നിർത്താതെ കരഞ്ഞു;പന്തിനെപ്പോലും വെറുത്തു; തോൽവിയുടെ നാളുകളെക്കുറിച്ച് നെയ്മർ

ലോകകപ്പിലെ ബ്രസീലിന്റെ തോല്‍വിക്കുശേഷം അനുഭവിച്ച മാനസികസംഘർഷങ്ങളെക്കുറിച്ച് മനസ്സുതുറന്ന് നെയ്മർ. ക്വാര്‍ട്ടറിൽ ബെല്‍ജിയത്തോടേറ്റ തോൽവിയിൽ വളരെയധികം നിരാശനായിരുന്നെന്നും പന്തിലേക്ക് നോക്കാൻ പോലും ഇഷ്ടപ്പെട്ടിരുന്നില്ലെന്നും നെയ്മർ പറയുന്നു. അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. 

''കുറെ കരഞ്ഞു. വളരെയധികം നിരാശനായിരുന്നു. ആ തോൽവിക്കുശേഷം പന്തിലേക്ക് നോക്കാൻ പോലും ഇഷ്ടപ്പെട്ടില്ല. തുടർന്നുള്ള മത്സരങ്ങളൊന്നും കാണണമെന്നും ഉണ്ടായിരുന്നില്ല. പക്ഷേ എനിക്കൊരു മകനുണ്ട്, കുടുംബമുണ്ട്, സുഹൃത്തുക്കളുണ്ട്. അവരൊന്നും എന്നെ ഈ അവസ്ഥയിൽ കാണാൻ ആഗ്രഹിച്ചിരുന്നില്ല. വിഷമിച്ചിരിക്കുന്നതിനേക്കാൾ സന്തോഷിക്കാൻ കാരണങ്ങളുണ്ടെന്ന് മനസ്സിലാക്കി'', നെയ്മര്‍ പറഞ്ഞു. 

''ഒരു ഘട്ടത്തിൽ ഇനി കളിക്കണോ എന്നുപോലും ചിന്തിച്ചു. പക്ഷേ കളിക്കാതിരിക്കാൻ എനിക്ക് കഴിയില്ലല്ലോ''.

റയൽ മാഡ്രിഡിലേക്കുള്ള ട്രാൻസ്ഫർ വാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ; ''അതെല്ലാം മാധ്യമസൃഷ്ടി മാത്രമാണ്. ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാറില്ല.''

കഴിഞ്ഞ വർഷമാണ് ബാഴ്സലോണയിൽ നിന്ന് നെയ്മർ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്കെത്തിയത്. അമിതപ്രതീക്ഷ സമ്മർദ്ദത്തിലാക്കാറില്ലെന്നാണ് നെയ്മർ പറയുന്നത്. ''മികച്ച താരങ്ങൾക്കെല്ലാം സമ്മർദ്ദമുണ്ട്. ബ്രസീലിനുവേണ്ടി കളിക്കുമ്പോഴും ക്ലബ്ബിൽ കളിക്കുമ്പോഴും ഒരേ ഉത്തരവാദിത്തമാണ്. സമ്മർദ്ദത്തെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചും പതിനേഴ് വയസ്സുള്ളപ്പോൾ തന്നെ വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്.''

മൈതാനത്തെ അഭിനയത്തിന് നെയ്മറിനെ കളിയാക്കി നിരവധി ട്രോളുകൾ പ്രചരിച്ചിരുന്നു. ''ഫൗൾ ചെയ്യുന്ന ആളെയല്ല, ഫൗളിനിരയാകുന്ന ആളെ വിമർശിക്കാനാണ് ആളുകൾക്ക് താത്പര്യം. ചവിട്ടുകൊള്ളാനല്ല, കളിക്കാനും ജയിക്കാനുമാണ് ലോകകപ്പിനെത്തിയത്. വിമര്‍ശനങ്ങളും പരിഹാസവും ചില ഘട്ടങ്ങളിൽ അതിരുവിട്ടതായി തോന്നി, പക്ഷേ അതെന്നെ ബാധിക്കുന്നില്ല''

ക്വാർട്ടറിൽ ബെൽജിയത്തോട് തോറ്റാണ് ബ്രസീൽ പുറത്തായത്. ലോകകപ്പിന് ശേഷം ഇതാദ്യമായാണ് നെയ്മർ മനസ്സുതുറക്കുന്നത്.