നീന്തൽക്കുളത്തിന്റെ അരികിൽ വച്ച് കയറിപ്പിടിച്ചു; 'മീടു' വിൽ കുടുങ്ങി ക്രിക്കറ്റ് താരം രണതുംഗ

ലൈംഗിക അതിക്രമങ്ങള്‍ സ്ത്രീകള്‍ സ്വയം വെളിപ്പെടുത്തുന്ന മീ ടൂ ക്യാംപെയ്ൻ ശക്തമാകുകയാണ് പല പ്രമുഖരുട മുഖമൂടികൾ വെളിപ്പെടത്തലിൽ അടർന്നു വീഴുകയും ചെയ്തു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും തുറന്നുപറച്ചിലുകള്‍ എന്ന നിലയ്ക്കാണ് മി ടൂ (#metoo) എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയാ ക്യാംപെയ്ന്‍ ആരംഭിച്ചത്. ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഒന്നിലധികം സ്ത്രീകള്‍ ഒരേസമയം ആരോപണവുമായി രംഗത്തെത്തിയതോടെ 2017 ഒക്ടോബറോടെയാണ് ഈ സോഷ്യല്‍ മീഡിയ പ്രചരണം ലോകശ്രദ്ധ നേടിയത്. സിനിമാമേഖലയിൽ ആരംഭിച്ച മീടു സമൂഹത്തിന്റെ നാനാതുറകളിലേയ്ക്ക് വ്യാപിക്കുകയാണ്. വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബർ, മലയാള നടൻ മുകേഷ്, നാനപടേക്കർ, കൈലാഷ് ഖേർ തുടങ്ങിയ പേരുകൾക്കൊപ്പം ക്രിക്കറ്റ് ഇതിഹാസം അർജുന രണതുംഗയും പ്രതിക്കൂട്ടിലാകുകയാണ്. 

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍നായകനും ലോകകപ്പ് ജേതാവുമായ അര്‍ജുന രണതുംഗയ്‌ക്കെതിരെയാണ് ലൈംഗികപീഡനാരോപണം ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യക്കാരിയായ മുന്‍ വിമാനജീവനക്കാരിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശ്രീലങ്കയുടെ ഇന്ത്യാ പര്യടനത്തിനിടെമുംബൈയിലെ ഹോട്ടല്‍ മുറിയില്‍വെച്ച് രണതുംഗ അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. സന്ദർശനവേളയിൽ രണതുംഗ അനുവാദമില്ലാതെ തന്റെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നു.ഉടൻ തന്നെ ഹോട്ടൽ അധികൃതരോട് പരാതി പറഞ്ഞുവെങ്കിലും ഗൗനിച്ചില്ലെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

മുംബൈയിലെ ജുഹു സെന്ററിന്റെ എലവേറ്ററില്‍വച്ചാണ്  ഇന്ത്യയുടെയും ശ്രീലങ്കയുടെയും ടീമംഗങ്ങളെ കണ്ടത്. തന്റെ ക്രിക്കറ്റ് ആരാധികയായ സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ഓട്ടോഗ്രാഫ് വാങ്ങിക്കുവാൻ താരങ്ങളുടെ താമസ സ്ഥലത്ത് എത്തിയത്. അവിടെയെത്തിയ ഞങ്ങള്‍ക്ക് എന്തോ കുടിക്കാന്‍ തന്നു. ഞാന്‍ വേണ്ടെന്നു പറഞ്ഞു. കയ്യില്‍ കരുതിയിരുന്ന കുപ്പിവെള്ളം മാത്രമേ ഉപയോഗിച്ചുള്ളൂ. റൂമില്‍ അവര്‍ ഏഴു പേരുണ്ടായിരുന്നു. ഇപ്പുറത്ത് ഞങ്ങള്‍ രണ്ടുപേരും. അവര്‍ വാതിലടച്ച് താഴിട്ടതോടെ എനിക്കു ഭീതിയായി. അസ്വസ്ഥയായ ഞാന്‍ എത്രയും വേഗം മടങ്ങാമെന്ന് സുഹൃത്തിനോടു പറഞ്ഞു.

താരങ്ങളുടെ ഓട്ടോഗ്രാഫ് വാങ്ങുന്ന തിരക്കിലായതു കൊണ്ട് അവൾ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഇന്ത്യൻ താരങ്ങൾ ആരും തന്നെ അടുത്തുണ്ടായിരുന്നില്ല. നീന്തല്‍ക്കുളത്തിന്റെ സമീപത്ത് കാര്യമായ വെളിച്ചവും ഉണ്ടായിരുന്നില്ല.ഇതിനിടെ അവിടെയുണ്ടായിരുന്ന രണതുംഗ എന്നെ കയറിപ്പിടിച്ചു. അരയില്‍ കൈ ചുറ്റിയ അയാള്‍ എന്റെ നെഞ്ചിനരികിലൂടെ വിരലോടിച്ചു. ഭയന്നുപോയ ഞാന്‍ ശബ്ദമുയര്‍ത്തി. അയാളെ തൊഴിക്കുകയും കാലില്‍ ചവിട്ടുകയും ചെയ്തു. പൊലീസില്‍ പരാതിപ്പെടുമെന്നും പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്നും അയാളെ ഭീഷണിപ്പെടുത്തിയ ഞാന്‍ ഹോട്ടലിന്റെ റിസപ്ഷനിലേക്ക് ഓടി.ഭയചകിതയായ ഞാൻ സംഭവം വിവരിച്ചുവെങ്കിലും ഇതു നിങ്ങളുടെ സ്വകാര്യ കാര്യമാണെന്നായിരുന്നു അവരുടെ പ്രതികരണം. സംഭവത്തില്‍ ഇടപെടാന്‍ അവര്‍ കൂട്ടാക്കിയുമില്ല.യുവതി ഫെയ്സ്ബുക്ക് കുറിപ്പിൽ വിവരിക്കുന്നു.