യുവതിയെ പ്രേതബാധയുണ്ടെന്നു പറഞ്ഞു നഗ്നപൂജയ്ക്കു പ്രേരിപ്പിച്ചു; ‌ഭർതൃമാതാവ് അറസ്റ്റിൽ

ചടയമംഗലം ( കൊല്ലം) : 5 വർഷം മുൻപു മന്ത്ര‌വാദത്തിന്റെ പേരിൽ നഗ്നപൂജയ്ക്കു പ്രേരിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർതൃമാതാവ് അറസ്റ്റിൽ. ആറ്റിങ്ങൽ സ്വദേശിയായ യുവതിയുടെ ഭർത്താവ് ചടയമംഗലം നെട്ടേത്തറ ശ്രുതി ഭവനിൽ ഷാലു സത്യബാബുവും(36) മന്ത്രവാദിയും ഉൾപ്പെടെ നാലു പേർ ഒളിവിൽ. ഭർതൃമാതാവ് ലൈഷയാണു (60) പിടിയിലായത്. 

മന്ത്രവാദി നിലമേൽ ചേറാട്ടുകുഴി സ്വദേശി കുരിയോട് നെട്ടേത്തറയിൽ താമസിക്കുന്ന അബ്ദുൽ ജബ്ബാർ‍ (43), ഇയാളുടെ സുഹൃത്ത് സിദ്ദിഖ്, ഷാലു സത്യബാബുവിന്റെ സഹോദരി ശ്രുതി എന്നിവരാണ് ഒളിവിൽപോയത്. കേസിൽ പ്രതികളായ ഇവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

2017 ഫെബ്രുവരിയിലാണു കേസിനാസ്പദമായ സംഭവം നടന്നതെന്നു യുവതി പറയുന്നു. 2016 ഡിസംബർ 9നാണ് യുവതിയെ ഷാലു വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ കാലത്തു വീട്ടിൽ അപരിചിതർ വന്നു പോയിരുന്നതു യുവതി ചോദ്യംചെയ്തിരുന്നു. ഇതിനിടെ ഏർവാടിയിലുള്ള ഒരു വീട്ടിൽ വച്ചു പ്രേതബാധയുണ്ടെന്നു പറഞ്ഞു പൂജ നടത്തിയെന്നും അതിനിടെ തന്നെ വിവസ്ത്രയാക്കാൻ ശ്രമം നടന്നെന്നുമാണു യുവതിയുടെ പരാതി.

മറ്റൊരു പെൺകുട്ടിയും ഭർത്താവിന്റെ അമ്മയും സഹോദരിയും അവിടെയുണ്ടായിരുന്നു. തുടർന്നു യുവതിയും ഇവരും തമ്മിൽ വാക്കേറ്റമുണ്ടായി.പിന്നീടു ഭർത്താവുമായി പിണങ്ങി യുവതി ആറ്റിങ്ങലിലെ സ്വന്തം വീട്ടിലേക്കു പോയി. വിവാഹമോചനം ആവശ്യപ്പെട്ടു കോടതിയിലും ആറ്റിങ്ങൽ പൊലീസിലും പരാതി നൽകി. എന്നാൽ പൊലീസ് അന്വേഷണം നടത്തിയില്ല. കഴിഞ്ഞ ദിവസമാണു ചടയമംഗലം പൊലീസ് കേസെടുത്തത്.

വിവിധ രാഷ്ട്രീയ യുവജന സംഘടനകൾ ഇന്നലെ മന്ത്രവാദിയുടെയും ഷാലു സത്യബാബുവിന്റെയും വീട്ടിലേക്കു മാർച്ച് നടത്തി. ഷാലുവിന്റെ സഹോദരനെ കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീടു വിട്ടയച്ചു. കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.കുറ്റക്കാരെ അറസ്റ്റ് ചെയ്യാൻ നടപടി വേണമെന്നു മന്ത്രി ജെ.ചിഞ്ചുറാണി പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ലഹരിമാഫിയ സംഘവുമായി ബന്ധമെന്നു സംശയം

നിലമേൽ സ്വദേശിയായ മന്ത്രവാദി അബ്ദുൽ ജബ്ബാറിനു തമിഴ്നാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലഹരിമാഫിയ സംഘവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാളുടെ വീട്ടിൽ അപരിചിതർ ആഡംബര കാറുകളിൽ വന്നു പോകുന്നതായി നേരത്തേയും ചടയമംഗലം പൊലീസിനു വിവരം ലഭിച്ചിരുന്നു. ഈയിടെയാണു ജബ്ബാറും ഷാലുവും സാമ്പത്തികമായി ഉയർന്നത്.