സ്വകാര്യഭൂമിയില്‍ അതിക്രമിച്ചുകയറി റോഡ് വെട്ടി; നാലുപേർ അറസ്റ്റിൽ

കൊല്ലം പട്ടാഴി വടക്കേക്കരയിൽ സ്വകാര്യഭൂമിയില്‍ അതിക്രമിച്ചുകയറി റോഡ് വെട്ടിയ കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. റോ‍ഡ് വെട്ടുന്നതിന് ഉപയോഗിച്ച മണ്ണുമാന്തി യന്ത്രങ്ങളും കസ്റ്റഡിയിലെടുത്തു. റോഡ് നിര്‍മിച്ചതില്‍ പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് പങ്കുണ്ടെന്നാണ് വെളിപ്പെടുത്തല്‍. വിഡിയോ റിപ്പോർട്ട് കാണാം. 

മഞ്ചാടിമുക്ക് എലഞ്ഞിക്കോട് സ്വദേശി ജലജാകുമാരിയുടെ ഉടമസ്ഥതയിലുളള ഭൂമിയില്‍ അന്‍പതിലധികം പേര്‍ ചേര്‍ന്ന് രാത്രിയില്‍ വഴിവെട്ടിയ കേസിലാണ് പൊലീസ് നടപടി. മണ്ണുമാന്തിയന്ത്രങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലു പേരെ അറസ്റ്റു ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ആകെയുള്ള 55 സെന്റിൽ 31 സെന്റ് സ്ഥലവും കയ്യേറി വഴി വെട്ടിയെന്നാണ് പരാതി. ആഞ്ഞിലി, പ്ളാവ് തുടങ്ങിയ മരങ്ങളും മുറിച്ചു കടത്തിയിരുന്നു. കേസില്‍ പഞ്ചായത്ത് അംഗത്തിന് പങ്കുണ്ടെന്ന് പരാതിക്കാരന്‍ പറയുന്നു. 

സ്ഥലം ഉടമയോട് റോഡ് വെട്ടിയ മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമ മാപ്പ് ചോദിച്ചു. പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെയുളളവര്‍ ആവശ്യപ്പെട്ടപ്പോള്‍ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്നും അതിക്രമിച്ച് കയറിയതാണെന്ന് അറിഞ്ഞില്ലെന്നുമാണ് ഇദ്ദേഹം പറയുന്നത്. റോഡ് വെട്ടിയതില്‍ പങ്കില്ലെന്നാണ് ആരോപണവിധേയനായ പഞ്ചായത്ത് അംഗം റെജിയുടെ വിശദീകരണം