ലോകം അമ്പരന്നു; വിക്കറ്റിനു പിന്നിൽ ധോണിയാണോ? അല്ല ഷഹ്സാദ്; അമ്പരപ്പിക്കും ഈ വിക്കറ്റ്

കളിക്കളത്തിലെ കൺകെട്ടുകളിക്കാരനാണ് ധോണി. 37–ാം വയസിലും ചടുലവേഗമാണ് ആ ബാറ്റിനും വിക്കറ്റിനു പിന്നിലെ ആ കൈകൾക്കും. ക്രീസിൽ ഉറപ്പിച്ച ബാറ്റ്സ്മാന്റെ കാലുകൾ ഒരിഞ്ച് ഇളകിയാൽ ഉടൻ വിക്കറ്റ് തെറിക്കുമെന്നതാണ് ധോണി വിക്കറ്റിനു പിന്നിലുണ്ടെങ്കിലേ അവസ്ഥ. കുശാഗ്രശാലിയായ ധോണിയെന്ന വിക്കറ്റ് കീപ്പറെ ഓർമ്മിപ്പിച്ചു അഫ്ഗാന്‍ വിക്കറ്റ് കീപ്പര്‍ അഹമദ് ഷഹ്‌സാദ്. 

ധോണിയുടെ വിക്കറ്റ് കീപ്പിങ്ങിനോട് കിടപിടിക്കുന്ന ക്ലാസ് സ്റ്റംപിങ്ങിലൂടെയാണ് ഷഹ്സാദ് ഹൃദയം കവർന്നത്. ഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെയാണ് ഷഹ്‌സാദ് മികച്ച സ്റ്റമ്പിംഗ് കാഴ്ച്ചവെച്ചത്. ബിപിഎല്ലില്‍ ചിറ്റംഗോംഗ് വൈക്കിംഗ്‌സിന്റെ താരമായ ഷഹ്‌സാദ് ധാക്ക ഡൈനാമിറ്റ്‌സിനെതിരെ നടന്ന മത്സരത്തിലായിരുന്നു ഈ നോ ലുക് സ്റ്റമ്പിംഗ് പ്രകടനം പുറത്തെടുത്തത്.

ധാക്ക ഡൈനാമിറ്റ്സ് ബാറ്റ് ചെയ്യുമ്പോൾ നാലാം ഓവറിൽ . ചിറ്റഗോംഗ് സ്പിന്നര്‍ നയീം ഹസനെ നേരിടാന്‍ ധാക്ക താരം മിസാനുര്‍ റഹമാന്‍ ക്രീസ് വിട്ടു. എന്നാൽ ഉദ്യേശിച്ചതു പോലെ നയീം ഹസനെ തൂക്കിയടിക്കാൻ കഴിഞ്ഞില്ല. പന്ത് കണക്ട് ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ പന്ത് പാഡിൽ തട്ടി പിച്ചിൽ വീണു. തിരിഞ്ഞു നോക്കാനോ ക്രീസിൽ ഓടിക്കയറാനോ ചിന്തിച്ചു തീരുന്നതിനു മുൻ‌പേ കുറ്റി വീണു. ഷഹ്സാദിന്റെ ത്രോ. റഹ്മാൻ പടിക്കു പുറത്തു. ലോകം അമ്പരന്നു.