ലോർഡ്സിൽ കൂക്കിവിളിച്ചു; മെൽബണിൽ ധോണി ആരവം; ചരിത്രം ഈ ആദരം

സച്ചിൻ രമേശ് തെണ്ടുൽക്കർ എന്ന ക്രിക്കറ്റ് ദൈവം ക്രീസിൽ നിൽക്കുമ്പോൾ മാത്രമാണ് ആ ആരവം കേട്ടിട്ടുളളത്. പതിനായിരങ്ങൾ ക്രിക്കറ്റ് സ്റ്റേഡിയത്തെ ഇളക്കി മറിക്കുന്ന കാഴ്ച. സച്ചിൻ... സച്ചിൻ.... സച്ചിൻ..... എത്രയെത്ര ഇതിഹാസങ്ങൾ ക്രീസിൽ അവതരിച്ചാലും സാക്ഷാൽ സച്ചിനും മാത്രം ലഭിക്കുന്ന ആദരവം. വാങ്കഡെയിലാണെങ്കിലും ലോകത്തിന്റെ ഏതു കോണിലായാലും സച്ചൻ വാഴ്ത്തലുകൾ കേട്ട് ആവേശഭരിതരായവരാണ് നാം. പിന്നീട് ഒരു കളിക്കാരനും ഇതു പോലെ ആദരിക്കപ്പെട്ടിട്ടില്ല. ഇപ്പോഴിതാ സച്ചിനു ശേഷം ഗ്യാലറികൾ മറ്റൊരാൾക്കു വേണ്ടി ഇളകി മറിയുന്നു. എംഎസ് ധോണി എന്ന ഇന്ത്യയുടെ ഇതിഹാസതാരത്തിനു വേണ്ടി. 

മെൽബണിലെ ചരിത്രം കുറിച്ച ഏകദിനത്തിലാണ് ധോണി ബാറ്റിങ്ങിനായി ഇറങ്ങിയപ്പോൾ മൈതാനത്ത് ഇത്സവപറമ്പാക്കിയ ധോണി... ധോണി... ധോണി...  വിളികൾ ഉയർന്നത്. മെൽബൺ ഗ്രൗണ്ടിൽ നിന്നെടുത്ത വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. മെൽബണിലെ ഏകദിനത്തിൽ ശിഖർ ധവാൻ പുറത്തായതിനു തൊട്ടുപിന്നാലെയാണ് ധോണി ക്രീസിലെത്തുന്നത്. ധോണി ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ‌ ഓസ്ട്രേലിയൻ കാണികൾ വരെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചത് ഹൃദ്യമായ കാഴ്ചയായി.                            

ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് പൂർത്തിയാക്കിയ ലോർഡ്സിലെ ചരിത്ര മൽസരത്തിൽ കാണികളുടെ കൂവലും പരിഹാസവും ഏറ്റ് സ്റ്റേഡിയം വിടേണ്ട ഗതികേടിലായിരുന്നു ഇതിഹാസതാരത്തിന് ലഭിച്ച് ആർപ്പുവിളി ധോണിക്കു കാലം കരുതി വച്ച കാവ്യനീതിയായി. ലോർഡ്സിലെ പരിഹാസത്തിന് കാലം പകരം ചോദിക്കുമെന്ന് അന്ന് തന്നെ ഇതിഹാസ താരം ഗാംഗുലി പറഞ്ഞിരുന്നു.  ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരാളും ചെയ്യാരുതാത്ത കാര്യമാണ് ലോർഡ്സിൽ നടന്നതെന്നായിരുന്നു അന്ന് ഗാംഗുലി തുറന്നടിച്ചത്. ധോണി അത് അർഹിക്കുന്നില്ല.. ധോണിയെ പോലെ ഒരു കളിക്കാരനെ സമീപഭാവിയിൽ നമുക്ക് കണ്ടെടുക്കാൻ സാധിക്കുമോയെന്ന് പോലും സംശയമാണ്. ജീവിച്ചിരിക്കുന്ന ഇതിഹാസമാണ് അയാൾ. അന്ന് ഗാംഗുലി പറഞ്ഞു.