കോഹ്‌ലിയ്ക്കു മുന്നറിയിപ്പ് നൽകിയിട്ടില്ല, വ്യാജവാർത്തയ്ക്കെതിരെ ഗാംഗുലി

വ്യാജവാർത്തകൾ അരങ്ങും വാഴും കാലമാണിത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ സൗരവ് ഗാംഗുലിയുടെ പേരിലും ഇറങ്ങി ഒരു വ്യാജവാർത്ത. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഉടച്ചു വാർത്താൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇക്കാര്യത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയ്ക്കു മുന്നറിയിപ്പ് നൽകി എന്ന തരത്തിൽ ഗാംഗുലിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വന്ന വാർത്തയാണ് വിവാദമായത്. 

മുരളി വിജയും അജിങ്ക്യ രഹാനയും കുറച്ചു കൂടി നിശ്ചയദാർഢ്യം കാണിക്കണമെന്നും കോഹ്‌ലിയുടെ ക്യാപ്റ്റൻസിയാണ് ഇംഗ്ളണ്ടിനെതിരായ തോൽവിക്കു കാരണമെന്നു കരുതുന്നില്ലെന്നും വ്യാജപോസ്റ്റിൽ പറയുന്നു. എന്നാൽ തന്റെ പേരിലുള്ള ഈ ഇൻസ്റ്റഗ്രാം അക്കൗണ്ട് വ്യാജമാണെന്നും ഇത് വാർത്തയാക്കരുതെന്നും ഗാംഗുലി ട്വീറ്റ് ചെയ്തു. താൻ അത്തരം മുന്നറിയിപ്പുകളൊന്നും ആർക്കും നൽകിയിട്ടില്ല. വ്യാജ അക്കൗണ്ടിന്റെ വിവരം ഇൻസ്റ്റഗ്രാം അധികൃതരെ അറിയിക്കുമെന്നും ഗാംഗുലി ട്വിറ്ററിലൂടെ അറിയിച്ചു. എന്തായായും ഗാംഗുലിയുടെ പ്രതികരണത്തിനു പിന്നാലെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമാകുകയും ചെയ്തു. 

ഗാംഗുലിയുടെ പേരില്‍ വന്ന വ്യാജ പോസ്റ്റിൽനിന്ന്:

ടീമംഗങ്ങൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കുകയാണ് വേണ്ടതെന്നും ഗാംഗുലിയുടെ പേരിലുള്ള വ്യാജ പോസ്റ്റിൽ കുറിച്ചിരുന്നു. ടെസ്റ്റ് മൽസരത്തിൽ ജയിക്കണമെങ്കിൽ എല്ലാവരും സ്കോർ ചെയ്തേ മതിയാകൂ. അഞ്ച് മൽസരങ്ങളുള്ള പരമ്പരയിലെ ഒരു മൽസരം മാത്രമേ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ. ഇനിയും നാലു മൽസരങ്ങൾ നടക്കാനുണ്ട്. തിരിച്ചടികളിൽനിന്ന് പാഠം ഉൾക്കൊണ്ട് തിരിച്ചുവരാൻ ഈ ടീമിന് സാധിക്കുമെന്നാണ് എന്റെ ഉറച്ച വിശ്വാസം.

ഇത്തരം സാഹചര്യങ്ങളിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള മുരളി വിജയും അജിങ്ക്യ രഹാനെയും കുറച്ചുകൂടി നിശ്ചയദാർഢ്യം കാട്ടണം. ക്യാപ്റ്റനാണ് തോൽവിക്കു കാരണമെന്ന് ഞാൻ കരുതുന്നില്ല. ആരു ക്യാപ്റ്റനായാലും വിജയങ്ങളിൽ അഭിനന്ദനം ഏറ്റുവാങ്ങുന്നതുപോലെ പരാജയങ്ങളിൽ വിമർശനങ്ങളും സ്വാഭാവികമാണ്.

ടീമിലുള്ളവർക്ക് മികവു കാട്ടാൻ കൂടുതൽ അവസരം നൽകുകയാണ് കോഹ്‍ലി ചെയ്യേണ്ടത്. ഫോമില്ലായ്മയുടെ പേരിൽ താരങ്ങളെ പുറത്തിരുത്തും മുൻപ് അവർക്ക് മതിയായ അവസരം നൽകണം. പേസിനും സ്വിങ്ങിനും ആവശ്യത്തിലധികം പിന്തുണ ലഭിക്കുന്ന ഇംഗ്ലണ്ടിലെ പിച്ചുകളിൽ ഒരിക്കൽ പരാജയപ്പെട്ടതിന്റെ പേരിൽ ടീമിൽനിന്നും പുറത്താക്കുന്നത് ശരിയല്ലെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിലെ പിച്ചുകളിൽ ഇതുതന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

എങ്കിലും എപ്പോഴും ഇത്തരം ഒഴികഴിവുകൾക്ക് സ്ഥാനമില്ല. 2011ലും 2014ലും നമുക്ക് ഇവിടെ പരമ്പര നഷ്ടമായിരുന്നു. ഇക്കുറി നാമത് നേടിയേ തീരൂ. ബാറ്റിങ് നിര താളം കണ്ടെത്തണം. ഓസ്ട്രേലിയൻ പിച്ചുകളിൽ പേസ് ലഭിക്കുന്നതുപോലെ ഇംഗ്ലണ്ടിൽ സ്വിങ് ലഭിക്കുമെന്നത് എല്ലാവർക്കും അറിയാവുന്നതാണ്.

ടീമംഗങ്ങൾക്ക് ആത്മവിശ്വാസം പകരാൻ ക്യാപ്റ്റന് സാധിക്കണം. ഇത് ക്യാപ്റ്റന്റെ ടീമാണ്. താരങ്ങളിൽ ആത്മവിശ്വാസം നിറയ്ക്കാൻ അയാൾക്കേ കഴിയൂ. സഹതാരങ്ങൾക്കൊപ്പം സമയം ചെലവഴിച്ച്, തനിക്ക് സാധിക്കുമെങ്കിൽ എല്ലാവർക്കും സാധിക്കുമെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കണം. എല്ലാവർക്കും മതിയായ സമയം നൽകാനും ധൈര്യപൂർവം കളിക്കാനുള്ള ആത്മവിശ്വാസം പകരാനും ക്യാപ്റ്റനു സാധിക്കണം.

ഒരു കളിയിലെ പരാജയത്തിന്റെ പേരിൽ പുറത്തിരുത്തിയാൽ, തന്നിൽ ടീം മാനേജമെന്റിന് വിശ്വാസമില്ലെന്ന തോന്നൽ കളിക്കാർക്ക് വന്നേക്കാം. ഒറ്റക്കെട്ടായി നിന്ന് വിജയത്തിനായി ശ്രമിക്കണം. ഇതിന് വിദേശ പരമ്പരളിൽ മികവുകാട്ടിയിട്ടുള്ള മുൻ ടീമുകളെ മാതൃകയാക്കാം. സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, വീരേന്ദർ സേവാഗ് എന്നിവർക്കൊപ്പം താനും കൂടി ചേർന്ന് നേടിയിട്ടുള്ള വിജയങ്ങൾ പ്രചോദനമാകണം.