ഇന്ത്യൻ ടീമിന് മേൽ സമ്മർദം; മോശം പ്രകടനത്തിൽ അതൃപ്തി

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുന്‍പ് ഇന്ത്യന്‍ ടീമിന് മേല്‍ സമ്മര്‍ദ്ദമേറുന്നു. പരിശീലകനോടും ക്യാപ്റ്റനോടും ബിസിസിഐ വിശദീകരണം തേടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, സുപ്രീം കോടതി നിയോഗിച്ച ഭരണസമിതി രവി ശാസ്ത്രിയെ അതൃപ്തി അറിയിച്ചു. 

2014ലെ ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തിന് ശേഷമാണ് രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ ഡയറക്ടര്‍ സ്ഥാനത്തെത്തുന്നത്. പിന്നീട് പരിശീലകനുമായി. ക്യാപ്റ്റന്‍ കോഹ്‌ലിയുടേയും കോച്ച് ശാസ്ത്രിയുടേയും തീരുമാനങ്ങളെ ഒരു തരത്തിലും ചോദ്യം ചെയ്തില്ല ക്രിക്കറ്റ് ബോര്‍ഡ്. എന്നാല്‍ മറ്റൊരു ഇംഗ്ലണ്ട് പര്യടനം പൂര്‍ത്തിയാകും മുന്‍പ് തന്നെ കോഹ്‌ലി–ശാസ്ത്രി സഖ്യത്തിന്റെ അപ്രമാദിത്തം ചോദ്യം ചെയ്യുപ്പെടുകയാണ്. സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് രവി ശാസ്ത്രിയെ അതൃപ്തി അറിയിച്ചു. മുന്നൊരുക്കത്തിന് ആവശ്യം പോലെ സമയം ലഭിച്ചിട്ടും ഇതു പോലുള്ള പ്രകടനം സ്വീകാര്യമല്ലെന്ന് സമിതി വ്യക്തമാക്കി. 

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സമയം ആവശ്യമാണെന്ന് അറിയിച്ചതിനാല്‍ വളരെ നേരത്തെ തന്നെ ടീമിനെ അയച്ചതാണെന്നും ശാസ്ത്രിയെ ഓര്‍മപ്പെടുത്തി. ടീം ഇംഗ്ലണ്ടില്‍ നിന്നും തിരിച്ചെത്തിയാല്‍ ഉടന്‍ സിലക്ടര്‍മാരെയും ഉള്‍പ്പെടുത്തി യോഗം വിളിക്കാനാണ് സമിതിയുടെ തീരുമാനം. ക്യാപ്റ്റന‌ോടും പരിശീലകനോടും വിശദീകരണം തേടാന്‍ ബിസിസിയും തിരുമാനിച്ചിട്ടുണ്ട്.  ശനിയാഴ്ച തുടങ്ങുന്ന മൂന്നാമത്തെ ടെസ്റ്റിന്റെ ഫലമറിഞ്ഞ ശേഷം അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ തിരഞ്ഞെടുത്താല്‍ മതിയെന്നാണ് ബിസിസിഐയുടെ തീരുമാനം. ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാറും ഫീല്‍ഡിങ് കോച്ച് ആര്‍.ശ്രീധറും  ടീമിന്റെ മോശം പ്രകടനത്തില്‍ വിമര്‍ശനമേറ്റുവാങ്ങുന്നുണ്ട്.