ബര്‍ത്ത് ഡേ പാര്‍ട്ടിയുടെ ബില്ല് വീതം വയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവിന് ദാരുണാന്ത്യം

ജന്മദിനാഘോഷത്തിനിടെ 18 കാരന് ദാരുണാന്ത്യം. മുംബൈയിലാണ് സംഭവം. ഭക്ഷണം കഴിച്ച ബില്ലിനെ തുടര്‍ന്നാണ് തര്‍ക്കം. തര്‍ക്കത്തെ തുടര്‍ന്ന് 4 സുഹൃത്തുക്കൾ ചേർന്ന് കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 19 ഉം 22 ഉം വയസ്സുള്ള, ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് പ്രതികളെ ഗുജറാത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

ശിവാജി നഗർ പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, കൊല്ലപ്പെട്ട വ്യക്തി മെയ് 31ന് സുഹൃത്തുക്കൾക്കായി ബര്‍ത്ത്ഡേ പാർട്ടി സംഘടിപ്പിച്ചിരുന്നു. ‘ധാബ’ എന്നറിയപ്പെടുന്ന റോഡരികിലെ  ഭക്ഷണശാലയിലായിരുന്നു പാർട്ടി നടത്തിയത്. ആഘോഷത്തിനിടെ കഴിച്ച ഭക്ഷണത്തിന് മാത്രമായി 10,000 രൂപയോളം ബിൽ ലഭിച്ചു. ബിൽ തുക പങ്കിടുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ തമ്മിൽ തർക്കമുണ്ടാകുകയും ഒടുവിൽ, കൊല്ലപ്പെട്ട യുവാവ് തന്നെ മുഴുവൻ തുകയും നൽകി പ്രശ്നം പരിഹരിക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് പ്രതികളായ നാല് പേരും, മറ്റൊരു പിറന്നാൾ പാർട്ടി സംഘടിപ്പിച്ച് യുവാവിനെ ക്ഷണിച്ചു വരുത്തി. ഒരു കേക്ക് സമ്മാനിച്ച ശേഷം പ്രതികൾ യുവാവിനെ ക്രൂരമായി മർദിച്ചു. ഒടുവിൽ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. കേസിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്. 

Man Killed By 4 Including 2 Minors Over Sharing Birthday Food Bill