92ലെ ഇന്ത്യയുടെ തോൽവി മറക്കാതെ ആരാധകർ; കളി ഒാർമ

ഏതാണ്ട് ഇന്ത്യ–പാക്കിസ്ഥാന്‍ മല്‍സരത്തിന്റെ അത്ര വൈര്യം ഇന്ത്യ–ഓസ്ട്രേലിയ മല്‍സരത്തിനുമുണ്ട്. 1992– ലോകകപ്പിലെ ഇന്ത്യ–ഓസ്ട്രേലിയ മല്‍സരം ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ഇന്നും മായാതെ നില്‍ക്കുന്നതാണ്. അന്ന് ഒരു റണ്ണിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

90 റണ്‍സെടുത്ത ഡീന്‍ ജോണ്‍സിന്റേയും 43 റണ്‍സെടുത്ത ഡേവിഡ് ബൂണിന്റേയും മികവിലാണ് ഓസ്ട്രേലിയ 237 റണ്‍സ് എടുത്തത്. മഴകാരണം വിജയലക്ഷ്യം 236 ആയി പുനര്‍ നിര്‍ണയിച്ചു. റണ്ണൗട്ടുകളില്‍ വിധിനിര്‍ണയിച്ച മല്‍സരമായിരുന്നു അത്. 

സഞ്ജയ് മഞ്ജരേക്കര്‍ ക്രീസില്‍ നില്‍ക്കും വരെ ഇന്ത്യ ജയം സ്വപ്നം കണ്ടിരുന്നു. എന്നാല്‍ 47 റണ്‍സെടുത്ത മഞ്ജരേക്കറെ മടക്കി ബൂണിന്റെ ബ്രേക്ക് ത്രൂ...

അതോടെ മല്‍സരം ആവേശത്തിലേക്ക്... നാല് പന്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് അഞ്ച് റണ്‍സ്. കിരണ്‍ മോറെയുടെ മിഡില്‍ സ്റ്റംപ് വീഴ്ത്തി ഓസീസ് പ്രഹരം.

അവസാന പന്തില്‍ വേണ്ടിയിരുന്നത് നാല് റണ്‍സ്. വെങ്കടപതി രാജുവിന്റെ ഷോട്ട് സ്റ്റീവ് വോയ്ക്ക് അടുത്തേക്ക്. പക്ഷേ ക്യാച്ചെടുക്കാന്‍ വോയ്ക്കായില്ല. അതോടെ മൂന്നാംറണ്ണിനായി രാജു ഓടി. 

വോയുടെ കയ്യില്‍ നിന്ന് പന്ത് ബൂണിലേക്ക്. പിന്നെ സംഭവിച്ചത് ഇതായിരുന്നു ഇന്ത്യന്‍ ആരാധകര്‍ മുഖം പൊത്തിക്കരഞ്ഞപ്പോള്‍ ഓസ്ട്രേലിയ അവിശ്വസനീയജയത്തിന്റെ ത്രില്ലിലായിരുന്നു.