‘ഇപ്പോ കണ്ടാൽ അവന്റെ അമ്മയെന്നു തോന്നും’: ഗർഭിണി ആകാത്തതിന് കൊല്ലാക്കൊല: കുറിപ്പ്

അതീവ നിസ്സഹായമായ ജീവിതാവസ്ഥയിൽ സർക്കാർ സംവിധാനങ്ങളുടെ ആലംബം തേടിയ മോഫിയ, ഒടുവിൽ പ്രതീക്ഷകളറ്റ് ജീവിതം അവസാനിപ്പിച്ചതിന്റെ ഞെട്ടലിലാണ് സമൂഹം. ഹൃദയവിലാപങ്ങളോടെ നമ്മുടെ പെൺകുട്ടികൾ ജീവനൊടുക്കുന്ന പല സംഭവങ്ങളിലും ജീവിതപങ്കാളികൾ തന്നെയാണു കാരണക്കാരെന്നു വരുന്നതു കേരളത്തിനുമേൽ വലിയ കളങ്കമാവുകയാണ്. ഇങ്ങനെയെത്രയോ പെൺകുട്ടികൾ സമീപകാലത്തുമാത്രം ദുഃഖസ്മൃതിയായിത്തീർന്നുവെന്നതു നാടിന്റെ ഉറക്കം കളയേണ്ടതുതന്നെ. ബോഡി ഷെയ്മിങ്ങൊക്കെ ഇത്ര കാര്യമാണോ, തമാശയായി കണ്ട് വിട്ടു കളയേണ്ടേ എന്നു ചോദിക്കുന്ന വിവരദോഷികളുടെ നാട്ടിൽ ചില കാര്യങ്ങൾ കാര്യങ്ങൾ ഓർമപ്പെടുത്തുകയാണ് അഞ്ജലി ചന്ദ്രൻ. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

നിശബ്ദരായി മരിച്ചു പോവേണ്ടവരാണോ നമ്മുടെ പെൺകുട്ടികൾ ?

ഭർതൃമാതാവിന്റെയും സഹോദരിയുടെയും പീഡനം സഹിക്കാൻ വയ്യാതെ ഇന്നലെ ഒരു പത്തൊൻപതുകാരി കൂടി ഈ ഭൂമിയിൽ നിന്ന് യാത്ര പറഞ്ഞു പോയിട്ടുണ്ട്. ബോഡി ഷെയ്മിങ്ങിന് ഇരയാവാത്തവർ വളരെ ചുരുക്കം പേരെ നമ്മുടെ നാട്ടിൽ ഉണ്ടാവുകയുള്ളൂ. ഇതൊക്കെ ഇത്ര കാര്യമാണോ, തമാശയായി കണ്ട് വിട്ടു കളയേണ്ടേ എന്നു ചോദിക്കുന്ന വിവരദോഷികളുമുണ്ട്.

ഒരു കുഞ്ഞു ജനിച്ചെന്നു കേട്ടാലുടനെ കുട്ടി കറുത്തിട്ടാണോ / വെളുത്തിട്ടാണോ എന്ന് ചോദിക്കുന്ന സംസ്കാര ശൂന്യരുണ്ട്. ആരോഗ്യമുള്ള ഒരു കുഞ്ഞാവണം തനിയ്ക്ക് ഉണ്ടാവുന്നത് എന്നാശിക്കുന്ന അമ്മയെ കുഞ്ഞിന്റെ നിറക്കുറവിലും തൂക്കക്കുറവിലും കൊല്ലാക്കൊല ചെയ്യുന്ന ബന്ധുക്കളും നാട്ടുകാരുമുണ്ട് . പ്രസവം കഴിഞ്ഞ പാടെ അമ്മയ്ക്ക് എങ്ങനെ ഉണ്ട് എന്ന് ചോദിക്കുന്നതിനു പകരം കുഞ്ഞിന് നിറമുണ്ടോ എന്ന് നോക്കുന്ന ആളുകൾ ഉണ്ട്. അച്ഛനും അമ്മയും അവരുടെ വീട്ടുകാരും നിറം കുറഞ്ഞവർ ആയാലും കുട്ടിയ്ക് നിറം കുറഞ്ഞാൽ അമ്മയെ നോക്കി അയ്യോ കുഞ്ഞ് കറുത്ത് പോയെ എന്ന് എപ്പോഴും പറഞ്ഞു നടക്കുന്ന ഭർതൃവീട്ടുകാർ ഉണ്ട്. തൂക്കകുറവിന് ഉരമരുന്ന് മുതൽ വെണ്ണ വരെ സജസ്റ്റ് ചെയ്യുന്ന മറ്റൊരു ഗ്രൂപ്പുണ്ട്

