‘കാർത്തിക പ്രഭ’യേറ്റ് റോയൽസ് വാടി, നൈറ്റ് റൈഡേഴ്സിനു ജയം

ഐപിഎൽ എലിമിനേറ്ററില്‍ രാജസ്ഥാൻ റോയൽസിനെതിരെ  കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് 25 റൺസിന്റെ ജയം. ജയിക്കാൻ 170 റൺസ് വേണ്ടിയിരുന്ന രാജസ്ഥാൻ റോയൽസിനു നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റിനു 144 റൺസെടുക്കാനെ സാധിച്ചുള്ളൂ. രണ്ടാംക്വാളിഫയറില്‍ നൈറ്റ്റൈഡേഴ്സ് സണ്‍റൈസേഴ്സിനെ നേരിടും

വിജയം ലക്ഷ്യമിട്ട റോയൽസ് ബാറ്റ്സ്മാൻമാർ ഒട്ടും പതറാതെയാണ് ബാറ്റ് വീശിയത്. മികച്ച തുടക്കാണ് രഹാനെയും ത്രിപതിയും നൽകിയത്. സ്കോർ 47 ൽ നിൽക്കെ ത്രിപതി 20 റൺസിനു ഔട്ടായി. എന്നാൽ വൺ ഡൗണായി ഇറങ്ങിയ സഞ്ജു സാംസൺ സ്കോർ ബോർഡ് ചലിപ്പിച്ചു. രഹാനെയും ഫോമിലായിരുന്നു. ഇരുവരും ചേർന്ന് അനായാസം സ്കോർ കണ്ടെത്തി. മോശം പന്തുകൾ തിരഞ്ഞു പിടിച്ച് സഞ്ജു പന്ത് അതിർത്തി കടത്തി. ഇതിനിടെ 46 റൺസെടുത്ത രഹാനെ പുറത്തായി. 41 പന്തുകളിൽ നിന്നും നാലു ഫോറുകളും ഒരു സിക്സും രഹാനെ നേടി. അധികം വൈകാതെ സഞ്ജുവും പുറത്തായത് തിരിച്ചടിയായി. 38 പന്തുകളിൽ നിന്നും നാലു ഫോറും രണ്ടു സിക്സും അടക്കം 50 റൺസാണ് താരം നേടിയത്. 

ഇതോടെ എല്ലാവരുടേയും കണ്ണ് മധ്യനിരയിലേക്കായി. എന്നാൽ ക്ളാസനും ബിന്നിയ്ക്കും പ്രതീക്ഷിച്ച പോലെ റൺസ് കണ്ടെത്താനായില്ല. നൈറ്റ് റൈഡേഴ്സ് ബൗളർമാരുടെ മൂർച്ചയേറിയ പന്തുകൾ ബാറ്റ്സ്മാൻമാരെ വലച്ചു. വമ്പനടിയ്ക്കു ശ്രമിച്ച് ബിന്നി പൂജ്യത്തിനു പുറത്തായി. വിക്കറ്റുകൾ കയ്യിലുണ്ടായിട്ടും അത് മുതലാക്കാൻ ബാറ്റ്സ്മാൻമാർക്കു സാധിച്ചില്ല. ഓരോ പന്തുകളും വ്യത്യസ്തമായി എറിഞ്ഞ് റണ്ണൊഴുക്കു തടയുന്നതിൽ നൈറ്റ് റൈഡേഴ്സ് ബൗളർമാർ വിജയിച്ചു. ഒടുവിൽ നിശ്ചിത ഇരുപതു ഓവറിൽ നാലു വിക്കറ്റിനു 144 റൺസിനു റോയൽസിന്റെ പോരാട്ടം അവസാനിച്ചു. പിയൂഷ് ചൗള രണ്ടും കൃഷ്ണയും കുൽദീപ് യാദവും ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. തുടക്കത്തിലെ കൂട്ടത്തകർച്ചയ്ക്കു ശേഷം ക്യാപ്റ്റൻ ദിനേഷ് കാർത്തിക് പൊരുതി നേടിയ അർധസെഞ്ചുറിയും വാലറ്റത്ത് വിൻഡീസ് താരം ആന്ദ്രെ റസൽ നടത്തിയ ബാറ്റിങ് വെടിക്കെട്ടുമാണ് കൊൽക്കത്തയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 24 റൺസിനിടെ അവരുടെ മൂന്നു പ്രമുഖ താരങ്ങൾ പവലിയനിൽ തിരിച്ചെത്തി. ഒന്നാം ഓവർ എറിയാനെത്തിയ കൃഷ്ണപ്പ ഗൗതത്തിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തി മികച്ച തുടക്കമിട്ട ഓപ്പണർ സുനിൽ നരെയ്ൻ രണ്ടാം പന്തിൽ പുറത്തായി. ഗൗതത്തെ കയറിയടിക്കാൻ ശ്രമിച്ച നരെയ്നെ വിക്കറ്റ് കീപ്പർ ഹെൻറിച്ച് ക്ലാസൻ സ്റ്റംപു ചെയ്തു പുറത്താക്കി.

