അനിൽ കാത്തിരുന്ന് പൊളിച്ച ‘നീതു കാപ്സ്യൂൾ’; ഏറ്റെടുത്ത് ട്രോളൻമാർ; ചിരി

നീതു ജോൺസൺ വരാതെ കാത്തിരിപ്പ് അവസാനിപ്പിച്ച അനിൽ അക്കരയും കൂട്ടിരിക്കാൻ എത്തി നിരാശയോടെ മടങ്ങിയ രമ്യാ ഹരിദാസിനും പിന്തുണ പ്രഖ്യാപിച്ച് ട്രോളൻമാർ‌ നീതുവിനെ തേടുകയാണ്. ഇതിനിടയിൽ അനിൽ അക്കരയുടെ തന്നെ വ്യാജനാണ് നീതുവെന്ന കാപ്സ്യൂളും രംഗത്തെത്തി. അപ്പോൾ അതെടുത്ത് വച്ച് ആഘോഷിച്ചവരെ എന്തുവിളിക്കണം എന്ന ചോദ്യവുമായി തിരിച്ചടി കാപ്സ്യൂളും എത്തി. രണ്ടായാലും അശ്വതി അച്ചു, പാറുക്കുട്ടി പാറു, പൊളി ശരത്ത് തുടങ്ങി മുഖമില്ലാതെ തരംഗമായവരുടെ കൂട്ടത്തിലേക്ക് നീതുവിനും ട്രോൾ ലോകം സീറ്റ് നൽകി കഴിഞ്ഞു.

വീടില്ലാത്ത പ്ലസ്ടു വിദ്യാർഥിനിയെ നേരിട്ടു കണ്ടു പരിഹാരമുണ്ടാക്കാൻ ഇന്നു രാവിലെ 9 മുതൽ അനിൽ അക്കര എംഎൽഎ എങ്കക്കാട് മങ്കര റോഡിൽ കാത്തിരുന്നെങ്കിലും ആരുമെത്തിയില്ല. രമ്യ ഹരിദാസ് എംപിയും കോൺഗ്രസ് കൗൺസിലര്‍ സൈറാ ബാനുവും അനിലിന്റെ കൂടെ കാത്തിരിക്കാനെത്തിയിരുന്നു. ഒരു പക്ഷേ വീടില്ലാതെ ഒറ്റമുറിയിൽ താമസിക്കുന്ന നീതുവിന് മാനസികമായ പ്രയാസമായിരിക്കാം ഇന്ന് എത്തിച്ചേരാൻ സാധിക്കാതെ പോയത് . ആയതിനാൽ നീതുവിന് അനിൽ അക്കര എം.എൽ.എ യോ കൗൺസിലർ സൈറാബാനു ടീച്ചറേയോ എം.പി യായ എന്നെയോയോ ബന്ധപ്പെടാവുന്നതാണെന്ന് കാത്തിരുന്ന് മടുത്ത ശേഷം രമ്യാ ഹരിദാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.