താലൂക്ക് ആശുപത്രി ആക്രമണം; പ്രതികളെ ആശുപത്രിയിലെത്തിച്ച് തെളിവെടുത്തു

കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രി ആക്രമണത്തില്‍ അറസ്റ്റിലായ പ്രതികളെ ആശുപത്രിയിലെത്തിച്ച് തെളിവെടുത്തു. ഒളിവിലായിരുന്നവരെ മണിക്കൂറുകൾക്കകം പിടികൂടാന്‍ കഴിഞ്ഞെന്നാണ് പൊലീസിന്റെ അവകാശവാദം. പ്രതികളെ കോടതിയില്‍ ഹാജരാക്കും. 

മൈലക്കാട്ടെ ഒളിസങ്കേതത്തിലിരുന്ന പ്രതികളെ അതിവിദഗ്ധമായാണ് പൊലീസ് പിടികൂടിയത്. പ്രതികള്‍ ജില്ല വിട്ടുപോകാതിരിക്കാന്‍ പൊലീസ് ഏറെ ശ്രദ്ധിച്ചു. നീണ്ടകര സ്വദേശികളായ പരിമണത്ത് വിജയ്ഭവനത്തിൽ പാച്ചു എന്ന് വിളിക്കുന്ന വിഷ്ണു, പി.വി ഭവനത്തിൽ അഖിൽ, വടക്കേമുരിക്കിനാൽ വീട്ടിൽ രതീഷ് എന്നിവര്‍ക്കെതിരെ ആശുപത്രി സംരക്ഷണനിയമ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. 

ഇന്റലിജൻസ്, ഇൻവസ്റ്റിഗേഷൻ, സൈബർ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് പ്രതികളെ വലയിലാക്കിയതെന്ന് കരുനാഗപ്പള്ളി എസിപി വി.എസ് പ്രദീപ്കുമാറും സ്‌പെഷ്യൽ ബ്രാഞ്ച് എസിപി കെ.അശോക് കുമാറും അറിയിച്ചു. പ്രതികളെ ആശുപത്രിയിലെത്തിച്ച് തെളിവെടുത്തു. ഒന്നും ചെയ്തിട്ടില്ലെന്നും ഫാര്‍‌മസിയുടെ ചില്ലുകള്‍ മാത്രമാണ് അടിച്ചുപൊട്ടിച്ചതെന്നാണ് മുഖ്യപ്രതിയായ വിഷ്ണു തെളിവെടുപ്പിനിടെ പൊലീസിനോട് പറഞ്ഞത്. 

മാരകായുധങ്ങളുമായി ആക്രമിക്കല്‍, ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ അസഭ്യ പറഞ്ഞത്, ആശുപത്രി ഉപകരണങ്ങള്‍‌ക്ക് കേടുപാട് വരുത്തിയത് ഉള്‍പ്പെടെ വിവിധ കുറ്റങ്ങളാണുളളത്. വിഷ്ണുവിനെതിരെ പത്തനംതിട്ട അടൂര്‍ പൊലീസ് സ്റ്റേഷനില്‍ ഒരു കേസുണ്ട്. മറ്റ് രണ്ടു പേരുടെയും പേരില്‍ നിലവില്‍ മറ്റ് കേസുകളൊന്നും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രികളില്‍‌ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ആവശ്യം. കഴിഞ്ഞ നവംബറില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ഉള്‍‌പ്പെടെ അക്രമികളുടെ അഴിഞ്ഞാട്ടത്തില്‍‌ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു.