പന്തിനെ ആറാം നമ്പറിൽ ഇറക്കൂ.. സെഞ്ചുറി അടിക്കുന്നത് കാണാം; വാഴ്ത്തി ഗവാസ്കർ

കരിയറിലെ ഉയർന്ന സ്കോർ സിഡ്നിയിലുയര്‍ത്തി ഋഷഭ് പന്ത് താരമായത്. 189 പന്തിൽ 15 ബൗണ്ടറിയും ഒരു സിക്സും സഹിതം നേടിയ 159 റൺസാണ് ഇന്ത്യൻ സ്കോർ 600 കടത്തിയത്. ടെസ്റ്റിൽ പന്തിന്റെ രണ്ടാമത്തെ മാത്രം സെഞ്ചുറി നേടിയതോടെ പന്ത് താരമായി. മൈതാനത്ത് ഓസീസ് നായകൻ ടിം പെയ്നുമായി കൊമ്പുകോർത്തും പന്ത് വാർത്തകളിൽ ഇടം നേടിയ ഓസീസ് മണ്ണിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ആദ്യ സെഞ്ചുറിയെന്ന റെക്കോർഡും പന്തിന്റെ പേരിലായി. ഏഷ്യക്ക് പുറത്ത് രണ്ട് ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറും പന്ത് തന്നെ. ഓസീസ് മണ്ണിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ഈ 21കാരൻ. 

സിഡ്നിയിൽ  204 റണ്‍സാണ് ഏഴാം വിക്കറ്റിൽ ഒന്നിച്ച ഋഷഭ് പന്തും രവീന്ദ്ര ജഡേജയും അടിച്ചുകൂട്ടിയത്. ഓസീസ് മണ്ണില്‍ ഏഴാം വിക്കറ്റിൽ ഏതൊരു ടീമിന്റെയും ഉയർന്ന സ്കോറാണിത്. സ്ഥിരം അവകാശികളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന ആറാം നമ്പർ സ്ഥാനം പന്തിനു നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരം സുനിൽ ഗവാസ്കർ. ഹനുമ വിഹാരി, രോഹിത് ശർമ്മ, ദിനേശ് കാർത്തിക്ക് തുടങ്ങിയവർ പരാജയപ്പെട്ട ആറാം നമ്പറിലേയ്ക്കാണ് പന്തിനെ ഗവാസ്കർ നിർദേശിച്ചത്. 

ആറാം നമ്പർ ഏറെ നിർണായകമാണെന്നും സന്തുലിതമായ ഒരു ടീമിനെയാണ് കളിപ്പിക്കുന്നതെങ്കിൽ ആറാം നമ്പറിൽ ഋഷഭ് പന്തിനെ ഇറക്കണമെന്നും ഗവാസ്കർ പറയുന്നു. ഓരോ മത്സരത്തിലും മൂപ്പത്, നാൽപ്പത് റൺസ് വീതം പന്ത് നേടുന്നു. സിഡ്നിയിൽ 159 റൺസ് അടിച്ചെടുക്കുകയും ചെയ്തു. എപ്പോഴും മികച്ച തുടക്കം ലഭിക്കുന്ന പന്തിനെ ആറാം നമ്പറിൽ ഇറക്കിയാൽ സെഞ്ചുറി നേടുന്നത് കാണാമെന്നും കൂടുതൽ ഉത്തരവാദിത്വം കാണിക്കുമെന്നും ഗവാസ്കർ പറയുന്നു.