പ്രായമായ ലോട്ടറി ഏജന്റുമാരെ സമീപിക്കും; ലോട്ടറി നമ്പര്‍ തിരുത്തി പണം തട്ടും; അറസ്റ്റ്

ഇടുക്കി അടിമാലിയില്‍ ലോട്ടറി നമ്പര്‍ തിരുത്തി പണം തട്ടിയയാള്‍ പൊലീസ് പിടിയില്‍. വണ്ണപ്പുറം സ്വദേശി ജയഘോഷിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായംചെന്ന ലോട്ടറി ഏജന്റുമാരെ നമ്പര്‍ തിരുത്തിയ ലോട്ടറി കാണിച്ച് കബളിപ്പിച്ചാണ് പ്രതി പണം തട്ടിയത്. വിഡിയോ റിപ്പോർട്ട് കാണാം. 

പൊരിവെയിലത്ത് നടന്ന് ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന ഈ പാവങ്ങളെ പറ്റിച്ചാണ് നാല്‍പത്തിരണ്ടുകാരനായ ജയഘോഷ് പണം തട്ടിയത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന 453432 എന്ന ടിക്കറ്റിലെ 4 എന്ന അക്കം തിരുത്തി 1 ആക്കിയാണ് തട്ടിപ്പ് നടത്തിയത്. 5000 രൂപ സമ്മാനം അടിച്ചെന്ന് പറഞ്ഞ് അറുപത്തിമൂന്നുകാരിയായ ഏജന്റ് സാറാമ്മ ബേബിയെ സമീപിച്ച പ്രതി 3000 രൂപയും 2000 രൂപയുടെ പുതിയ ടിക്കറ്റും തട്ടിയെടുത്തു.

കല്ലാറില്‍ വച്ച് ലോട്ടറി ഏജന്റായ ശ്രീകുമാറില്‍ നിന്നും, ആനച്ചാലില്‍ വച്ച് മോളി എന്ന ഏജന്റില്‍ നിന്നും പ്രതി പണം തട്ടിയെടുത്തിരുന്നു. ടിക്കറ്റുമായി മൊത്ത വ്യാപാരിയുടെ അടുത്ത് എത്തിയപ്പോഴാണ് ഇവര്‍ തട്ടിപ്പ് മനസ്സിലാക്കിയത്. സമാന തട്ടിപ്പുകള്‍ ഇതിന് മുന്‍പ് നടത്തിയതിന് വിവിധ സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ കേസ് ഉള്ളതായി പൊലീസ് പറഞ്ഞു.