ലോകത്തിന്റെ മനം നിറച്ച് അർച്ചി; ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ഇതിഹാസങ്ങൾ; വിഡിയോ

ഓസീസിനെതിരായ ഇൗ വിജയഭേരിയിൽ ഇന്ത്യ അഭിമാനം കൊള്ളുമ്പോൾ ലോകം നെഞ്ചേറ്റുന്നത് ആ ബാലനെയാണ്. ആരാധകരുടെ ഹൃദയം കീഴടക്കി ഒാസ്ട്രേലിയയുടെ പരാജയത്തെ കൂടിയാണ് അര്‍ച്ചി ഷില്ലറിലൂടെ മറികടക്കുന്നത്. അത്രത്തോളം സ്നേഹമാണ് ഈ ക്രിക്കറ്റ് നാളുകളിൽ അവന് ലോകം നൽകിയത്. മൽസരത്തിന് ശേഷം അതിയായ സന്തോഷത്തോടെയാണ് അർച്ചി ഇന്ത്യന്‍ ടീമിനും മാച്ച് ഒഫീഷ്യല്‍സിനും ഹസ്തദാനം നല്‍കിയത്. ഒരു യഥാർഥ കായികപ്രേമിയുടെ ഉൗർജം അപ്പോഴും അവനിൽ പ്രകടമായിരുന്നു. 

പ്ലെയിംഗ് ഇലവനില്‍ സ്ഥാനം പിടിച്ചില്ലെങ്കിലും മെല്‍ബണില്‍ ഓസ്‌ട്രേലിയയുടെ സഹനായകനായിരുന്നു ഈ എട്ട് വയസുകാരന്‍. ഇന്ത്യന്‍ താരങ്ങളും ടീം സ്റ്റാഫും വലിയ ബഹുമാനത്തോടെയാണ് ആര്‍ച്ചിക്ക് കൈ നല്‍കിയത്.  ഇന്ത്യന്‍ ടീം അർച്ചിയോട് കാണിച്ച ആദരവിനെ ആദം ഗില്‍ക്രിസ്റ്റും മിച്ചല്‍ ജോണ്‍സണ്‍ അടക്കമുള്ള ഇതിഹാസ താരങ്ങള്‍ അഭിനന്ദിക്കുകയും ചെയ്തു. 

ഓസ്ട്രേലിയന്‍ ടീമില്‍ സഹനായകനായി ഇടംപിടിച്ച ആര്‍ച്ചീ ടിം പെയിനിനൊപ്പം ടോസ് ഇടാനും എത്തിയിരുന്നു. മെയ്ക്ക് എ വിഷ് ഓസ്ട്രേലിയ എന്ന സന്നദ്ധ സംഘടനയാണ് പത്ത് തവണ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ അര്‍ച്ചിയുടെ സ്വപ്നം സഫലമാക്കിയത്. സ്റ്റീവ് വോ, പോണ്ടിങ്, ക്ലാര്‍ക്ക് തുടങ്ങിയ മഹാരഥന്‍മാര്‍ അലങ്കാരമാക്കിയ ക്യാപ്റ്റന്‍ സ്ഥാനം. പവലിനയനിലെ പ്രതിഭാധാരാളിത്തം കൊണ്ട് പലര്‍ക്കും അന്യമായ ബാഗി ഗ്രീന്‍ ക്യാപ്പ്. ഇതെല്ലാം കൈപ്പിടിയിലൊതുക്കി ആ കുഞ്ഞുപയ്യന്‍ ലോകത്തിന്റെ കയ്യടി നേടുകയാണ്.

ഏഴ് വയസിനിടെ ഒട്ടേറെ തവണ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആര്‍ച്ചി ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവിട്ടത് ആശുപത്രി കിടക്കയിലായിരുന്നു. പ്രതിസന്ധികളെ പൊരുതിത്തോല്‍പ്പിച്ച ആര്‍ച്ചി ഇപ്പോള്‍ അതിജീവനത്തിന്റെ മുഖമാണ്.