കള്ള് ഷാപ്പായി മാറി പൊലിസ് സ്റ്റേഷൻ; കൗതുകകാഴ്ച കമ്പംമേട്ടിൽ

പഴയ ലോക്കപ്പിലിരുന്ന് ഇന്ന് കള്ളുകുടിക്കാൻ സാധിക്കുന്നുവെങ്കിൽ അതൊരു കൗതുകമാണ്. അത്തരമൊരു കാഴ്ചയാണ് കമ്പംമെട്ടിലെ പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനുള്ളത്. രണ്ടര പതിറ്റാണ്ടോളം പൊലീസ് സ്റ്റേഷനായിരുന്ന കെട്ടിടം ഇപ്പോൾ ഒരു കള്ള് ഷാപ്പാണ്.

പഴയ കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെ ഇടിമുറി.... രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം കഥ മാറി..... പണ്ട് ഇതേ മുറിയിൽ ഇട്ട് ഇടി വാങ്ങിച്ചവരൊക്കെ അവിടിരുന്ന് കള്ളു കുടിക്കുന്ന കാഴ്ച........

1997 ൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന വ്യാജമദ്യം കഴിച്ച് പൊലീസുകാരൻ മരിച്ച നാണക്കേടിന്റെ കഥ കൂടിയുണ്ട് പഴയ കമ്പംമെട്ട് സ്റ്റേഷന് എ.എസ്.ഐ അടക്കം മൂന്നു പൊലീസുകാർ ആശുപത്രിയിലുമായി.. 1980ൽ ടി കെ രാമകൃഷ്ണൻ ആഭ്യന്തരമന്ത്രി ആയിരുന്നപ്പോഴാണ് കേരള തമിഴ്നാട് അതിർത്തിയിൽ ഒരു പൊലീസ് സ്റ്റേഷൻ അനുവദിച്ചത്. ഒരു എസ് ഐയും നാല് പോലീസുകാരും . നിക്കർ പൊലീസിന്റെ കാലം. കൽക്കുമ്മായം തേച്ച് ഓടുമേഞ്ഞ ഏക കെട്ടിടമായിരുന്നു അന്ന് ഈ പൊലീസ് സ്റ്റേഷൻ. രാജകീയ പ്രൗഢിയിൽ തന്നെ രണ്ടര പതിറ്റാണ്ട് ആ പൊലീസ് സ്റ്റേഷൻ കമ്പംമെട്ടിൽ ഉണ്ടായിരുന്നു. അതിനു ശേഷം പുതിയ കെട്ടിടം പണിതതോടെ പൊലീസ് സ്റ്റേഷന്റെ ബോർഡ് മാറി കള്ള് ഷാപ്പ് എന്ന ബോർഡ് ഇടംപിടിച്ചു.