ഇതൊക്കെ കഴിഞ്ഞ് സ്കൂളുകളിൽ എത്തുന്ന കുഞ്ഞുങ്ങളെ അവരുടെ നിറവും ആകൃതിയും അനുസരിച്ച് ട്രീറ്റ് ചെയ്യുന്ന നിലവാരമില്ലാത്ത അധ്യാപകരുണ്ട്. വെളുക്കണമെങ്കിൽ പാല് കുടിക്കണമെന്ന കളവ് പറഞ്ഞ് വെളുത്തിരിക്കുന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് ബോധമുറയ്ക്കുമ്പോൾ മനസ്സിൽ കയറി പോവുന്ന കുഞ്ഞുങ്ങൾ തങ്ങളുടെ സഹപാഠികളെ നിറത്തിന്റെ പേരിൽ വേർതിരിച്ചു കാണാറുണ്ട്. ഈ വേർതിരിവിന്റെ വിത്തുകൾ കുഞ്ഞുങ്ങളിൽ പാകുന്നതിൽ ആദ്യ പങ്ക് പലപ്പോഴും വീട്ടുകാരുടേത് തന്നെയാണ്.

മുതിർന്ന ക്ലാസുകളിലേയ്ക്ക് എത്തുമ്പോൾ തടിയനെന്നും പെൻസിലെന്നും വിളിച്ച് ഉറക്കെച്ചിരിച്ച് സഹപാഠിയുടെ ന്യൂനതകളെ മനസ്സിലാക്കാത്ത കുട്ടികളോടൊപ്പം ചിരിക്കാൻ കൂടുന്ന അധ്യാപകരുണ്ട്. ഓരോ കുട്ടിയും ഓരോ വ്യക്തിയാണെന്ന ബോധം വളർത്തി, കുട്ടികൾക്കിടയിൽ വേർതിരിവുകൾ കണക്കാക്കാതെ വളരുന്ന ഒരു സമൂഹം വളർന്നു വരണമെങ്കിൽ നമ്മൾ തിരുത്താൻ തുടങ്ങേണ്ടത് നമ്മളുടെ വീടുകളിൽ നിന്നും സ്കൂളുകളിൽ നിന്നും തന്നെയാണ്.

നമുക്ക് നിർദോഷമെന്ന് കരുതുന്ന തമാശകൾ അപ്പുറത്തുള്ള വ്യക്തിയെ വേദനിപ്പിക്കാൻ പ്രാപ്തമായ ഒന്നാണെങ്കിൽ അത് തെറ്റാണെന്ന തിരിച്ചറിവും , എല്ലാവരെയും സഹജീവികളായി കാണാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ നമ്മളാദ്യം ചെയ്യേണ്ടത് എന്താണെന്നറിയാമോ ? നമ്മൾ ഒരാളെയും വെർബൽ ഷെയിമിങ്ങ് നടത്താതെ ഇരിക്കുകയും അങ്ങനെ ചെയ്യുന്നവരെ കുട്ടികളുടെ മുന്നിൽ നിന്നും തന്നെ തിരുത്തുകയും വേണം.

ഇങ്ങനെ തിരുത്താത്ത , സ്വയം തിരുത്താൻ തയ്യാറാവാത്ത ഒരു തലമുറ ഇവിടെ വളർന്നു പോയതിന്റെ ബുദ്ധിമുട്ട് പലപ്പോഴും അനുഭവിക്കുന്നത് വിവാഹം കഴിഞ്ഞ് അത്തരം വീടുകളിൽ എത്തിപ്പെടുന്നവരാണ്. നിർഭാഗ്യവശാൽ നമ്മുടെ സാമൂഹ്യസ്ഥിതി അനുസരിച്ച് വിവാഹം കഴിഞ്ഞ് ഭർതൃ വീട്ടിൽ എത്തിപ്പെടുന്ന പെൺകുട്ടികളാണ് ഇത്തരം പീഡനങ്ങളുടെ ഇരകൾ. ഇങ്ങനെ പീഡിപ്പിച്ചു രസം കണ്ടെത്തുന്നതിൽ പലപ്പോഴും മുഖ്യ പങ്ക് വഹിക്കുന്നത് ആ വീട്ടിലെ സ്ത്രീകളും അവരോട് ചുറ്റപ്പെട്ടു കിടക്കുന്ന മറ്റു സ്ത്രീകളുമാവും

