പുഴയിൽ വീണ് മരണം; പൊലീസിന് വീഴ്ചയില്ല; നേരിട്ടെത്തി വിശദീകരിച്ച് എസ്പി

കൊല്ലം കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷന് സമീപം കല്ലടയാറ്റില്‍ മരിച്ച കടയ്ക്കല്‍ സ്വദേശി അരവിന്ദിന്റെ മരണത്തില്‍ പൊലീസിന് വീഴ്ചയില്ലെന്ന് റൂറല്‍ എസ്പി. പൊലീസിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മരിച്ച അരവിന്ദിന്റെ വീട്ടിലെത്തിയാണ് പൊലീസ് മേധാവി വിശദീകരണം നല്‍കിയത്.

കൊല്ലം റൂറല്‍ എസ്പി കെബി രവിയാണ് കടയ്ക്കല്‍ ഐരകുഴിയിലെ അരവിന്ദിന്റെ വീട്ടില്‍ എത്തിയത്. മകന്റെ മരണത്തിന് കാരണം പൊലീസിന്റെ അനാസ്ഥയാണെന്നാരോപിച്ച് അരവിന്ദിന്റെ മാതാപിതാക്കള്‍ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. ഇതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു എസ്പിയുടെ സന്ദര്‍ശന ഉദ്ദേശം. കഴിഞ്ഞ മൂന്നിന് അര്‍ധരാത്രിയില്‍ സംശയാസ്പദമായി കണ്ടപ്പോള്‍ അരവിന്ദിനെ കുളത്തൂപ്പുഴ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് വരുക മാത്രമാണ് ചെയ്തതെന്നും കുറ്റവാളി അല്ലാത്തതിനാല്‍ സ്റ്റേഷനുളളിലേക്ക് കയറ്റിയിരുന്നില്ലെന്നും എസ്പി മാതാപിതാക്കളോട് പറഞ്ഞു. വീട്ടുകാരെ വിവരം അറിയിച്ച് കൈമാറാനിരിക്കെയാണ് അരവിന്ദ് സ്്റ്റേഷനു മുന്നില്‍ നിന്ന് രക്ഷപെട്ടത്. പൊലീസിന് വീഴ്ചയുണ്ടായിട്ടില്ല- എസ്പി വിശദീകരിച്ചു 

വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിയ അരവിന്ദ് തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു ശ്രമിച്ചത്. കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ പോകാനായില്ല. ബൈക്കില്‍ തിരികെവരുമ്പോഴാണ് കുളത്തൂപ്പുഴ പൊലീസ് കണ്ടതും സ്റ്റേഷനിലെത്തിച്ചതും. വീട്ടുകാര്‍ക്ക് കൈമാറുമെന്നായപ്പോള്‍ രക്ഷപെടും വഴി പുഴയില്‍ വീണ് മരിച്ചെന്നാണ് നിഗമനം.