മധു വധക്കേസ്: കൂറുമാറിയ രണ്ട് സാക്ഷികളെ വീണ്ടും വിചാരണ ചെയ്യും

അട്ടപ്പാടി മധു വധക്കേസില്‍ നേരത്തെ കൂറുമാറിയ രണ്ട് സാക്ഷികളെ വീണ്ടും വിചാരണ ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ഹർജി മണ്ണാര്‍ക്കാട് കോടതി അംഗീകരിച്ചു. പതിനെട്ടും, പത്തൊന്‍പതും സാക്ഷികളായ കാളി മൂപ്പൻ, കക്കി എന്നിവരെ മറ്റന്നാള്‍ വിസ്തരിക്കും. ഇതിനു ശേഷമായിരിക്കും പതിനൊന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുക. 

എഴുപത്തി ഏഴാം സാക്ഷി ഭാരതി എയർടെൽ സർവീസിലെ നോഡൽ ഓഫീസർ വാസുദേവനെയാണ് ആദ്യം വിസ്തരിച്ചത്. പൊലീസിന്റെ ആവശ്യാര്‍ഥം എഡിറ്റ് ചെയ്ത കാൾ ഹിസ്റ്ററിയാണോ നല്‍കിയത് എന്ന ചോദ്യത്തിന് അല്ല എന്ന് അദ്ദേഹം മറുപടി പറഞ്ഞു. തൊണ്ണൂറ്റി ഒൻപതാം സാക്ഷി അഗളി സിപിഒ സുന്ദരിയെയാണ് രണ്ടാമത് വിസ്തരിച്ചത്. ഡ്യൂട്ടി നോട്ടും മറ്റും ക്രിത്രിമമായി ഉണ്ടാക്കിയതാണെന്നും അതുകൊണ്ടാണ് ഡിവൈഎസ്പി നിങ്ങളെ ഈ കേസിൽ സാക്ഷിയാക്കിയിരിക്കുന്നത് എന്ന് പറഞ്ഞാൽ ശരിയാണോ എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് ശരിയല്ല എന്ന് മറുപടി നല്‍കി. 

മധു പൊലീസ് കസ്റ്റഡിയിലാണ് മരിച്ചതെന്ന കാര്യം മനസിലാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ആശുപത്രിയിൽ എത്തിയ സമയത്താണ് മധു മരിച്ച വിവരം അറിഞ്ഞതെന്ന് മൊഴി നല്‍കി. ജീവനുള്ള മധുവിനെയാണോ മുക്കാലിയിൽ നിന്ന് ജീപ്പിൽ കയറ്റിയത് എന്ന ചോദ്യത്തിന് അതെ എന്ന് മറുപടി നല്‍കി. തുടർന്ന് നൂറ്റി പന്ത്രണ്ടാം സാക്ഷി സുജിമോനെ വിസ്തരിച്ചു. മധുവിന് വെള്ളം കൊടുക്കാന്‍ ശ്രമം നടത്തിയോ എന്ന ചോദ്യത്തിന് മധു വേണ്ട എന്ന് പറഞ്ഞതായി അദ്ദേഹം മറുപടി പറഞ്ഞു. ആംബുലൻസ് വിളിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നോ എന്നതിന് അറിയില്ല എന്ന മറുപടി നല്‍കി. പ്രോസിക്യൂഷന്‍ ഹര്‍ജി പരിഗണിച്ചാണ് നേരത്തെ കൂറ് മാറിയ രണ്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കിയത്.

Madhu murder case hearing