വീട്ടുവളപ്പില്‍ ജലറ്റിന്‍ സ്റ്റിക്; പ്രതികളായ സഹോദരങ്ങളെ കസ്റ്റഡിയില്‍ വിട്ടു

ബത്തേരിയിലെ വീട്ടുവളപ്പില്‍നിന്ന് ജലറ്റിന്‍ സ്റ്റിക് കണ്ടെത്തിയ കേസിലെ പ്രതികളായ സഹോദരങ്ങളെ ബത്തേരി പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. പ്രതികളുമായി നാളെ തെളിവെടുപ്പ് നടത്തും. വൈദ്യനെ കൊലപ്പെടുത്തിയ കേസിലെയും പ്രധാന പ്രതികളിലൊരാളായ നൗഷാദിനെയും സഹോദരനെയുമാണ് കസ്റ്റഡിയില്‍ ലഭിച്ചത്.

നിലമ്പൂരിലെ ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലെ തെളിവെടുപ്പിനിടെയാണ്, ബത്തേരി കൈപ്പഞ്ചേരിയിലെ വീട്ടുവളപ്പില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ ലഭിച്ചത്. കഴിഞ്ഞമാസം 28നായിരുന്നു സംഭവം. കൈപ്പഞ്ചേരിയിലെ വീടിന് പിന്നിലെ വാഴത്തോട്ടത്തില്‍ കുഴിച്ചിട്ടനിലയിലായിരുന്നു ഒന്‍പത് ജലറ്റിന്‍ സ്റ്റിക്കുകളും അഞ്ചരമീറ്റര്‍ ഫ്യൂസ് വയറും. 

ഷൈബിന്‍ അഷ്റഫിന്റെ വീട്ടില്‍നിന്ന് മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണുകള്‍ക്കായുള്ള തിരച്ചിലിനിടെയാണ് പൊലീസിന് സ്ഫോടകവസ്തുക്കള്‍ ലഭിച്ചത്. ഷൈബിന്റെ കൂട്ടാളിയും വൈദ്യന്‍ വധക്കേസിലെ പ്രതി കൂടിയായ നൗഷാദ് തന്ന പൊതികള്‍ ഒളിപ്പിക്കുക മാത്രമേ ചെയ്തുള്ളു എന്നാണ് സഹോദരന്‍ അഷ്റഫ് അന്ന് പൊലീസിനോട് പറഞ്ഞത്. ഇതിന്റെ പിറ്റേന്നാണ് സെക്രട്ടറിയേറ്റിന് മുന്‍പില്‍ നൗഷാദിന്റെ നേതൃത്വത്തില്‍ പെട്രോളൊഴിച്ച് ആത്മഹത്യ നാടകവും ഷൈബിനെതിരായ കൊലപാതക ആരോപണങ്ങളും അരങ്ങേറിയത്. ഷൈബിന്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് സ്ഫോടകവസ്തുക്കള്‍ ഇവിടെയെത്തിയതെന്നാണ് സൂചന. കസ്റ്റഡിയില്‍ ലഭിച്ച പ്രതികളില്‍നിന്ന് ഈ വിവരങ്ങളും തുടര്‍അന്വേഷണത്തിനാവശ്യമായ കാര്യങ്ങളുമാണ് ബത്തേരി പൊലീസ് ശേഖരിക്കുക.