ഉസ്മാന്‍ ഖാന് ഷൂവിന്‍റെ ചരട് കെട്ടിക്കൊടുത്ത് ചഹാല്‍; വാശിക്കിടെ ഊഷ്മളത, വിഡിയോ

ക്രിക്കറ്റ് ലോകം എല്ലാത്തവണയും നിറ ആവേശത്തോടെ കണ്ടിരിക്കുന്ന പോരാട്ടമാണ് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുമ്പോൾ. ഇന്നലെത്തെ മൽസരത്തിനിടയിലെ ഒരു നല്ല കാഴ്ചകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പാക്കിസ്ഥാനെ എട്ടുവിക്കറ്റിന് തറപറ്റിച്ച് ഇന്ത്യ ഒരിക്കൽ കൂടി കരുത്ത് തെളിയിച്ചപ്പോൾ ഇരു രാജ്യത്തിന്റെയും ആരാധകരുടെ മനം കവർന്നത് മറ്റൊന്നായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാക്കിസ്ഥാന്‍റെ പോരാട്ടം 162 റണ്‍സില്‍ അവസാനിച്ചു. മറുപടി ബാറ്റിങ്ങില്‍ 29 ഓവറില്‍ ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍  ലക്ഷ്യം മറികടന്നു. രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യന്‍ വിജയത്തെ എളുപ്പമാക്കിയത്. എന്നാല്‍, വീറും വാശിയും പരസ്പരം മൽസരിച്ച നിമിഷങ്ങളിൽ  ഇന്ത്യന്‍ താരം ചഹാല്‍ കാണിച്ച മനസിനെയാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ വാനോളം പുകഴ്ത്തുന്നത്. ഓവറിനിടെ പാക് താരം ഉസ്മാന്‍ ഖാന് വിക്കറ്റിനിടയില്‍ ഓടുന്നതിന് ഷൂവിന്‍റെ മുറുക്കമില്ലായ്മ തടസമായി. ഇതോടെ ചഹാല്‍ മുട്ടുകുത്തി ഉസ്മാന്‍റെ ഷൂവിന്‍റെ ചരട് മുറക്കി നല്‍കുകയായിരുന്നു. പരസ്പരം ആക്രമണ സ്വഭാവത്തോടെ കളത്തില്‍ പോരാടുമ്പോഴും എതിര്‍ താരത്തിനോട് മാന്യത പുലര്‍ത്തുന്ന ചഹാലിനെ അഭിനന്ദിച്ച് ഒട്ടേറെ പേർ രംഗത്തെത്തി.  

നേരത്തെ, സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും ഇന്ത്യന്‍ ടീമിന്റെയും കടുത്ത ആരാധകനായ സുധീര്‍ കുമാര്‍ ഗൗതത്തിന് ഏഷ്യാ കപ്പ് കാണാന്‍ യുഎഇയിലെത്താന്‍ സാമ്പത്തിക സഹായവുമായി എത്തിയത് പാക്കിസ്ഥാന്റെ കടുത്ത ആരാധകനും ഷിക്കാഗോ ചാച്ചയെന്ന് അറിയപ്പെടുന്ന മുഹമ്മദ് ബഷീറായിരുന്നു.