വിവാഹം കഴിഞ്ഞ് വീട്ടിലെത്തുന്ന പെൺകുട്ടി പിന്നീട് കുറച്ചു കാലത്തേയ്ക്ക് പലയിടങ്ങളിലും ചർച്ചാ വിഷയമായി മാറാറുണ്ട്. പലവട്ടം ചെക്കനും വീട്ടുകാരും പെണ്ണു കണ്ട് വന്നാലും വിവാഹം കഴിഞ്ഞാൽ വീണ്ടും അവളുടെ നിറക്കുറവും തടിയും മെലിച്ചിലും ഒക്കെ പറഞ്ഞ് അവളെ മാനസിക പീഡനം നടത്തുന്ന സൈക്കോ ഇടങ്ങളാണ് പല ഭർതൃവീടുകളും. അവളൊരു വ്യക്തിയാണെന്ന ചിന്തയില്ലാതെ അവളുടെ ശരീരം മാത്രം മുൻനിർത്തി കാലങ്ങളോളം അവളെ വിചാരണ ചെയ്യുന്നവരുണ്ട്.

ബോഡി ഷെയ്മിങ്ങിന് ഒരുദാഹരണം പങ്കുവെയ്ക്കട്ടെ. നാട്ടുകാർക്കും ബന്ധുക്കൾക്കുമിടയിൽ സംസ്കാര സമ്പന്നരായ, ഉന്നത വിദ്യാഭ്യാസമുള്ള, ഉയർന്ന ജോലിയുള്ള ഭർതൃവീട്ടുകാരുള്ള വീട്ടിൽ വിവാഹം കഴിഞ്ഞെത്തിയ മെലിഞ്ഞ പെൺകുട്ടിയെ ദിനം പ്രതി അവളുടെ മെലിച്ചിലിനെ പറ്റി പറഞ്ഞ് ഒരാളുടെ മുന്നിലും പ്രത്യക്ഷപ്പെടാൻ ആത്മവിശ്വാസമില്ലാതാക്കി ഡിപ്രഷന്റെ വക്കിലെത്തിച്ച അമ്മായിഅമ്മ ഒരധ്യാപികയായിരുന്നു. അവൾക്ക് സൗന്ദര്യമില്ലെന്നും നാട്ടുകാരോട് എന്ത് സമാധാനം പറയുമെന്നും പറഞ്ഞ് ഓരോ സെക്കന്റും അവളോട് നിന്നെ ഒന്നിനും കൊള്ളില്ല എന്നു പറഞ്ഞ ആ സ്ത്രീ ഈ പറഞ്ഞ സൗന്ദര്യ സങ്കൽപ്പങ്ങളെ ഒന്നിനെയും സാധൂകരിക്കാൻ പോന്ന ഒരുവളായിരുന്നില്ല . ഭർത്താവിന്റെ അമ്മ എന്ന സ്ഥാനം ദുരുപയോഗം ചെയ്ത് തന്റെ മുന്നിലെത്തിയ പെൺകുട്ടിയെ മകളായി കാണുന്നതിന് പകരം ശത്രുവിനെ പോലെ കണ്ട് ബോഡി ഷെയിമിങ്ങ് നടത്തി. അതും പോരാതെ പലരോടും അവളെക്കുറിച്ച് കുറ്റങ്ങളും ഇല്ലാക്കഥകളും മെനഞ്ഞുണ്ടാക്കുകയും ചെയ്തു. ഇത്തരത്തിൽ തങ്ങൾ അറിയാതെ , തങ്ങളുടേത് അല്ലാത്ത കാരണത്തിന് കുറ്റവാളികൾ ആവുന്ന പെൺകുട്ടികൾ ഒരുപാട് ഉണ്ടാവും.

