പ്രതിദിനം 10 ലക്ഷം വരെ; ആളെ കൂട്ടാൻ വാട‌്‌സാപ് പരസ‍്യം: ‘കില്ലാഡി ദമ്പതികൾ’ തട്ടിയത് കോടികൾ

പിടിയിലായ കമാക്ഷിയും ഭർത്താവും കാർത്തികേയനും: ചിത്രം: ട്വിറ്റർ @chennaiprint.in

ചെന്നൈ: ‘‘കള്ളങ്ങളാൽ കെട്ടിപ്പൊക്കിയ സാമ്രാജ്യമായിരുന്നു കോടികളുടെ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ് തട്ടിപ്പിൽ‌ പിടിയിലായ തമിഴ്‌നാട്ടിലെ  ‘കില്ലാഡി ദമ്പതി’കളുടേത്. ആ കള്ളങ്ങൾ എല്ലാം തന്നെ വള്ളി പുള്ളി വിടാതെ ഞാൻ വിശ്വസിച്ചിരുന്നു. ഓഹരി വിപണിയിൽ ലക്ഷങ്ങൾ മുടക്കിയാൽ കോടികൾ കൊയ്യാൻ സാധിക്കുമെന്നു ഞാൻ സ്വ‌പ്‌നങ്ങൾ നെയ്‌തു. ആളുകളെ വിശ്വസിപ്പിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ അവർ നിരന്തരം പരസ്യം നൽകിയിരുന്നു. വാ‌ട്‌സാപ്പിലൂടെയുള്ള നിരവധി പരസ്യങ്ങൾ അവർ എന്നെയും കാണിച്ചിരുന്നു. തട്ടിപ്പാണെന്നു മനസ്സിലാക്കിയത് ഏറെ വൈകിയാണ്. അപ്പോഴേക്കും 16,50,000 രൂപയോളം രൂപ എനിക്കു നഷ്ടപ്പെട്ടിരുന്നു.’’ കണ്ണീരോടെ തമിഴ്നാട് ചെങ്കൽപട്ട് സ്വദേശി ശിവശങ്കരി പറയുന്നു.

ശിവശങ്കരിയുടെ ഇടപെടലാണ് തമിഴ്‌നാടിനെ പിടിച്ചു കുലുക്കിയ 5 കോടിയുടെ  സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ് തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്. ‘കില്ലാഡി ദമ്പതികൾ’ എന്ന പേരിൽ ഇടപാടുകാർക്കിടയിൽ അറിയപ്പെട്ടിരുന്ന കാമാക്ഷിയെയും കാർത്തികേയനെയും ശിവശങ്കരിയുടെ പരാതിയിൽ ഏതാനും ദിവസങ്ങൾക്കു മുൻപാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. ചെങ്കൽപട്ട് ജില്ലയിലെ റെയിൽവേ നഗർ ഏഴാം സ്ട്രീറ്റിൽ ശിവശങ്കരിയുടെ വീടിന് എതിർവശത്തായി ‘കില്ലാഡി ദമ്പതികൾ’ കുടുംബത്തോടൊപ്പം വീടെടുത്ത് താമസിച്ചിരുന്നു. 

‘‘സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങാണ് ജോലിയെന്നാണു ദമ്പതികൾ എല്ലാവരോടും പറഞ്ഞിരുന്നത്. ഓഹരികളിലെ ഓൺലൈൻ വ്യാപാരത്തിൽ സജീവമായി പങ്കെടുക്കാൻ അവർ നിരവധിയാളുകളെ പ്രേരിപ്പിച്ചിരുന്നു. ഓഹരി വിപണികളിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാൻ സഹായിക്കാമെന്നു പലതവണ വാഗ്‌ദാനം ചെയ്തിരുന്നു. സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാൻ മൂലധനം ആവശ്യമാണെന്നും ഒരു നല്ല തുക തുടക്കത്തിൽ മുടക്കിയാൽ പ്രതിദിനം നേട്ടം കൊയ്യാമെന്നും അവർ എന്നോടു പറഞ്ഞിരുന്നു. കാമാക്ഷിയുടെ സഹോദരൻ  ഭദ്രകാളിമുത്തു, ഭര്‍തൃപിതാവ്‌ ജഗനാഥൻ, അമ്മായിയമ്മ മഹേശ്വരി, കുടുംബസുഹൃത്ത് വിഘ്‌നേശ്വരൻ, ഭാര്യ ഭുവനേശ്വരി എന്നിവർ കൂടെ കൂടെ വീട്ടിൽ വന്ന്  അവരുടെ വിജയ കഥകൾ ഞങ്ങളോട് പറയുമായിരുന്നു. പ്രതിദിനം 5 ലക്ഷം മുതൽ 10 ലക്ഷം വരെ വിപണിയിൽ നിന്ന് ലഭിക്കുമെന്നു അവർ ഞങ്ങളെ നിഷ്പ്രയാസം വിശ്വസിപ്പിച്ചു. വാട്‌സാപ്പിലൂടെയുള്ള നിരവധി പരസ്യങ്ങളായിരുന്നു അവരുടെ തുറുപ്പ് ചീട്ട്. നിരവധിയാളുകൾ അവർക്കു പണം നൽകിയിരുന്നു. അവരുടെ വിലാസവും അവർ തട്ടിപ്പിനായി ഉപയോഗിച്ചു. ’’

