ഫീസിനെ ചൊല്ലി തർക്കം; ജിമ്മിൽ യുവാവിന് കുത്തേറ്റു

youth-was-stabbed-in-the-co
SHARE

ഫീസിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കട്ടപ്പനയിലെ ജിമ്മിൽ ഉണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റു. കട്ടപ്പന കണിയാരകത്ത് ജീവൻ പ്രസാദിനാണ് കുത്തേറ്റത്. സംഭവത്തിൽ ജിം ഉടമ അറസ്റ്റിലായി. കട്ടപ്പന പഴയബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ജിമ്മിലാണ് ബുധനാഴ്ച രാത്രിയിൽ സംഘർഷം ഉണ്ടായത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് വ്യായാമം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുത്തേറ്റ ജീവനും ഉടമ പ്രമോദും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു.തുടർന്ന് ഇന്നലെ രാത്രിയിൽ മുൻകൂറായി അടച്ച പണം തിരികെ ആവശ്യപ്പെട്ട് ജിമ്മിൽ എത്തിയപ്പോഴാണ് പ്രമോദ് ജീവനെ ആക്രമിച്ചത്.

വാക്ക് തർക്കത്തിനൊടുവിൽ പ്രതി കത്തി എടുത്ത് കുത്തുകയായിരുന്നു.യുവാവിന്റെ കൈമുട്ടിന് മുകളിലാണ് കുത്തേറ്റത്. ആഴമുള്ള മുറിവായതിനാൽ ശ്വാസകോശത്തിനും പരുക്കേറ്റിട്ടുണ്ട്. കട്ടപ്പന സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ജീവനെ കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷം ഉണ്ടായതിന് പിന്നാലെ ജിമ്മിലുള്ളവർ പൊലീസിൽ വിവരം അറിയിച്ചിരുന്നു. തുടർന്ന് പൊലീസ് സംഘം ജിമ്മിൽ എത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

The youth was stabbed in the conflict at the gym

MORE IN Kuttapathram
SHOW MORE