പ്രണയം എതിർത്തു; സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി; യുവതിയും പങ്കാളിയും പിടിയിൽ

യുവാവിനെ കൊന്നു കഷ്ണങ്ങളാക്കി മൂന്നു സ്ഥലങ്ങളിലായി ഉപേക്ഷിച്ച കേസിൽ എട്ടു വർഷത്തിനു ശേഷം പ്രതികളെ പിടികൂടി കർണാടക പൊലീസ്. വിജയപുര ജില്ലയിലെ ലിംഗരാജു സിദ്ധപ്പ പൂജാരി എന്നയാൾ കൊലപ്പെട്ട കേസിൽ സഹോദരി ഭാഗ്യശ്രീയും ഇവരുടെ പങ്കാളിയായ ശിവപുത്രനുമാണ് ശനിയാഴ്ച അറസ്റ്റിലായത്. 2015ലാണ് ലിംഗരാജുവിന്റെ മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങൾ അറവുശാല, തടാകം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നു കണ്ടെത്തിയത്. തല ഉൾപ്പെടെയുള്ള ശരീരഭാഗം മാത്രം കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് അന്വേഷണം വഴിമുട്ടിയത്.

ഭാഗ്യശ്രീയും ശിവപുത്രനും മഹാരാഷ്ട്രയിലെ നാസിക്കിൽ വ്യാജ രേഖകൾ ഉപയോഗിച്ചു താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ: ഭാഗ്യശ്രീയും ശിവപുത്രനും വിജയപുരത്തെ കോളജ് പഠനകാലം മുതൽ പ്രണയത്തിലായിരുന്നു. ബന്ധത്തെ വീട്ടുകാർ എതിർത്തതോടെ ഇരുവരും 2015ൽ ബെംഗളൂരൂവിലേക്കു പോയി. ജിഗാനിക്കടുത്തുള്ള വഡേരമഞ്ചനഹള്ളിയിൽ ഒരു വാടക വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇവിടെത്തെ ഒരു സ്ഥാപനത്തിൽ ജോലിക്കും പോയിരുന്നു.

എന്നാൽ ഇവരെ തേടി ലിംഗരാജു ബെംഗളൂരുവിൽ എത്തിയതോടെയാണു കാര്യങ്ങൾ മാറിമറിഞ്ഞത്. സഹോദരിയും പങ്കാളിയും താമസിക്കുന്ന സ്ഥലത്ത് ലിംഗരാജു ഇവരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. ഇതിനിടയിലാണു ലിംഗരാജു കൊല്ലപ്പെട്ടത്. ഇതോടെ സഹോദരന്റെ മൃതദേഹം വെട്ടിനുറുക്കി മൂന്നു ബാഗുകളിലാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചശേഷം ഭാഗ്യശ്രീയും ശിവപുത്രനും നാടുവിടുകയായിരുന്നു. കഴിഞ്ഞദിവസം അറസ്റ്റിലായ ഇവരെ ബെംഗളൂരുവിൽ എത്തിച്ചു.