ഭാര്യയുടെ മനമുരുകിയില്ല; മകളുടെ ചിത്രവുമായി ഷമിയുടെ വൈകാരിക ട്വീറ്റ്

തന്റെ മകളുടെ ഭാവിയെ കരുതി ഭാര്യ ഹസിൻ ജഹാനുമായുളള പ്രശ്നങ്ങൾ പരിഹരിക്കാൻ തയ്യാറാണെന്ന് വാർത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൈകാരിക പ്രതികരണവുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഇത്തവണ മകളുടെ ചിത്രം ട്വീറ്റ് ചെയ്താണ് ഷമിയുടെ വൈകാരിക പ്രതികരണം. ചൊക്ലേറ്റ് ലവർ നിന്നെ മിസ് ചെയ്യുന്നു എന്ന തലവാചകവും ട്വീറ്റിനൊപ്പമുണ്ട്. ചിത്രത്തിന് താഴെ ഷമിയെ അനുകൂലിച്ചുളള അതിവൈകാരിക കുറിപ്പുകളും ഇടം പിടിച്ചു കഴിഞ്ഞു.

കേസും വിവാദവുമായി ഉലയുന്ന ദാമ്പത്യ ബന്ധം തകരാതിരിക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന മുഹമ്മദ് ഷമിയുടെ പ്രസ്താവനയെ ഹസിൻ ജഹാൻ തളളിക്കളഞ്ഞിരുന്നു. കൊൽക്കത്തയിലെത്തി ഹസിനുമായും കുടുംബാംഗങ്ങളുമായും ഒത്തുതീർപ്പ് ചർച്ച നടത്താനും താൻ ഒരുക്കമാണെന്ന് ഷമി പറഞ്ഞിരുന്നു. 

ഷമിയുമായി ഒരുതരത്തിലുമുള്ള അനുരഞ്ജനത്തിനും താൻ തയ്യാറല്ലന്ന് ഹസിൻ ജഹാൻ കൊൽക്കത്തയിലെ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.ഷമി കുടുംബത്തിന്റെ എല്ലാ സീമകളും ലംഘിച്ചു. ഇനിയൊരു ഒത്തുതീർപ്പിന് തനിക്കാവില്ലന്നും ഹസിൻ ജഹാൻ കൂട്ടിച്ചേർത്തു. ഷമിയുടെ ഫോൺ താൻ കണ്ടെത്തിയില്ലായിരുന്നെങ്കിൽ തന്നെ തന്ത്രപൂർവ്വം ഷമി ഒഴിവാക്കുമായിരുന്നുവെന്നും ഹസിൻ ജഹാൻ പറഞ്ഞു. തനിക്ക് ആകാവുന്നത് പോലെ ഷമിയുടെ തെറ്റുകളെ മനസിലാക്കി കൊടുക്കാനും,സംസാരിക്കാനും ശ്രമിച്ചിരുന്നു. പക്ഷേ തന്റെ ശ്രമങ്ങളോട് ഷമി മുഖം തിരിക്കുകയാണ് ഉണ്ടായത്. എന്നാൽ ഷമി തന്റെ തെറ്റുകൾ മനസിലാക്കി കുടുംബത്തെ ഉൾക്കൊള്ളുന്ന നിമിഷത്തിൽ ഷമിയുമായി വിട്ടുവീഴ്ച്ചയ്ക്ക് തയാറാണന്നും ഹസിൻ പറ‍ഞ്ഞു.

തനിക്കെതിരായ ഭാര്യയുടെ ആരോപണങ്ങളില്‍ ശക്തവും വ്യക്തവുമായ അന്വേഷണം വേണമെന്ന് ‌ മുഹമ്മദ് ഷമി ആവശ്യപ്പെട്ടിരുന്നു. ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നതടക്കമുള്ള ഭാര്യ ഹസിന്‍ ജഹാന്‍റെ ആരോപണങ്ങളില്‍ വധശ്രമത്തിന് കേസെടുത്തതിന് പിന്നാലെയാണ് താരത്തിന്‍റെ ആവശ്യം. മോഡലും കൊൽക്കത്താ നൈറ്റ് റൈഡേഴ്സിന്റെ ചിയർ ഗേളുമായിരുന്ന ഹസിൻ ജഹാനെ 2012 ലാണ് ഷമി വിവാഹം കഴിച്ചത്.കഴിഞ്ഞ ജനുവരിയിൽ ദക്ഷിണാഫ്രിക്കൻ പര്യടനം കഴിഞ്ഞ് എത്തിയതുമുതൽ ഷമി തന്നെ പീഡിപ്പിക്കുകയാണെന്ന് കാട്ടി ഹസിൻ കൊൽക്കത്താ പൊലീസിൽ നൽകിയ പരാതിയിൽ എഫ്.ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു.

ഷമിക്ക് പാകിസ്ഥാനിൽ നിന്നുള്ളത് ഉൾപ്പെടെ നിരവധി പെൺകുട്ടികളുമായും ഒത്തുകളിക്കാരുമായും ബന്ധമുണ്ടെന്ന് ഹസിൻ പരാതിയിൽ ആരോപിച്ചിരുന്നു. ഷമിയുടെ മൊബൈലിൽ നിന്ന് കണ്ടെടുത്ത ചാറ്റ് ഹിസ്റ്ററി ഉൾപ്പെടെയുള്ള രേഖകളും ഹസിൻ പൊലീസിൽ സമർപ്പിച്ചിരുന്നു.