അമ്മയും കുഞ്ഞും വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

തിരുവനന്തപുരം വര്‍ക്കലയില്‍ അമ്മയും കുഞ്ഞും വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടതില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കവും മര്‍ദനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന സംശയത്തിലാണ് പൊലീസ് നടപടി.

വര്‍ക്കലയ്ക്ക് സമീപം ചെറുന്നിയൂര്‍ കല്ലുമല കുന്നില്‍ താമസിക്കുന്ന സുജിത്തിന്റെ ഭാര്യ ശരണ്യയും രണ്ടര വയസുള്ള മകള്‍ നക്ഷത്രയേയുമാണ് ഇന്നലെ വൈകിട്ട് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ഭര്‍ത്താവ് സുജിത്ത് പുറത്ത് പോയി മടങ്ങിവന്നപ്പോള്‍ വീട് പൂട്ടിക്കിടന്നത് കണ്ട് നോക്കിയപ്പോഴാണ് കിടപ്പ് മുറിയില്‍ മൃതദേഹങ്ങള്‍ കണ്ടത്. ഭര്‍ത്താവ് സുജിത്താണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

സ്വകാര്യ ബസ് ഡ്രൈവറായ സുജിത്തിന്റെ സ്ഥിരം മദ്യപാനത്തെ ചൊല്ലി വീട്ടില്‍ വഴക്കുണ്ടായിരുന്നു. കഴിഞ്ഞ ദിവസും ജോലിക്ക് പോകാതെ വീട്ടില്‍ മദ്യപിച്ചുകൊണ്ട് ഇരുന്നതിനെ ചൊല്ലി വഴക്കുണ്ടാവുകയും ശരണ്യയെ മര്‍ദിക്കുകയും ചെയ്തു. ഇതിന് ശേഷം സുജിത്ത് വീട്ടില്‍ നിന്ന് പോയ സമയത്താവാം കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ശരണ്യ ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സുജിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.