മൂഡിയെ മലയാളിക്ക് മാറിപ്പോയി; പൊങ്കാലയ്ക്ക് ടോം മൂഡിയുടെ മറുപടി

മൂഡീസ് റേറ്റിങിലെ മൂഡി ആരെന്നറിയാതെ മുന്‍ ക്രിക്കറ്റ് താരം ടോം മൂഡിക്ക് നേരെ ആക്രമണം അഴിച്ചു വിട്ട മലയാളികൾക്ക് മറുപടിയുമായി ടോം മൂഡി. ഇന്ത്യയില്‍ ജനങ്ങള്‍ പട്ടിണി കിടന്ന് മരിക്കുമ്പോള്‍ റേറ്റിംഗ് കൊടുത്ത് ജനങ്ങളെ വിഢികളാക്കുകയാണെന്ന് ആരോപിച്ചാണ് മലയാളികളായ ചിലര്‍ മുന്‍ ഓസ്‌ട്രേലിയൻ താരത്തെ പഞ്ഞിക്കിട്ടത്. 

ജൻമദിനത്തിൽ ഏവർക്കും നന്ദിപറഞ്ഞ് ടോം മൂഡിയിട്ട പോസ്റ്റിനു താഴെയാണ് മലയാളികൾ പൊങ്കാലയിട്ടത്. തെറിവിളികൾ പരിധി വിട്ടതോടെ വാർത്താലിങ്ക് അടക്കം ഷെയർ ഷെയ്ത് മറുപടിയുമായി ടോം മൂഡിയെത്തി. താന്‍ ഫിനാന്‍സ് റേറ്റിംഗ് മേഖലയിലല്ല ജോലി ചെയ്യുന്നത് എന്ന് തിരിച്ചറിഞ്ഞവര്‍ക്ക് നന്ദിയെന്നായിരുന്നു മൂഡിയുടെ മറുപടി.

ഇത് ക്രിക്കറ്റ് താരം ടോം മൂഡിയുടെ അക്കൗണ്ട് ആണെന്നും ദയവ് ചെയ്ത് മലയാളികൾക്ക് നാണക്കേട് ഉണ്ടാക്കരുതെന്നും കമറ്റിട്ട മലയാളികളെ മറ്റു ചിലർ ഓർമ്മപ്പെടുത്തുന്നുണ്ടായിരുന്നു. കമന്റ് ചെയ്തവർ സിപിഎമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്നായിരുന്നു ബിജെപിയുടെ  ആക്ഷേപം. എന്നാൽ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഫെയ്ക് അക്കൗണ്ടുകളിലൂടെ കേരളത്തെ മനപ്പൂര്‍വം ഇകഴ്ത്തികാണിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം കമന്റുകള്‍ എന്നും സിപിഎം അനുഭാവികളും വിശദീകരിച്ചു.

കഴിഞ്ഞ ദിവസമാണ് അമേരിക്ക ആസ്ഥാനമായ ആഗോള റേറ്റിങ് ഏജന്‍സി മൂഡിസ് ഇന്ത്യയുടെ നിക്ഷേപ യോഗ്യതാ റേറ്റിംഗ് ഉയര്‍ത്തിയത്. നിലവില്‍ ഇന്ത്യ ബിഎഎ2 സ്‌റ്റേബിള്‍ റേറ്റിംഗിലാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മനപ്പൂര്‍വമായി നരേന്ദ്ര മോദിക്ക് അനുകൂല തരംഗമുണ്ടാക്കാന്‍ വേണ്ടി മനപൂർവ്വം സൃഷ്ടിച്ച റിപ്പോർട്ടാണെന്ന ആക്ഷേപവും പുറത്തു വന്നിരുന്നു. ഓസ്‌ട്രേലിയക്കായി രാജ്യാന്തര വേദികളില്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ള ടോം മൂഡി ഐപിഎല്‍ ടീമായ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.