പൊലീസിന്റെ സ്നിഫർ ഡോഗിനെക്കണ്ട് പേടിച്ചോടി നദിയിൽ ചാടി; കർഷകനെ കാണാതായി

വ്യാജമദ്യ റെയിഡിനെത്തിയ പൊലീസിന്റെ സ്നിഫർ നായയെക്കണ്ട് ഓടിയ ഗ്രാമീണൻ പുഴയിൽ ചാടി. ബിഹാർ കാഖരിയ ചില്ലയിലെ കർഷകനായ ഈശ്വർ യാദവിനാണ് അത്യാഹിതം സംഭവിച്ചത്. മദ്യ റെയ്ഡ് നടക്കുന്നതിനിടെ പൊലീസ് നായ കൃഷിഭൂമിയിൽ ജോലി ചെയ്യുകയായിരുന്ന തന്റെ പിതാവിന് നേരെ ഓടിയടുക്കുകയായിരുന്നുവെന്ന് ഈശ്വർ യാദവിന്റെ മകൻ പറയുന്നു. ഇതുകണ്ട് പേടിച്ചോടി നദിയിലേക്ക് ചാടിയ ഈശ്വർ യാദവിനെ കാണാതാവുകയായിരുന്നു. പൊലീസ് തന്റെ അച്ഛനെ കൊന്നുവെന്നും മകൻ ആരോപിക്കുന്നു.

അതേസമയം കർഷകന്റെ മകന്റെ ആരോപണം എസ് പി അമിതേഷ് കുമാർ നിഷേധിച്ചു.പൊലീസ് ഡിപ്പാർട്ട്മെന്റിന് ജില്ലയിൽ സ്നിഫർ ഡോഗ് ഇല്ലെന്നും പ്രസ്തുത ദിവസം മദ്യ റെയ്ഡ് നടന്നിട്ടില്ല എന്നുമാണ് പൊലീസിന്റെ വാദം. ഗ്രാമവാസിയുടെ തിരോധനത്തിന്റെ പേരിൽ പൊലീസിനെ അനാവശ്യമായി കുറ്റപ്പടുത്തുകയാണെന്നും എസ് പി പറഞ്ഞു.