ജോലിക്കാരെ ആവശ്യമുണ്ടെന്ന വ്യാജപരസ്യം; ആഭരണങ്ങളും പണവും കൈക്കലാക്കും; അറസ്റ്റ്

ഒഎല്‍എക്സ് മുഖേന ജോലിക്കാരെ ആവശ്യമുണ്ടെന്ന വ്യാജപരസ്യം നല്‍കി ആള്‍മാറാട്ടം നടത്തി സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കുന്ന പ്രതി അറസ്റ്റില്‍. തിരുവനന്തപുരം പള്ളിച്ചല്‍ സ്വദേശി സനിത് സതികുമാറാണ് അറസ്റ്റിലായത്.  തിരുവനന്തപുരം സൈബര്‍ ക്രൈം സ്റ്റേഷന്‍ അസിസ്റ്റന്‍ഡ് കമ്മീഷ്ണര്‍ ശ്യാംലാല്‍ ,  സിഐ  സിജു കെ എല്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള  സംഘമാണ് നിരവധി കേസുകളില്‍ പൊലീസ് തിരയുകയായിരുന്ന പ്രതിയെ അറസ്റ്റു ചെയ്തത്. വിഡിയോ റിപ്പോർട്ട് കാണാം. 

ജോലി വാഗ്ദാനം ചെയ്തു പെണ്‍കുട്ടികളുടെ രേഖകളും ഫോട്ടോയും കൈവശപ്പെടുത്തി വ്യാജ ഫോണ്‍ നമ്പരുകള്‍ ഉണ്ടാക്കി ടെലി കോളര്‍, ഓഫീസ് അസിസ്റ്റന്‍ഡ് ,ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ ജോലികള്‍ ഓഫര്‍ ചെയ്താണ് പ്രതി തട്ടിപ്പ് നടത്തിയത്. ജോലിക്ക് താല്പര്യപ്പെടുന്ന പെണ്‍കുട്ടികളില്‍ നിന്ന് പണം കൈക്കലാക്കിയാണ് തട്ടിപ്പ് . പണമില്ലാത്തവരോട് ഏജന്‍റെന്ന് വ്യാജേന പ്രതി തന്നെ സമീപിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു രീതി. ഇത്തരത്തില്‍ ജോലിക്കായി സമീപിച്ച് യുവതിയോട് ഓഫീസ് നവീകരിക്കാനെന്ന പേരില്‍ 18 പവന്‍ സ്വന്തമാക്കിയ കേസിലാണ് ഒടുവില്‍ കുടുങ്ങിയത്. 

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.  തട്ടിപ്പിനിരയാകുന്നവരുടെ തന്നെ പേരിലുള്ള മൊബൈല്‍ നമ്പരുകള്‍ ഉപയോഗിച്ചിരുന്ന പ്രതിയെ സമൂഹമാധ്യമ അക്കൗണ്ട് വഴിയാണ് സൈബര്‍ പൊലീസ് കുടുക്കിയത്. നിരവധി പെണ്‍കുട്ടികളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. 30 കാരനായ പ്രതി  സോഷ്യല്‍മീഡിയില്‍ നിന്ന് കൈക്കലാക്കിയ യുവാക്കളുടെ ഫോട്ടോ ഉപയോഗിച്ചായിരുന്നു വാട്സആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നത്.