കമിതാക്കളുടെ രഹസ്യദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി പ്രചരിപ്പിച്ചു; അറസ്റ്റ്

കണ്ണൂർ തലശ്ശേരിയിൽ  കമിതാക്കളുടെ രഹസ്യദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ  രണ്ട് പേർ അറസ്റ്റിൽ. പന്ന്യന്നൂർ സ്വദേശി വിജേഷ്, വടക്കുമ്പാട് മഠത്തും ഭാഗത്തെ അനീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയതായി തലശ്ശേരി പൊലീസ് പറഞ്ഞു.

അനീഷ് ദൃശ്യങ്ങൾ ചിത്രീകരിക്കുകയും വിജേഷ്  അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിക്കുകയും ചെയ്തതായാണ് പരാതി. തലശേരിയിലെ വിവിധ പാർക്കുകളിൽ ഇത്തരം സംഘങ്ങൾ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് .

പാർക്കിലെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ എത്തിയതോടെയാണ് വിവരം പുറത്ത് അറിയുന്നത്. സൈബർ പൊലീസിന്റെ സഹായത്തോടെയാണ് പൊലീസ് പ്രതികളിലേയ്ക്ക് എത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ട് പേരെയും ജാമ്യത്തിൽ വിട്ടയച്ചു