തടിച്ച പെൺകുട്ടികൾ എത്തിപ്പെടുന്ന വീടുകളിലും അവസ്ഥ മറ്റൊന്നല്ല. അവളെ കണ്ടാൽ ആദ്യം ചെക്കന്റെ ചേച്ചിയാണെന്ന് തോന്നുമെന്ന് പറഞ്ഞ് ബോഡി ഷെയിമിംഗ് നടത്തുവർ ഒരു പ്രസവം കഴിഞ്ഞ് ഒരു സ്ത്രീയ്ക്ക് വരുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാതെ 'ഇപ്പോ കണ്ടാൽ അവന്റെ അമ്മയാണെന്ന് തോന്നുന്നു' എന്നു വരെ പറഞ്ഞു കളയും. ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും ഇത്തരം പെരുമാറ്റ വൈകൃതങ്ങൾക്ക് നമ്മുടെ പെൺകുഞ്ഞുങ്ങളെ ഇനിയും ബലി കൊടുത്തു കൂടാ ...ഗർഭിണി ആവാൻ ഇത്തിരി വൈകിപ്പോയാൽ കുറ്റം മുഴുവൻ അവളുടെ മേൽ അടിച്ചേൽപ്പിക്കാൻ ചിലർ മിടുക്ക് കാണിച്ചതിന്റെ ഏറ്റവും അവസാനത്തെ ഇരയാണ് ഇന്നലെ ആത്മഹത്യ ചെയ്ത പെൺകുട്ടി. വിവാഹം കഴിഞ്ഞിട്ട് വെറും പത്തു മാസത്തിൽ ഗർഭിണി ആവാൻ കഴിയാത്തതിന് ഒരു പെൺകുട്ടിയെ കൊല്ലാക്കൊല ചെയ്യുന്ന വീട്ടുകാരെ മനുഷ്യരായി കാണാൻ പറ്റുമോ? ഒന്നോർത്തു നോക്കൂ നിങ്ങളുടെ വീട്ടിലെത്തുന്ന പെൺകുട്ടികളെ അവരുടെ ശരീരം മുൻനിർത്തി മാനസിക പീഡനം നടത്തി അവരെ ആത്മഹത്യയിലേയ്ക്ക് ഉന്തിവിടാൻ ആരാണ് നിങ്ങൾക്ക് അധികാരം തന്നത്?

നമ്മുടെ വീടുകളിലെ ഗാർഹിക പീഡനങ്ങൾക്കെതിരെ നമ്മൾ തന്നെ ശബ്ദമുയർത്തിയേ പറ്റൂ. വിവാഹം കഴിഞ്ഞെത്തുന്ന പെൺകുട്ടിയെ പീഡിപ്പിക്കുന്ന ആളുകളെ തിരുത്താനും നിങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് പറയാനും ഉള്ള ചങ്കൂറ്റം വീട്ടിൽ ഉള്ള മറ്റംഗങ്ങൾ കാണിക്കാൻ തയ്യാറാവണം. സ്വന്തം സ്ഥാനം ഉറപ്പിക്കാനും മാതാപിതാക്കളുടെ മുന്നിൽ നല്ല പിള്ള ചമയാനും വേണ്ടി സ്വന്തം വ്യക്തിത്വം ഇല്ലാതാക്കരുത്. ഇനി ഇത്തരം പീഡനങ്ങൾ നടത്തുന്നവരെ നിശബ്ദമായി സപ്പോർട്ട് ചെയ്യുന്ന ബന്ധുക്കളും യഥാർത്ഥത്തിൽ ഗാർഹിക പീഡനത്തിൽ പ്രത്യക്ഷത്തിലല്ലെങ്കിലും കുറ്റക്കാരല്ലേ? നിങ്ങളുടെ അറിവിൽ ഏതെങ്കിലും ഒരു പെൺകുട്ടി ഗാർഹിക പീഡനത്തിന് ഒളിഞ്ഞോ തെളിഞ്ഞോ ഇരയാകുന്നുണ്ടെങ്കിൽ അതിന് കാരണക്കാരാവുന്നത് നിങ്ങൾക്ക് എത്ര പ്രിയപ്പെട്ട ആളാണെങ്കിലും അവരുടെ മുഖം മൂടി സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടേണ്ടതും അവരെ ഒറ്റപ്പെടുത്തേണ്ടതും നിങ്ങളുടെ കൂടി ഉത്തരവാദിത്തമല്ലേ ? എല്ലാ പീഡനങ്ങളും സഹിച്ച് നിശബ്ദരായി മരിച്ചു പോവേണ്ടവരാണോ നമ്മുടെ പെൺകുട്ടികൾ 

അഞ്ജലി ചന്ദ്രൻ