മുംബൈ മാരത്തണില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ എത്യോപ്യയ്ക്ക്

ഏഷ്യയിലെ ഏറ്റവുംവലിയ മാരത്തൺ മാമാങ്കത്തിൽ പുരുഷവനിതാ വിഭാങ്ങളിൽ എത്യോപ്യൻ ആധിപത്യം. എത്യോപ്യയുടെ സോളമന്‍ ഡെക്സിസെ പുരുഷവിഭാഗത്തിലും, അമാനേ ഗോമീന വനിതാവിഭാഗത്തിലും ജേതാക്കളായി. അതേസമയം, ഇന്ത്യൻവിഭാഗത്തിൽ മലയാളിയായ ടി.ഗോപിയും, സുധാസിങ്ങും ഒന്നാമതെത്തി. ആകെ നാൽപത്തിനാലായിരത്തിലധികം പേരാണ് ഈവർഷം മാരത്തണിൻറെ ഭാഗമായത്. 

രണ്ടുമണിക്കൂര്‍ ഒൻപതുമിനുറ്റുകൊണ്ട് മാരത്തൺ ദൂരംപൂർത്തിയാക്കിയാണ് എത്യോപ്യൻ താരം സോളമന്‍ ഡെക്സിസെ ഒന്നാമതെത്തിയത്. എത്യോപ്യയുടെതന്നെ ഷുമത് അകൽനോയ്ക്കാണ് രണ്ടാംസ്ഥാനം. വനിതാവിഭാഗത്തൽ അമാനേ ഗോമീന രണ്ടുമണിക്കൂർ ഇരുപത്തിയഞ്ച് മിനുറ്റുകൊണ്ട് ഒന്നാമതെത്തി. പ്രതീക്ഷിച്ചതുപോലെതന്നെ മലയാളിയായ ടി.ഗോപിയാണ് ഇന്ത്യൻവിഭാഗത്തിലെ വിജയി. രണ്ട് മണിക്കൂര്‍ 16മിനിറ്റുകൊണ്ടാണ് ഗോപി മല്‍സരം പൂര്‍ത്തിയാക്കിയത്. വിജയംനേടാനായെങ്കിലും മികച്ചസമയം കണ്ടെത്താനായില്ലെന്ന് ഗോപി മനോരമ ന്യൂസിനോട് പറഞ്ഞു. 

ഇന്ത്യൻ വിഭാഗംവനിതകളിൽ സുധാസിങ്ങ് ഒന്നാമതെത്തി. മസരാവേശത്തിനൊപ്പം ഉൽസവാന്തരീക്ഷംകൂടി പകരുന്നതായിരുന്നു ഇത്തവണത്തെ മാരത്തൺ. സിനിമാതാരങ്ങളും വ്യവസായപ്രമുഖരും കോളജ് വിദ്യാർഥികളേയും കൂടാതെ മുതിർന്നവർ, ഭിന്നശേഷിക്കാർ എന്നിവരും ആവേശത്തിൻറെ ഭാഗമായി. ലോകത്തിൻറെ വിവിധയിടങ്ങളിൽനിന്നായി ആകെ പങ്കുചേർന്നത് നാൽപത്തിനാലായിരത്തിനാനൂറുപേര്‍.