കുട്ടിഞ്ഞോയുടെ തലയില്‍ മുട്ടയേറ്; നെയ്മറുടെ കുസൃതി: വിഡിയോ

കാൽപന്തുകളിയുടെ ആവേശത്തിലാണ് ബ്രസീൽ. മത്സരങ്ങൾ കാണുന്നതിനായി ബ്രസീലിലെ വിദ്യാലയങ്ങളുടെയും ഓഫീസുകളുടെയും പ്രവർത്തന സമയം തന്നെ മാറ്റി. ഫുട്ബോളിനെ നെഞ്ചോടു ചേര്‍ത്ത ഈ ജനത ലോകവേദികളെ ശബ്ദമുഖരിതമാക്കുന്നു. തങ്ങളുടെ ടീം കപ്പ് ഉയർത്തുന്നത് കാത്ത് പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഈ ജനത. ലോകകപ്പ് കിരീടത്തിൽ കുറഞ്ഞതൊന്നും ബ്രസീൽ ആഗ്രഹിക്കുന്നുമില്ല. എന്നാൽ ഈ പിരിമുറുക്കം തങ്ങളുടെ പരിശീലനത്തെ ബാധിക്കാതിരിക്കാൻ ഓരോ മിനിറ്റും ജാഗ്രത പുലർത്തുന്നുണ്ട് ബ്രസിൽ ടീം. പരിശീലനത്തിനിടെ കളിച്ചും ചിരിച്ചും വികൃതികൾ ഒപ്പിച്ചും ആഘോഷിക്കുകയാണ് നെയ്മറും സംഘവും. 

ബ്രസീൽ സൂപ്പർതാരം ഫിലിപ്പെ കുട്ടീഞ്ഞോയുടെ ജൻമദിനം ബ്രസീൽ ടീം അംഗങ്ങൾ ആഘോഷിച്ച രീതി സമൂഹമാധ്യമങ്ങളിൽ കുസൃതിക്കാഴ്ചയായി. കുട്ടിഞ്ഞോയുടെ തലയിൽ മുട്ടകളെറിഞ്ഞാണ് നെയ്മറും കൂട്ടരും പിറന്നാൾ ആഘോഷം ഗംഭീരമാക്കിയത്. നെയ്മറാണ് ഈ കുസൃതിയ്ക്ക് നേതൃത്വം കൊടുത്തത്. പരിശീലനത്തിനുളള ബാഗിൽ മുട്ടകൾ ഒളിപ്പിച്ച് കടത്തിയ നെയ്മർ സഹതാരങ്ങൾക്ക് കൈമാറുകയായിരുന്നു. പരിശീലനത്തിനിടെ അപ്രതീക്ഷിത ആക്രമണത്തിൽ പകച്ച കുട്ടീഞ്ഞോ നെയ്മറെ ഓടിച്ചു വിടുന്നതും കാണാമായിരുന്നു. ബ്രസീൽ താരങ്ങളുടെ കുസൃതി സമൂഹമാധ്യങ്ങൾ എറ്റെടുക്കുകയും ചെയ്തു. 

അവസാന സന്നാഹ മൽസരത്തിൽ ഓസ്ട്രിയയെ 3–0നു തകർത്തതിന്റെ ആത്മവിശ്വാസത്തോടെയാണ് നെയ്മറും സംഘവും റഷ്യയിൽ എത്തിയത്.മുപ്പത്താറാം മിനിറ്റിൽ യുവതാരം ഗബ്രിയേൽ ജെസൂസ് തുടങ്ങിവച്ച ഗോൾവേട്ട നെയ്മറും(63) ഫിലിപ്പെ കുട്ടീഞ്ഞോയും(69) ആണ് പൂർത്തിയാക്കിയത്.. ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ആദ്യ ഇലവനിൽ  നെയ്മർ ഇറങ്ങിയത്. കഴിഞ്ഞ സന്നാഹമൽസരത്തിലെ ഭേദപ്പെട്ട പ്രകടനത്തിനു പിന്നാലെ സൂപ്പർതാരം ഉജ്വല ഫോമിലേക്കുയർന്നത് കാനറിക്കൂട്ടത്തിന് പ്രതീക്ഷ നൽകും. ലോകകപ്പിലെ സാധ്യതാ ടീമുകൾ മുൻഗണന കൽപിക്കപ്പെടുന്ന ബ്രസീലിന്റെ ആദ്യ മൽസരം 17ന് സ്വിറ്റസർലൻഡിന് എതിരെയാണ്.