സ്കോർ പതിനേഴിലെത്തിയപ്പോൾ ഉത്തപ്പയും മടങ്ങി. ഏഴു പന്തിൽ മൂന്നു റൺസെടുത്ത റോബിൻ ഉത്തപ്പയെ ഗൗതം സ്വന്തം ബോളിങ്ങിൽ ക്യാച്ചെടുത്തു പുറത്താക്കി. തൊട്ടുപിന്നാലെ അഞ്ചു പന്തിൽ മൂന്നു റൺസുമായി നിതീഷ് റാണയും മടങ്ങിയതോടെ കൊൽക്കത്ത പ്രതരോധത്തിലായി. ജോഫ്ര ആർച്ചറിന്റെ പന്തിൽ ഉനദ്കടിന് ക്യാച്ച് സമ്മാനിച്ചായിരുന്നു റാണയുടെ മടക്കം.

നാലാം വിക്കറ്റിൽ ക്രിസ് ലിൻ–ദിനേഷ് കാർത്തിക് സഖ്യം പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ടീം സ്കോർ 50 കടന്നതിനു പിന്നാലെ ലിൻ പുറത്തായി. ശ്രേയസ് ഗോപാലിന്റെ പന്തിൽ അദ്ദേഹത്തിനുതന്നെ ക്യാച്ച് നൽകിയായിരുന്നു ലിന്നിന്റെ പുറത്താകൽ. അഞ്ചാം വിക്കറ്റിൽ ഒരുമിച്ച കാർത്തിക്–ശുഭ്മാൻ ഗിൽ സഖ്യം കൊൽക്കത്ത സ്കോർ 100 കടത്തി. അഞ്ചാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 55 റൺസ്.

വ്യക്തിഗത സ്കോർ 28ൽ നിൽക്കെ ഗില്ലിനെ ആർച്ചർ മടക്കി. 17 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ഗിൽ 28 റൺസെടുത്തത്. അർധസെഞ്ചുറി പൂർത്തിയാക്കി ദിനേഷ് കാർത്തിക്കും പുറത്തായി. 38 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 52 റൺസെടുത്ത കാർത്തിക്കിനെ ലാഫ്‍‌ലിന്റെ പന്തിൽ രഹാനെ ക്യച്ചെടുത്തു പുറത്താക്കി.

അവസാന ഓവറുകളിൽ വമ്പൻ അടികളിലൂടെ റൺസ് അടിച്ചുകൂട്ടിയ ആന്ദ്രെ റസലാണ് കൊൽക്കത്ത സ്കോർ 160 കടത്തിയത്. 25 പന്തുകൾ നേരിട്ട റസൽ മൂന്നു ബൗണ്ടറിയും അഞ്ചു സിക്സും സഹിതം 49 റൺസെടുത്ത് പുറത്താകാതെ നിന്നു. രാജസ്ഥാനായി കൃഷ്ണപ്പ ഗൗതം, ജോഫ്ര ആർച്ചർ, ബെൻ ലാഫ്‍ലിൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.