ലോകകപ്പ് മല്‍സരഫലങ്ങള്‍ കൃത്യമായി പ്രവചിച്ച് അക്കിലിസ് പൂച്ച

ലോകകപ്പ് ഫുട്ബോളിലെ മല്‍സരഫലങ്ങള്‍ കൃത്യമായി പ്രവചിച്ച് ശ്രദ്ധ നേടിയ അക്കിലിസ് പൂച്ചയെ കാണാമിനി. സെന്റ് പീറ്റേഴ്സ് ബര്‍ഗിലുള്ള സ്റ്റേറ്റ് ഹെര്‍മിറ്റേജ് മ്യൂസിയത്തില്‍ വി.ഐ.പി ആയി കഴിയുകയാണ് അക്കിലിസ്. മോസ്ക്കോയില്‍ നിന്ന് മലയാള മനോരമ പ്രതിനിധി മുഹമ്മദ് ദാവൂദ് തയാറാക്കിയ റിപ്പോര്‍ട്ടിലേക്ക്. 

അതിപ്രശസ്തമായ ഹെര്‍മിറ്റേജ് മ്യൂസിയത്തിന്റെ അണ്ടര്‍ഗ്രൗണ്ടെന്നാല്‍ ഒരു മാര്‍ജാര സാമ്രാജ്യമാണ്. അലസമായി, അരെയും പേടിക്കാതെ സസുഖം കഴിയുന്ന പൂച്ചകള്‍ രാജാക്കന്‍മാരെ പോലെ വിലസുന്നു.. അതിലൊന്നാണ് അക്കിലീസും.. ലോകകപ്പ് സമയമായതിനാലും, അല്‍പം പ്രശസ്തി സ്വന്തമായതിനാലും ക്യാറ്റ് റിപ്പബ്ലിക് എന്ന കഫേയിലാണ് അക്കിലീസിന്റെ താമസം. വെറുത ചെന്നാലൊന്നും കാണാനാവില്ല ഈ പൂച്ച ശ്രേഷ്ഠനെ.. അഞ്ഞൂറ്  റൂബിള്‍ നല്‍കി വേണം അകത്തു ചെല്ലാന്‍.. അകത്തു ചെന്നാല്‍ അക്കിലിസിനെ എന്നല്ല ക്യാറ്റ് റിപ്പബ്ലിക്കിലെ പത്തന്‍പത് പൂച്ചകളില്‍  ഏതിനെയും ലാളിക്കാം. അക്കിലിസിന്റെ പ്രവചന ശക്തി പക്ഷെ മറ്റ് പൂച്ചകള്‍ക്കില്ലെന്ന് മാത്രം. ഇതുവരെ നാലു മല്‍സരങ്ങളുടെ ഫലങ്ങള്‍ അക്കിലിസ് കൃത്യമായി പ്രവചിച്ചു. ചെവി കേള്‍ക്കാത്തവനായതു കൊണ്ട് ആരാധകരുടെ സമ്മര്‍ദമൊന്നുമില്ലാതെ പ്രവചനം നടത്താന്‍ അക്കിലിസിന് കഴിയുന്നുണ്ടെന്നാണ് മ്യൂസിയത്തിലെ നടത്തിപ്പുകാര്‍ പറയുന്നത്.

18–ാം നൂറ്റാണ്ടിൽ റഷ്യ ഭരിച്ചിരുന്ന എലിസബത്ത് പെട്രോവ്നയുടെ നിർദ്ദേശപ്രകാരമാണ് മ്യൂസിയത്തിൽ പൂച്ചകളെ വളർത്താൻ തുടങ്ങിയത്.  ചരിത്ര വസ്തുക്കളെപ്പോലെ  മ്യൂസിയത്തിലെ പൂച്ചകളും കാലക്രമേണ  പ്രശസ്തരായി. എന്നാല്‍,  വെള്ളാരം കണ്ണുള്ള ഈ മിണ്ടാപ്പൂച്ചയ‌ുടെ അത്രയും പ്രശസ്തി മറ്റ് മാര്‍ജാരന്‍മാര്‍ക്കൊന്നും നേടാനായിട്ടില്ലെന്നു മാത്രം.