‘പുള്‍ ഷോട്ടിന് ശ്രമിക്കരുത്’ സഹീറിന് ഉപദേശവുമായി ഗംഭീര്‍

കഴിഞ്ഞ ദിവസം വിവാഹിതനായ മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ സഹീര്‍ ഖാന് ഉപദേശവുമായി ഗൗതം ഗംഭീർ. ഇന്ത്യൻ ടീമിൽ സഹീറിന്റെ സഹതാരമായിരുന്ന ഗൗതം ഗംഭീറിന്റെ ട്വീറ്റാണ് ഇപ്പോൾ ൈവറലാകുന്നത്. ‘വിവാഹ ആശംസകള്‍ സഹീര്‍, ഒടുവില്‍ സഹീറിനെതിരെയും ബൗണ്‍സറുകള്‍ എറിയാന്‍ ഒരാളായി. എന്റെ സഹോദരാ.. അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാണ് ഒരിക്കലും പുള്‍ഷോട്ടിനോ ഹുക്ക്ചെയ്യാനോ ശ്രമിക്കരുത്. ആ ബൗണ്‍സറുകള്‍ ലീവ് ചെയ്യുന്നതായിരിയ്ക്കും നല്ലത്.’ എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.

ഇതേക്കുറിച്ച് താൻ പറയുന്നത് ശരിയല്ലേയെന്ന് ഗംഭീർ യുവരാജിനോടും ഹർഭജൻ സിങ്ങിനോടും ചോദിക്കുന്നുണ്ട്. ട്വിറ്ററിൽ ഗംഭീറിന്റെ ട്വീറ്റിന് വൻ പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ ഈ കുസൃതി ട്വീറ്റിന് യുവിയും ഹർഭജനും മറുപടി കൊടുത്തിട്ടില്ല. മുൻ ഇന്ത്യൻ ടീം നായകൻ സൗരവ് ഗാംഗുലി ഉൾപ്പെടെയുള്ളർ സഹീറിന് ആശംസകൾ നേർന്നു.

 ബോളിവുഡ് താരവും നടിയും മോഡലുമായ സാഗരികയായിരുന്നു സഹീറിന്റെ വധു. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു. വ്യത്യസ്ത മതവിഭാഗത്തില്‍ നിന്നുള്ളവരായതിനാല്‍ മതപരമായ ചടങ്ങുകളൊക്കെ ഒഴിവാക്കിയായിരുന്നു ഇരുവരുടെയും വിവാഹം. 2015 ല്‍ സഹീര്‍ ഖാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. ഇന്ത്യയ്ക്കു വേണ്ടി 92 ടെസ്റ്റില്‍ നിന്നായി 311 വിക്കറ്റുകളും 200 ഏകദിനങ്ങളുല്‍ നിന്നായി 282 വിക്കറ്റുകളും നേടിയിട്ടുണ്ട്. 2011ൽ ലോകകപ്പ് നേടിയ ടീമിലും സഹീർ അംഗമായിരുന്നു. ഷാരൂഖ് നായകനായ ‘ചക്‌ദേ ഇന്ത്യ’യിലൂടെയായിരുന്നു സാഗരികയുടെ ബോളിവുഡ് അരങ്ങേറ്റം.