പുറത്താക്കാൻ ചടുലനീക്കം; നിന്ന നിൽപിൽ ധോണിയുടെ കാലുകൾ വിടർന്നത് 2.14 മീറ്റർ

കളിക്കളത്തിൽ മാന്ത്രികന്റെ മെയ്‍വഴക്കമാണ് എംഎസ് ധോണിയെന്ന ഇതിഹാസതാരത്തിന്. പ്രായമേറുന്തോറും മെയ്‍വഴക്കത്തിന്റെ ഗ്രാഫ് മുകളിലേയ്ക്കാണ് മഹേന്ദ്ര സിങ് ധോണിയുടെതെന്ന് ആരാധകർ അത്ഭുതം കൊളളുന്നു.  ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്റി20യ്ക്കിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ധോണിയുടെ മിന്നും പ്രകടനം ആരാധരെ ആവേശത്തിലാഴ്ത്തിയത്. സ്റ്റംപിങ്ങിൽനിന്നു രക്ഷപ്പെടാനായി ഇരുകാലുകളും വശങ്ങളിലേക്ക് വിടർത്തി നിന്ന ധോണിയുടെ പ്രകടനം സമൂഹമാധ്യമങ്ങളിലും തംരഗമായി. 

ഇന്ത്യൻ ഇന്നിങ്സിലെ 11–ാം ഓവറിലാണ് സംഭവം. ആം സാപയുടെ ഓവറിൽ ധോണി കയറിക്കളിക്കാൻ ശ്രമിക്കുമെന്ന് മുൻകൂട്ടി കണ്ട ബൗളർ രണ്ടാം പന്ത് എറിഞ്ഞത് സ്റ്റംപിൽ നിന്ന് അകറ്റി. സാംപയുടെ കണക്കുകൂട്ടലുകൾ പോലെ തന്നെ പന്ത് നേരേ വിക്കറ്റ് കീപ്പറുടെ കൈകളിലേയ്ക്ക്. എന്നാൽ ബൗളറുടെയും വിക്കറ്റ് കീപ്പറുടെയും കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായിരുന്നു ധോണിയുടെ നീക്കം. സ്റ്റംപിങ്ങിനുള്ള സാധ്യത നിലനിൽക്കെ നിന്നിടത്തുനിന്ന് കാൽ നീട്ടിയ ധോണി ക്രീസിൽ തൊട്ടതും വിക്കറ്റ് കീപ്പർ പീറ്റർ ഹാന്‍ഡ്സ്കോംബ് ബെയ്‌ൽസ് തെറിപ്പിച്ചു.

സ്റ്റംപിങ്ങാണോയെന്ന് സംശയമുയർന്നതോടെ ഫീൽഡ് അംപയർ തേർഡ് അംപയറുടെ സഹായം തേടി. റീപ്ലേയിലാണ് ക്രീസിലെ ആ രസകരമായ നിമിഷം കൂടുതൽ വ്യക്തമായത്. നിന്നനിൽപ്പിൽ ക്രീസ് തൊടാൻ ശ്രമിച്ച ധോണി ഇരുവശത്തേക്കുമായി കാലുകൾ അകറ്റിയത് 2.14 മീറ്റർ ദൂരം! ഇതിനു പിന്നാലെ ബാറ്റിങ്ങിൽ സിക്സുകളും ബൗണ്ടറികളും യഥേഷ്ടം പ്രവഹിച്ച ആ ‘പഴയ ധോണി’യുടെ മിന്നലാട്ടം കൂടിയായതോടെ ധോണി ആരാധകർ ശരിക്കും ഹാപ്പി! കഴിഞ്ഞ മൽസരത്തിൽ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിൽ കടുത്ത വിമർശനം നേരിട്ട ധോണി, ഇക്കുറി രണ്ടും കൽപ്പിച്ചായിരുന്നു. 23 പന്തിൽ മൂന്നു വീതം ബൗണ്ടറിയും സിക്സും സഹിതം ധോണി നേടിയത് 40 റൺസ്! സ്ട്രൈക്ക് റേറ്റ് 173.91 ! ഡാർസി ഷോർട്ടിന്റെ ഒരു ഓവറിൽ നേടിയ രണ്ടു പടുകൂറ്റൻ സിക്സുകളും ഒരു ബൗണ്ടറിയും സഹിതമാണിത്. നാലാം വിക്കറ്റിൽ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്കൊപ്പം ധോണി കൂട്ടിച്ചേർത്ത 100 റൺസ് ഇന്ത്യൻ കുതിപ്പിൽ നിർണായകമാവുകയും ചെയ്തു

വിശാഖപട്ടണത്തു നടന്ന ഒന്നാം ട്വന്റി20യിൽ 37 പന്തിൽ 29 റൺസ് നേടിയ ധോണി കടുത്ത വിമർശനമാണ് നേരിട്ടത്. 11–ാം ഓവറിന്റെ ആരംഭത്തിൽ ക്രീസിലെത്തിയ ധോണി ഇന്നിങ്സ് അവസാനിക്കുമ്പോഴും പുറത്താകാതെ നിന്നെങ്കിലും ആകെ നേടാനായത് ഒരു സിക്സ് മാത്രം. ഈ മൽസരത്തിൽ ധോണിയുടെ സ്ട്രൈക്ക് റേറ്റ് 78.38 മാത്രം. ഇത്തരമൊരു സ്ഥിതിയിൽനിന്ന് ധോണി നടത്തിയ തിരിച്ചുവരവ് രാജകീയം എന്നല്ലാതെ എന്തു പറയാൻ!