറൂസിയ ഡോർട്ട്മുണ്ടിനെ ഇരുപാദങ്ങളിലുമായി നാലു ഗോളിന് ടോട്ടനം തകർത്തു വിട്ടു. ക്വാർട്ടറിൽ കിരീടപ്രതീക്ഷകളുമായി എത്തിയ മാഞ്ചസ്റ്റർ സിറ്റിയാണ് ടോട്ടനത്തിന് മുന്നിൽ വീണത്. എവേ ഗോളിന്റെ പിൻബലത്തിലായിരുന്നു സിറ്റിക്കെതിരെ അവരുടെ സെമി പ്രവേശനം.

മൗറീഷ്യോ പൊച്ചറ്റിനോയെന്ന തന്ത്രശാലിയായ പരിശീലകന്റെ മികവിലാണ് ടോട്ടനത്തിന്റെ സമീപകാല നേട്ടങ്ങളെല്ലാം. ഇംഗ്ലീഷ് നായകൻ ഹാരി കെയിന്റെ മികവിലായിരുന്നു ഇതുവരെ ടോട്ടത്തിന്റെ പ്രയാണം. എന്നാൽ കാലിന് പരിക്കേറ്റ കെയിന് സീസണിൽ ഇനിയുള്ള മത്സരങ്ങൾ കളിക്കാനാവില്ല എന്നത് ടോട്ടനത്തിന് തിരിച്ചടിയാണ്. കെയിന്റെ അഭാവത്തിൽ അവസരത്തിനൊത്തുയർന്ന കൊറിയൻ താരം  സൺ ഹുങ് മിൻ ടീമിന്റെ പ്രതീക്ഷകൾ വാനോളമുയർത്തുന്നു.

കടലാസിലെ കണക്കുകളിൽ വലിയ കാര്യമില്ല എന്നതാണ് കാൽപ്പന്തുകളിയുടെ ഏറ്റവും വലിയ സൗന്ദര്യം. മൈതാനത്തെ ചങ്കുറപ്പും, കഠിനാദ്ധ്വാനവും, ഭാഗ്യവും ആരെ തുണയ്ക്കുമെന്ന കാത്തിരിപ്പിലാണ് ആരാധകർ.