2021  ഓഗസ്റ്റ് ഏഴിന് ഭർത്താവിന്റെയും ഭർതൃ പിതാവിന്റെയും തന്റെയും നിക്ഷേപത്തിൽ നിന്ന് പിൻവലിച്ചതും സുഹൃത്തുക്കളിൽ നിന്ന് മൂന്ന് ഗഡുക്കളായി കടമെടുത്ത പണവും ഉൾപ്പെടെ 16,50,000 രൂപ കാമാക്ഷി, അവരുടെ കുടുംബ സുഹൃത്തും ബിസിനസ് പങ്കാളിയുമായ വിഘ്‌നേശ്വരൻ എന്നിവരുടെ അക്കൗണ്ടുകളിലേക്ക് കൈമാറി. പണം തിരിച്ചു വേണമെങ്കിൽ ഒരു മാസം മുൻപ് മാത്രം പറഞ്ഞാൽ മതിയെന്നും പത്ത് ശതമാനം ലാഭവിഹിതം അധികമായി നൽകുമെന്നും പ്രതികൾ പറഞ്ഞതായും ശിവശങ്കരി പറയുന്നു. 

പണം നിക്ഷേപിച്ചതിനു ശേഷമുള്ള മാസം ഇൻസെന്റീവ് ഇനത്തിൽ 50,000 രൂപ മാത്രമാണ് നൽകിയത്. പിന്നീട് പണമൊന്നും നൽകിയില്ല. ചോദിച്ചപ്പോൾ ആദായ നികുതിയുമായി ബന്ധപ്പെട്ട് പ്രശ്‍നങ്ങൾ ഉണ്ടെന്ന് പറഞ്ഞു. സംശയം തോന്നിയപ്പോൾ പണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. പണം തിരികെ നൽകാമെന്നാണ് ‘കില്ലാഡി ദമ്പതികൾ’ പറഞ്ഞതെന്നും  ശിവശങ്കരി പറയുന്നു. അവർ നൽകിയ രേഖകളിലും ചെക്കിലും ഐക്കോട് മഹാരാജൻ എന്നാണ് എഴുതിയിരുന്നത്. അങ്ങനെയൊരാളെ എനിക്ക് അറിയില്ലായിരുന്നു. നിക്ഷേപകരിൽ നിന്ന് സമാഹരിക്കുന്ന പണം ദമ്പതികൾ തങ്ങളുടെയും കൂട്ടാളികളുടെയും പേരിൽ നിക്ഷേപിക്കുകയായിരുന്നു. ചെക്ക് മടങ്ങിയതോടെയാണ് തട്ടിപ്പിനിരയായെന്നു മനസ്സിലായെന്നും ശിവശങ്കരി പറയുന്നു.

അവർ നൽകിയ വിലാസം വ്യാജമായിരുന്നു. ഏറെ നാളായി വിലാസത്തിലുള്ള വീട് പൂട്ടിക്കിടക്കുകയായിരുന്നു. താൻ പണത്തിനായി അവിടെ ചെല്ലുമ്പോൾ നിരവധിയാളുകൾ പണത്തിനായി അവിടെ കാത്തുനിൽക്കുന്നു‌ണ്ടായിരുന്നു. മക്കളുടെ വിഭ്യാഭ്യാസത്തിനും വിവാഹത്തിനുമായി കരുതിയ പണം നിക്ഷേപിച്ചവരും, കൂലി പണിയെടുക്കുന്നവരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നതായും ശിവശങ്കരി പറയുന്നു.

ജൂലൈ 23 ന് ശിവശങ്കരിയുടെ പരാതിയിലാണ് താംബരം പൊലീസ് കേസെടുക്കുന്നത്. കഴിഞ്ഞ ദിവസം ‘കില്ലാഡി ദമ്പതികളെ’ പൊലീസ് പിടികൂടുകയും ചെയ്‌തു. പിന്നാലെ വിഘ്‌നേശ്വരനും പിടിയിലായി. നൂറുകണക്കിന് ആളുകളാണ് ദമ്പതികളുടെ തട്ടിപ്പിനിരയായതെന്നും 5 കോടിയോളം രൂപ തട്ടിയെടുത്തതായും താംബരം പൊലീസ് അറിയിച്ചു. ഇവരുടെ കൂട്ടാളികളായ ഐക്കോട് മഹാരാജൻ, ഭദ്രകാളിമുത്തു, ഭുവനേശ്വരി, മഹേശ്വരി, ജഗനാഥൻ എന്നിവർക്കെതിരെ തിരച്ചിൽ ശക്തമാക്കിയതായും  താംബരം പോലീസ് പറഞ്ഞു.