മട്ടാഞ്ചേരിയില്‍ നവജാത ശിശുവിന്റെ മരണം: ചികില്‍സാ പിഴവുമൂലമെന്ന് പരാതി

കൊച്ചി മട്ടാഞ്ചേരിയില്‍ നവജാത ശിശുവിന്റെ മരണം ചികില്‍സാ പിഴവുമൂലമെന്ന് പരാതി. ജനിച്ചതിന്റെ രണ്ടാംദിവസം ഗുരുതരാവസ്ഥയിലായ കുട്ടിക്ക് കൃത്യസമയത്ത് ചികില്‍സ നല്‍കിയില്ലെന്നാണ് ആക്ഷേപം. കുടുംബം നല്‍കിയ പരാതിയില്‍ മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ഒന്നാംതീയതി രാവിലെയാണ് സുമിത് – സുചിത്ര ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. പിറ്റേന്ന് റൗണ്ട്സിനെത്തിയ ഡോക്ടര്‍ കുട്ടിക്ക് മഞ്ഞപ്പുണ്ടെന്നും ശിശുരോഗ വിദഗ്ധന്റെ അനുമതിയോടെ ഫോട്ടോതെറാപ്പി ചെയ്യണമെന്നും നിര്‍ദേശിച്ചു. പരിശോധനയ്ക്കെത്തിയ ശിശുരോഗ വിദഗ്ധന്‍ കൃത്യമായി പരിശോധിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആക്ഷേപം.

ഉച്ചയ്ക്കുശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായി. കൃത്യമായ രോഗകാരണങ്ങള്‍ രേഖപ്പെടുത്താതെ എറണാകുളത്തെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തുവെന്നും കുടുംബം ആരോപിക്കുന്നു. ശ്വാസതടസവും, മഞ്ഞപ്പിത്തവും, ഹൃദയസ്തംഭവവുമാണ് മരണകാരണമായി ആശുപത്രി രേഖളിലുള്ളത്. പരാതിയില്‍ കേസെടുത്ത പൊലീസ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. വീഴ്ചയുണ്ടോയെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തണമെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

Mattancherry child death complaint